തിരുവനന്തപുരം: ഡോ. രവികുമാറിന് രോഗീപരിചരണം ഒരു ജോലിയല്ല. സമർപ്പിത സേവനമാണ്. കൊവിഡ് കാലമായതോടെ പ്രതിവാരഅവധിയും ഒഴിവാക്കി. പകലും രാത്രിയും കൊവിഡ് വാർഡിൽ അദ്ദേഹത്തിന്റെ കണ്ണുണ്ടാവും. തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവിയായ ഡോ.രവികുമാർ കുറിപ്പ് എല്ലാ കൊവിഡ് രോഗികളെയും നേരിൽകണ്ട് പരിചരിക്കുന്നു.
ഉറക്കമില്ലാതെ പരിചരണത്തിൽ മുഴുകിയതോടെ പതിവായി കഴിക്കുന്ന മരുന്നുപോലും മറന്നു. അതുമൂലം ഒരുമാസം മുമ്പ് ഡ്യൂട്ടിക്കിടെ അപസ്മാരം വന്ന് കുഴഞ്ഞുവീണു. പക്ഷേ, സേവനവീര്യം നിലച്ചില്ല. കൊവിഡ് ഭീതിയിലേക്ക് കേരളം എത്തിയതുമുതൽ സർക്കാരിന്റെ നയരൂപീകരണത്തിലും പ്രതിരോധപ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. രോഗം സംശയിച്ച് എത്തുന്നവരെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടാതെ ആത്മബലം പകരുന്ന മാന്ത്രികവിദ്യയും രവികുമാറിന് സ്വന്തം. കൊവിഡ് വാർഡിലെത്തുന്ന എല്ലാവരെയും ഏകോപനച്ചുമതലയുള്ള ഡോക്ടർ കണ്ടിരിക്കണമെന്നില്ല. എന്നാൽ, രവികുമാർ നേരിട്ടെത്തും. വിശേഷങ്ങൾ ചോദിച്ചറിയും. പുലർച്ചെ മൂന്നുമണിക്ക് വിളിച്ചാലും സഹായവുമായി രവികുമാർ ഒപ്പമുണ്ടാകുമെന്ന് പി.ജി ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.
സമൂഹവ്യാപനം തടഞ്ഞ നിഗമനം
പോത്തൻകോട് സ്വദേശി അബ്‌ദുൾ അസീസിന്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാനായത് ഡോ.രവികുമാറിന്റെ അസാധാരണമായ ഇടപെടൽകൊണ്ടാണ്. തലസ്ഥാനത്തെ ആദ്യ കൊവിഡ് മരണമായിരുന്നു അത്. 23നാണ് പനിയും മറ്റ് ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. രണ്ടുവട്ടം കൊവിഡ് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. അസീസിന്റെ സി.ടി സ്കാൻ ഫലത്തിൽ അസാധാരണമായൊന്നുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ പൊതുനിരീക്ഷണം. 28ന് സി.ടി ഫലം രവികുമാർ ഒന്നുനോക്കി. അതിൽ കൊവിഡ് ലക്ഷണം മണത്തതോടെ വീണ്ടും പരിശോധനയ്ക്ക് നിർദ്ദേശിച്ചു. ഒരുതവണ നെഗറ്റീവാകുകയും തുടർപരിശോധനയിൽ അത് ഉറപ്പിക്കുകയും ചെയ്താൽ പിന്നെ പരിശോധന വേണ്ടെന്നിരിക്കെയാണിത്. തലച്ചോറിൽ ഇരുമ്പിന്റെ അംശം കണ്ടതോടെയാണ് വൈറസിന്റെ സംശയം ബലപ്പെട്ടത്. മൂന്നാമത്തെ ആ ഫലം 29 ന് വന്നപ്പോൾ പോസിറ്റീവ്. 31ന് രോഗി മരിച്ചു. കൊവിഡ് എന്നറിയാതെയാണ് തുടർകർമ്മങ്ങളെങ്കിൽ വലിയൊരു സമൂഹവ്യാപനത്തിലേക്ക് തലസ്ഥാനം വീണുപോകുമായിരുന്നു.
പത്താം ക്ലാസിൽ ഒന്നാം റാങ്ക്
1974ൽ മോഡൽ സ്കൂളിൽ നിന്ന് പത്താംക്ലാസിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ രവികുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. 37വർഷത്തെ സേവനം പൂർത്തിയാക്കി അടുത്തവർഷം മേയ് 31ന് വിരമിക്കും. ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ.നായരാണ് ഭാര്യ. ഏകമകൾ മെഡിസിൻ വിദ്യാർത്ഥിനി ഗൗരിദേവികുറുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |