തിരുവനന്തപുരം : കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആന്റിജൻ പരിശോധന ആരംഭിക്കുന്നു. ഇതിനുള്ള മാർഗനിർദ്ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആളുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന. മൂന്ന് വിഭാഗങ്ങളിൽ നിന്നും നിശ്ചിതക്രമത്തിലല്ലാതെ സാമ്പിൾ ശേഖരിക്കും.
വിമാനങ്ങളിൽ എത്തുന്നവരാണ് ഒന്നാമത്തെ വിഭാഗം. സെന്റിനൽ സർവ്വേയുടെ ഭാഗമായി സാമൂഹ്യ സമ്പർക്കം കൂടുതലുള്ള ആളുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ വിഭാഗം. ശ്വാസകോശ രോഗികൾ, ആരോഗ്യപ്രവർത്തകർ, കുടിയേറ്റ തൊഴിലാളികൾ, റേഷൻവ്യാപാരികൾ, മാദ്ധ്യമപ്രവർത്തകർ, പൊലീസുകാർ, ചുമട്ടുത്തൊഴിലാളികൾ, എന്നിവർ ഇതിൽ ഉൾപ്പെടും. കണ്ടെയിൻമെന്റ് സോണിലുള്ള സമൂഹ്യ സമ്പർക്കം കൂടുതലുള്ള ആളുകളാണ് മൂന്നാമത്തെ വിഭാഗം.
രോഗലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയാൽ സ്ഥിരീകരണ പരിശോധന വേണ്ട. രോഗലക്ഷണം ഇല്ലാത്തവർ പോസിറ്റീവ് ആയാൽ പി.സി.ആർ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കും. 50,000 ആന്റിജൻ കിറ്റുകൾ വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ നിർദേശം നൽകിയിരുന്നു.
പരിശോധന ഇങ്ങനെ
അണുബാധയുണ്ടായി ഇരുപത്തിനാല് മണിക്കൂറിന് ശേഷം ആൻറിജന്റെ സാന്നിദ്ധ്യം കണ്ടെത്താനാകും. വായിലെയും മൂക്കിലെയ സ്രവമാണ് പരിശോധിക്കുന്നത്. പരമാവധി 30 മിനിട്ടിൽ ഫലം അറിയാം. ആന്റിബോഡി ടെസ്റ്റുകൾ നടക്കുന്നുണ്ടെങ്കിലും വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഏഴ് ദിവസത്തിന് ശേഷമാണ് ആന്റിബോഡി അറിയാൻ സാധിക്കുന്നത്. ഈ കുറവ് പരിഹരിക്കാനാണ് പുതിയ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |