കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച സി.ബി.എസ്.ഇ, ഐ.സി.എസ്.സി, ഐ.എസ്.സി 10,12 ക്ലാസ് പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമാണ്. റദ്ദാക്കപ്പെട്ട പരീക്ഷകളുടെ ഗ്രേഡ് നിർണയത്തിന് സി.ബി.എസ്.ഇ സ്വീകരിക്കുകയും, സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്ത പുതിയ ഫോർമുലയാവട്ടെ, മറ്റേത് ഫോർമുലയെക്കാളും കുറ്റമറ്റതും. മാറ്റിവച്ച പരീക്ഷകൾ ഉടനെ നടത്താനുള്ള സ്ഥിതിയിലല്ല രാജ്യം. അഞ്ച് ലക്ഷത്തിലേറെ കൊവിഡ് രോഗികളിൽ 85 ശതമാനവും മഹാരാഷ്ട്രയും, ഡൽഹിയും,തമിഴ്നാടുമടക്കം എട്ട് സംസ്ഥാനങ്ങളിൽ. രാജ്യത്തെ 87 ശതമാനം മരണവും ഈ സംസ്ഥാനങ്ങളിലാണ്.
അതേസമയം, എഴുതിയ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ എഴുതാത്ത പരീക്ഷകളുടെ ഗ്രേഡ് നിർണയം ഉപരിപഠന സാദ്ധ്യതകളെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു. പ്രത്യേകിച്ച്, മാർക്ക് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളിൽ.
പുതിയ ഗ്രേഡ് നിർണയം :
*മുഴുവൻ പരീക്ഷകളും പൂർത്തിയാക്കിയ പത്ത്,പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം അത് പ്രകാരം
*മൂന്നിലേറെ പരീക്ഷകൾ എഴുതിയവർക്ക്, ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി മാർക്കെടുത്ത്, എഴുതാത്ത പരീക്ഷകൾക്ക് ഗ്രേഡ്
*മൂന്ന് വിഷയം എഴുതിയവർക്ക് മികച്ച സ്കോർ ലഭിച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്കിൽ, എഴുതാത്ത വിഷയങ്ങൾക്ക് ഗ്രേഡ്
*ഒന്നോ,രണ്ടോ പരീക്ഷ മാത്രം എഴുതിയവർക്ക് അതിലെ മാർക്കും,സ്കൂളിലെ ഇന്റേണൽ -പ്രാക്ടിക്കൽ-പ്രോജക്ട് അസൈൻമെന്റ് എന്നിവയിലെ പ്രകടനവും ..
* കുട്ടികൾക്ക് ആവശ്യമെങ്കിൽ പിന്നീട് നടത്തുന്ന ഒാപ്ഷണൽ പരീക്ഷയെഴുതി സ്കോർ മെച്ചപ്പെടുത്താം. ആ പരീക്ഷയിലെ മാർക്കാവും അന്തിമം.
* ഒരു പരീക്ഷയും എഴുതാത്തവരുടെ സ്കൂൾതലത്തിലെ മൂന്ന് പ്രധാന പരീക്ഷകളിലെയും, ഇന്റേണൽ -പ്രാക്ടിക്കൽ-പ്രോജക്ട് അസൈൻമെന്റിലെയും മാർക്കിന്റെ ശരാശരി.
ആശ്വാസം കേരളത്തിലെ
കുട്ടികൾക്ക് ഉൾപ്പെടെ
* കേരളത്തിൽ ഉൾപ്പെടെ മിക്കവാറും എല്ലാ ബോർഡ് പരീക്ഷകളും എഴുതിക്കഴിഞ്ഞവർക്ക് ഗ്രേഡ് നിർണയത്തിനും , ഉപരിപഠന പ്രവേശനത്തിലും ആശങ്ക വേണ്ട. ലഭിച്ച മാർക്കിലും ഗ്രേഡിലും മാറ്റമില്ല
*സംസ്ഥാനത്ത് സി.ബി.എസ്.ഇ, ഐ.സി.എസ്.സി പത്താംക്ലാസ് പരീക്ഷകളും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് സയൻസ് വിഭാഗത്തിലെ പരീക്ഷകളും ഏതാണ്ട് പൂർത്തിയായി. പ്ലസ് വൺ,ഡിഗ്രി പ്രവേശനം തുടങ്ങുമ്പോൾ തന്നെ അപേക്ഷിക്കാം.
*കൊമേഴ്സ്, ഹ്യുമാനിറ്റീസ് - രണ്ട് പരീക്ഷകൾ ബാക്കിയുണ്ടെങ്കിലും മെയിൻ വിഷയങ്ങളുടെ പരീക്ഷകൾ കഴിഞ്ഞു.
* മെഡിക്കൽ,എൻജിനിയറിംഗ് ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനും തടസമില്ല
* പ്ലസ് ടുവിന് സംസ്ഥാനത്ത് മൂന്നിൽ കൂടുതൽ വിഷയങ്ങളുടെ പരീക്ഷ കഴിഞ്ഞതിനാൽ, ബാക്കി ഒന്നോ,രണ്ടോ വിഷയങ്ങൾക്ക് ശരാശരി മാർക്കെടുക്കുന്നതിൽ കാര്യമായ പ്രശ്നം വരില്ല
ആശങ്കകൾ
*എല്ലാ വിഷയങ്ങളിലും പരീക്ഷയെഴുതി മാർക്കും ഗ്രേഡും ലഭിക്കുന്നത്ര മെച്ചമല്ല, എഴുതിയ വിഷയങ്ങളിൽ കിട്ടിയ മാർക്ക് അടിസ്ഥാനമാക്കി എഴുതാത്ത വിഷയങ്ങളുടെ മാർക്ക് കണക്കാക്കുന്നത്.
*സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഹോം സയൻസ്,ഹിന്ദി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്,ബിസിനസ് സ്റ്റഡീസ് , ബയോ ടെക്നോളജി, ജ്യോഗ്രഫി, സോഷ്യോളജി, മലയാളം പരീക്ഷകൾ റദ്ദാക്കപ്പെട്ടു. ഈ വിഷയങ്ങളിൽ ഉയർന്ന മാർക്ക് പ്രതീക്ഷിച്ചിരുന്നവർക്ക് പുതിയ ഗ്രേഡ് ഗുണകരമാവില്ല.
*റദ്ദാക്കപ്പട്ട ചില പരീക്ഷകളുടെ വിഷയങ്ങൾ ലളിതം .കൂടുതൽ മാർക്ക് നേടാൻ സാദ്ധ്യതയുള്ളതും. കോമേഴ്സിലെ ബിസിനസ് സ്റ്റഡീസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസ് എന്നിവ ഉദാഹരണം. വിശേഷിച്ച്,നേരത്തേ നടന്നുകഴിഞ്ഞ ഇക്കണോമിക്സ്,അക്കൗണ്ടൻസി,ഇംഗ്ലീഷ് പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ.
*മുൻ വർഷങ്ങളിൽ എല്ലാ പരീക്ഷകളും എഴുതി ജയിച്ചവരും ,ഇത്തവണ ഊഹക്കണക്കിലൂടെ ജയിച്ചവരും ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് മത്സരിക്കുമ്പോൾ,ആർക്കാവും കൂടുതൽ ഗുണം?.
*എൻ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക്, പന്ത്രണ്ടാം ക്ലാസിൽ 75 ശതമാനം മാർക്കോ, ഉയർന്ന 20 ശതമാനത്തിൽപ്പെടുകയോ വേണം. ജെ.ഇ.ഇ മെയിനിൽ മികവ് നേടിയാലേ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതി ഐ.ഐ.ടി പ്രവേശനം നേടാനാവൂ.
*ബി.ആർക്,ബി പ്ലാനിംഗ് പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസിലെ ആകെ മാർക്കും പരിഗണിക്കുന്നതും പ്രശ്നം.
* പന്ത്രണ്ടാം ക്ളാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സർവകലാശാലകളിൽ ബിരുദ പ്രവേശനം. ഇഷ്ടപ്പെട്ട വിഷയങ്ങൾ ലഭിക്കുന്നതിലും പ്രശ്നം .
* ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിൽ റദ്ദാക്കിയ പരീക്ഷകളിൽ ബയോളജിയും ബിസിനസ് സ്റ്റഡീസും . ദേശീയതലത്തിൽ ശാസ്ത്ര പഠനസ്ഥാപനങ്ങളിലെയും മറ്റും പ്രവേശന പരീക്ഷകൾക്ക് ബയോളജി മാർക്ക് മാനദണ്ഡം. പുതിയ ഗ്രേഡ് വരുമ്പോൾ, ലഭിക്കുമായിരുന്ന ഏതാനും പോയിന്റുകൾക്കെങ്കിലും ചിലർ പിന്തള്ളപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |