പതിനെട്ടാമത് സമാധിവാർഷികത്തിൽസ്വാമി ശാശ്വതികാനന്ദയെ സ്മരിക്കുമ്പോൾ
അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സ്വാമി ശാശ്വതികാനന്ദ. അസാമാന്യമായ പ്രതിഭാവിലാസം - , ജനങ്ങളെ ഉദ്‌ബുദ്ധരാക്കാൻ കഴിയുന്ന പ്രഭാഷണ ചാതുരി, ലളിതവും ആകർഷകവുമായ പെരുമാറ്റം - ശാശ്വതികാനന്ദസ്വാമിയെക്കുറിച്ച് മനസിൽ തെളിയുന്ന ചിത്രമിതാണ്. അടുത്തിടപെടാൻ അവസരം ലഭിച്ചവർക്കെല്ലാം വാത്സല്യനിർഭരമായ ആ സ്നേഹവായ്‌പ് മറക്കാൻ കഴിയില്ല.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്ന ബ്രഹ്മചാരി ശശിധരനാണ് 1977ൽ സന്ന്യാസദീക്ഷ സ്വീകരിച്ച് സ്വാമി ശാശ്വതികാനന്ദയായിത്തീർന്നത്. സന്ന്യാസം ജന്മസിദ്ധമായ വാസനയായിരുന്നു. ചെറുപ്പത്തിൽത്തന്നെ ആത്മീയകാര്യങ്ങളിൽ തല്‌പരനായിരുന്നു. ഹിമാലയമായിരുന്നു ലക്ഷ്യം. കരതലത്തിൽ ഭിക്ഷ സ്വീകരിച്ചും വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചും ഒരു പൈസ പോലും കൈയിൽ സൂക്ഷിക്കാതെ തികച്ചും നിസ്വനായി ദാനമായി കിട്ടിയ ഭക്ഷണം കൊണ്ട് വിശപ്പടക്കി കഴിഞ്ഞ തീർത്ഥാടക കാലത്തെ അലൗകികാനുഭവങ്ങൾ സ്വാമി രേഖപ്പെടുത്തിയിട്ടുണ്ട്.
തപോനിഷ്ഠയിലൂടെ സ്ഫുടം ചെയ്തെടുത്ത മനസോടെ ബ്രഹ്മവിദ്യയുടെ പ്രായോഗിക പാഠമായ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെ പാത ദൃഢമാക്കിക്കൊണ്ടാണ് സന്യാസസംഘത്തിന്റെ നേതൃനിരയിലേക്കെത്തുന്നത്. മുപ്പത്തിമൂന്നാമത്തെ വയസിൽ ശ്രീനാരായണ ധർമ്മസംഘത്തിന്റെ പ്രസിഡന്റാവാൻ ഇന്നേവരെ ഒരു സന്യാസിക്കേ കഴിഞ്ഞിട്ടുള്ളൂ - സ്വാമി ശാശ്വതികാനന്ദയ്ക്ക് മാത്രം.
ശ്രീനാരായണ ധർമ്മത്തിന്റെ ശക്തിയും സൗന്ദര്യവും ജനഹൃദയങ്ങളിൽ പ്രസരിപ്പിക്കാൻ അസാധാരണമായ കർമ്മവൈഭവത്തോടെ യത്നിച്ചുകൊണ്ടേയിരുന്നു. പൂജയിലൂടെയും പ്രാർത്ഥനയിലൂടെയും സർവദാ ധ്യാനനിരതനനായി കഴിയുന്ന ആത്മീയമാർഗമല്ല ജനങ്ങൾക്ക് ആശ്വാസമരുളിക്കൊണ്ട് ജനങ്ങളോടൊപ്പം ജീവിക്കുന്ന കർമ്മനിരതമായ സന്ന്യാസ മാർഗമാണ് സ്വാമി സ്വീകരിച്ചത്. സാധാരണക്കാരുടെ നിഷ്കളങ്കമായ ഹൃദയത്തിലാണ് ഗുരുദേവൻ സത്യദീപം തെളിയിച്ചിരിക്കുന്നതെന്ന വാക്കുകൾ ആലോചനാമൃതമാണ്. പാണ്ഡിത്യ ഗർവുള്ളവർക്ക് വഴിതെറ്റുമ്പോഴും സാധാരണക്കാർ നേർവഴി നടക്കുമെന്ന് ആക്ഷേപഹാസ്യത്തിന്റെ ഭാഷയിൽ പറഞ്ഞിട്ടുമുണ്ട്.
ശിവഗിരിക്ക് മുകളിൽ വർഗീയ അധീശത്വത്തിന്റെ പിടി മുറുകരുതെന്ന ഉലയാത്ത നിലപാട് ഗുരുദർശനത്തിന്റെ ചരിത്രപരവും ദാർശനികവുമായ പ്രസക്തിയെ നശിപ്പിക്കാനുള്ള കുത്സിത നീക്കങ്ങൾക്കെതിരായ താക്കീതും മുന്നറിയിപ്പുമായി മാറി.
ശ്രീനാരായണ ധർമ്മത്തിൽ കുടികൊള്ളുന്ന രക്ഷാമാർഗങ്ങളെ നിരന്തരം ഒാർമ്മിച്ചുകൊണ്ട് മതാതീത ആത്മീയതയുടെ വക്താവും പ്രചാരകനുമായി നമ്മുടെ സാമൂഹിക-സാംസ്കാരിക ആത്മീയ അന്തരീക്ഷത്തിൽ സ്വാമി നക്ഷത്രം പോലെ തിളങ്ങിനിന്നു. മതേതരത്വത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള ഒരിക്കലും നിലയ്ക്കാത്ത ശബ്ദമാണ് സ്വാമി ശാശ്വതികാനന്ദയിൽ നിന്ന് കേരളം ശ്രവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |