ലോക് ഡൗൺ കാലത്ത് നോവൽ എഴുത്തും ചിത്ര രചനയുമായിഷീല സജീവം
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ.ഷീലയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.സത്യനും പ്രേംനസീറും നിറഞ്ഞു നിന്നപ്പോഴാണ് ഷീലയുടെ പിന്നാലെ ഡേറ്റിന് നിർമ്മാതാക്കൾ പരക്കം പാഞ്ഞത്.നായകൻ പ്രേംനസീറെങ്കിൽ നായികയായി ഷീല വേണം.എന്നാലേ പ്രേക്ഷകർ കൂട്ടത്തോടെ തിയേറ്ററിലേക്ക് വരുമായിരുന്നുള്ളു.അതു കൊണ്ട് തന്നെയാണ് നൂറിലധികം ചിത്രങ്ങളിൽ ഷീല പ്രേംനസീറിന്റെ നായികയായത്.അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയിലെ വിജയഘടകങ്ങളിലൊന്നായിരുന്നു ഷീല.ടൈറ്റിൽ റോളുകളിൽ പോലും പ്രത്യക്ഷപ്പെട്ടു.ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം മനസിനക്കരെയിലൂടെ മടങ്ങിയെത്തിയപ്പോഴും ഷീലയായിരുന്നു താരം.ഒടുവിൽ ജെ.സി.ഡാനിയേൽ പുരസ്കാരവും തേടി എത്തി. ലോക് ഡൗൺ കാലത്തും ഷീല തന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ലോക് ഡൗൺ കാലം എങ്ങനെ ചെലവഴിച്ചു?
കുയിലിന്റെ കൂട് നോവലിനുശേഷം എഴുതുന്ന കഥ പൂർത്തിയായി. നാലുവർഷം മുൻപ് എഴുതി തുടങ്ങിയതാണ്. പൂർത്തിയായത് രണ്ടു ദിവസം മുൻപ്. വീണ്ടും എഴുതി തുടങ്ങിയപ്പോൾ എഴുത്തിനോട് ഇഷ്ടം കൂടി. ദിവസം ഒരു മണിക്കൂർ എഴുതാറുണ്ട്. നല്ല മൂഡാണെങ്കിൽ ഒരുപാട് സമയം എഴുത്തിന് മാറ്റിവയ്ക്കും. മട്ടുപ്പാവിൽ ഊഞ്ഞാലുണ്ട്. അവിടത്തെ പെന്റ് ഹൗസിലിരുന്നാണ് എഴുത്ത്. വായനയ്ക്കും ഇഷ്ടം പോലെ സമയം ലഭിക്കുന്നു. യു ടൂബ് കുറെ കാര്യം പഠിപ്പിച്ചു.മൈക്കൽ ജാക്സണിന്റെ ജീവിത കഥ വായിച്ചു. ഒരുപാട് നാളത്തെ ആ ആഗ്രഹം സാധിച്ചതും ഇപ്പോൾ. ഉച്ചയ്ക്ക് മട്ടുപ്പാവിൽ പക്ഷികൾ വരും. ധാന്യങ്ങളും വെള്ളവും കൊടുക്കാൻ പാത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അവർക്ക് തീറ്റ കൊടുക്കും. ശബ്ദം ഉണ്ടാക്കി അവർ എന്റെ പിന്നാലെ കൂടും. ചെന്നൈയിൽ ഇത്രയും പക്ഷികളുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. നേരത്തേ കാക്കയുടെയും കുയിലിന്റെയും ശബ്ദം മാത്രമേ കേട്ടിട്ടുള്ളൂ. പക്ഷികളുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്. ആ ശബ്ദം വീണ്ടും കേട്ടു തുടങ്ങി. പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് നന്മനിറഞ്ഞ ജോലിയായി കരുതുന്നു. മുൻപ് അവർ തീറ്റ തേടി പോവുമായിരുന്നു. ഇപ്പോൾ ആരെങ്കിലും കൊടുത്താൽ മാത്രമേ അവർക്ക് ജീവിക്കാൻ കഴിയൂ. ലോക് ഡൗൺ കാലം സ്ത്രീകൾക്ക് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ല. എന്നാൽ ആണുങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തതിന്റെ ആകുലതയുണ്ട് . കുട്ടികളും 25 വയസ് വരെയുള്ള യുവാക്കളുമാണ് വീട്ടിലിരിക്കുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പെൺകുട്ടികൾക്ക് കൂട്ടുകാരികളോട് ഫോണിൽ സംസാരിക്കാം. എന്നാൽ ആൺകുട്ടികൾ കൂട്ടുകാരെ കാണാൻ പുറത്തുപോവുന്നവരാണ് .ഞാനും എന്റെ സഹോദരിയും ഒരു മണിക്കൂർ നേരം ഇപ്പോൾ ഫോണിൽ സംസാരിക്കുന്നു. അത് പുതിയ ശീലം.ബന്ധങ്ങൾ വീണ്ടും വീണ്ടും ഊട്ടിഉറപ്പിക്കുന്ന കാലം കൂടിയാണ്.
ജെ.സി.ഡാനിയേൽ പുരസ്കാരം കിട്ടാൻ വൈകിയോ?
പുരസ്കാരം കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു. എല്ലാവരോടും നന്ദിയുണ്ട്. ഇത്രയും വലിയ പുരസ്കാരം ലഭിക്കാൻ വൈകിപ്പോയോ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ഏറ്റവും അർഹമായ സമയത്തു തന്നെയാണ് ലഭിച്ചതെന്ന് തോന്നുന്നു.
സിനിമയിലെത്തുന്നതിന് മുൻപത്തെ ജീവിത സാഹചര്യം എങ്ങനെയായിരുന്നു ?
വളരെ മെച്ചപ്പെട്ട ജീവിതാവസ്ഥയായിരുന്നു. ദാരിദ്ര്യം കാരണമാണ് ഞാൻ സിനിമയിൽ വന്നതെന്ന് പല മാദ്ധ്യമങ്ങളും എഴുതിയിട്ടുണ്ട്. തെറ്റായ കാര്യമാണത് . അച്ഛൻ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു. എനിക്ക് പന്ത്രണ്ടു വയസുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതിന് ശേഷം റെയിൽവേയിൽ നിന്ന് നല്ലൊരു തുക പ്രോവിഡന്റ് ഫണ്ടായി ഞങ്ങൾക്ക് ലഭിച്ചിരുന്നു. ആ തുക അച്ഛന്റെ സഹോദരൻ മാസം ചെറിയ തുകയായി തരാമെന്ന് പറഞ്ഞു ഞങ്ങളിൽ നിന്ന് വാങ്ങി. ആദ്യത്തെ കുറച്ചു മാസങ്ങളിൽ കൃത്യമായി ലഭിച്ചു. പിന്നീട് ഞങ്ങൾക്ക് കാശ് തന്നില്ല. ആ സമയത്തു ഞാനും അമ്മയും സഹോദരിമാരുമെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി. അച്ഛന്റെ സഹോദരൻ ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ് കാശ് ചെലവഴിച്ചതെന്നു പിന്നീട് അറിഞ്ഞു. ആറു മാസത്തോളം ഞങ്ങൾ കടുത്ത സമ്മർദ്ദത്തിലായി. ഞങ്ങൾ പത്തുപേരായിരുന്നു മക്കൾ. സാമ്പത്തികമായി നന്നേ ബുദ്ധിമുട്ടി. ആ സമയത്താണ് ഞാൻ നാടകത്തിലഭിനയിക്കാൻ പോയത്. ഒറ്റ നാടകത്തിലെ ഞാൻ അഭിനയിച്ചിട്ടുള്ളൂ. ആ നാടകം കണ്ടിട്ടാണ് എനിക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. എം.ജി. ആറും എം.ആർ. രാധയും സരോജ ദേവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പാസം സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്.
മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കാത്തതിൽ വിഷമമുണ്ടോ ?
അങ്ങനെയൊരു ഭാഗ്യം എനിക്കില്ലാതെപോയി. അതിന്റെ പിറകെ നടന്നു പി.ആർ ജോലി ചെയ്യാനൊന്നും താത്പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയ ഇടപെടൽ നടത്തി അവാർഡ് തരപ്പെടുത്താനൊന്നും എനിക്ക് ആരുമില്ലായിരുന്നുവെന്ന് പറയാം.സഹനടിക്കുള്ള അവാർഡ് കിട്ടിയതാണ് ഏക ആശ്വാസം.
രണ്ടു കാലഘട്ടങ്ങളിലെ സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ.എന്തെങ്കിലും വ്യത്യാസമുണ്ടോ?
കാലത്തിന്റെ മാറ്റമാണ് പ്രധാന വ്യത്യാസമായി തോന്നിയിട്ടുള്ളത്. എന്റെ കൂടെ അഭിനയിച്ച എല്ലാവരും വളരെ സ്നേഹത്തോടെയും എളിമയോടെയുമാണ് പെരുമാറിയിട്ടുള്ളത്. മോഹൻലാലിന്റെ കുസൃതി നിറഞ്ഞ ചിരിയും ഇടതു തോൾ ചരിഞ്ഞുള്ള നടത്തവും കാണുമ്പോൾ നസീർ സാറിനെ ഓർമ്മവരും. മമ്മൂട്ടിയുടെ ആ തലയെടുപ്പും ഗൗരവം കലർന്ന സംസാര ശൈലിയും സത്യൻ സാറിനെ ഓർമ്മിപ്പിക്കും. അവരെല്ലാവരും എന്നോട് വളരെ സ്നേഹത്തോടെ തന്നെയാണ് പെരുമാറിയിട്ടുള്ളത്. മമ്മൂട്ടിയുടെ തസ്കരവീരനിലും മോഹൻലാലിന്റെ സ്നേഹവീടിലും അഭിനയിച്ചു.
നാലാമത്തെ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് കേട്ടു ?
വൈകാതെ നടക്കുമെന്ന് വിശ്വസിക്കാം. താരങ്ങളുടെ ഡേറ്റ് കിട്ടുന്നതാണല്ലോ പ്രധാനം. അടുത്ത വർഷം സെപ്തബറിലാണ് ഒരു താരത്തിന്റെ ഡേറ്റ് കിട്ടിയിട്ടുള്ളത് . ആരാണ് ആ താരമെന്ന് ഇപ്പോൾ പറയുന്നില്ല. മലയാള സിനിമയിൽ വളരെ തിരക്കുള്ള ഒരാളാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ പറയാത്ത ഒരു കഥയാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഇത്രയും വലിയ താരത്തെ തന്നെ നായകനാക്കുന്നത്. യക്ഷഗാനം, ശിഖരങ്ങൾ എന്നിവ മലയാളത്തിലും ഒരു ചിത്രം കന്നടയിലും സംവിധാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |