കൊച്ചി: ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി തര്‍ക്കവും തുടര്‍ന്നുണ്ടായ സൈനിക നടപടികളുടെയും പശ്ചാത്തലത്തില്‍ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ചൈനീസ് ഉടമസ്ഥതയിലുള്ള 59 ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തിയത്.നിരോധിക്കപ്പെട്ട ആപ്പുകളുടെ കൂട്ടത്തില്‍ കേരളത്തില്‍ ഏറെ ജനപ്രീതി നേടിയ ഹ്രസ്വ വീഡിയോ ആപ്പ് ടിക് ടോക്കുമുണ്ട് .
വലിയ വീഡിയോകളും, ഫയലുകളും പെട്ടന്ന് കൈമാറാന്‍ ഉപകരിക്കുന്ന എക്സ്സെന്റര്‍ ,ഷെയര്‍ഇറ്റ് ആപ്പുകള്‍, വെബ് ബ്രൗസര്‍ ആപ് ആയ യുസി ബ്രൌസര്‍ , ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ഷെയ്ന്‍ , ഫോണിലെ ഉപയോഗശൂന്യമായ ഫയലുകളും ആപ്പുകളും ഒഴിവാക്കാന്‍ സഹായിക്കുന്ന ക്ലീന്‍ മാസ്റ്റര്‍ തുടങ്ങി ഫോണില്‍ സ്ഥിരം സാന്നിധ്യമായ ധാരാളം ആപ്പുകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.ഇവയ്ക്ക് പകരം വയ്ക്കാവുന്ന ചില ഇന്ത്യന്‍ ആപ്പുകളെ പരിചയപ്പെടാം.
മിത്രോം
ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ആയ ബൈറ്റ്ഡന്‍സ് ആണ് ടിക് ടോക് ആപ്പിന്റെ ഉടമകള്‍. ഇതാണ് ടിക് ടോക് നിരോധനത്തിന്റെ കാരണവും.സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിഗോ ലൈവ് ,വീഗൊ വീഡിയോ , വിമേയ്റ്റ് , ക്വയ് ആപ്പുകള്‍ക്കും നിരോധനമുണ്ട്.ഈ ആപ്പുകള്‍ക്ക് ധാരാളം ഇന്ത്യന്‍ എതിരാളികളുണ്ട്. ടിക് ടോക്കിനുള്ള ഇന്ത്യന്‍ ബദല്‍ എന്ന് ഏറ്റവും പ്രചാരം ലഭിച്ച ആപ്പ് ആണ് മിത്രോം ആപ്പ്. ടിക് ടോക്കിന് സമാനമായ വീഡിയോ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ക്യാമറ ഡിസൈന്‍ എന്നിവയാണ് മിത്രോം ആപ്പിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നത്.
ചിങ്കാരി
ടിക് ടോക്കിനുള്ള മറ്റൊരു ബദലാണ് ചിങ്കാരി ആപ്പ്. 2018 നവംബര്‍ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണെങ്കിലും കഴിഞ്ഞ 15 ദിവസം കൊണ്ട് 10 ലക്ഷത്തിലധികം പേരാണ് ചിങ്കാരി ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ 9 പ്രാദേശിക ഭാഷകളില്‍ ചിങ്കാരി ആപ് ഉപയോഗിക്കാം.
ഫയല്‍സ് ബൈ ഗൂഗിള്‍
ബ്ലൂടൂത്ത് മുഖേന ഏറെ സമയമെടുത്ത് വലിയ വീഡിയോകളും, ഫയലുകളും കൈമാറിയിരുന്ന സമയത്ത് എത്തിയതാണ് എക്സ്സെന്റര്‍, ഷെയര്‍ഇറ്റ് ആപ്പുകള്‍ നിമിഷ നേരം കൊണ്ട് വമ്പന്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്നുള്ളത് ഈ അപ്പുകള്‍ക്ക് ഏറെ ജനപ്രീതി നല്‍കി. ഈ ആപ്പുകള്‍ നിരോധിച്ചു എന്നും കരുതി ബ്ലൂടൂത്ത് കാലത്തേക്ക് തിരിച്ചു പോകേണ്ടതില്ല. ഫയല്‍സ് ബൈ ഗൂഗിള്‍ ആണ് ഏറ്റവും പ്രചാരമുള്ള എതിരാളി.ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ ഫയല്‍സ് ബൈ ഗൂഗിളിന് പ്രവര്‍ത്തിക്കാം.ഇന്ത്യന്‍ ആപ്പ് ആയ ഷെയര്‍ ഓള്‍,സെന്റ് എനിവെയര്‍ തുടങ്ങിയ ആപ്പുകളും ഫയല്‍ ഷെയറിങ്ങിനായി ഉപയോഗിക്കാം.
ഗൂഗിളിന്റെ ക്രോം,മോസില്ല ഫയര്‍ഫോക്‌സ്
മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഏറെ പ്രചാരം നേടിയ ഒന്നാണ് യുസി ബ്രൗസര്‍.ഗൂഗിളിന്റെ ക്രോം,മോസില്ല ഫയര്‍ഫോക്‌സ് എന്നിവയാണ് ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്റര്‍നെറ്റ് ബ്രൗസറുകള്‍.
ജിയോബ്രൗസര്‍
ഇനി ഇന്ത്യന്‍ ബ്രൗസര്‍ തന്നെ ഉപയോഗിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ ജിയോബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാം.
അഡോബ് സ്‌കാന്‍
സര്‍ട്ടിഫിക്കറ്റുകളടക്കം പല പ്രധാന രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കാന്‍ പലരും ആശ്രയിച്ചിരുന്നത് ക്യാംസ്‌കാനര്‍ ആപ്പ് ആയിരുന്നു.ക്യാംസ്‌കാനറിന് പകരക്കാരനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആപ്പ് ആണ് അഡോബ് സ്‌കാന്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |