തിരുവനന്തപുരം: കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തിന്റെ ബഹുജനാടിത്തറ യു.ഡി.എഫിലാണെന്നും ജോസ് വിഭാഗത്തിന്റെ സഹായമില്ലാതെ എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. അത് നശിപ്പിക്കാതിരുന്നാൽ മതി.
നേതാക്കൾ മുന്നണി വിട്ടതുകൊണ്ട് ആളുകൾ മാറണമെന്നില്ല. വലിയ ശക്തിയുള്ള കടലിലെ വെള്ളത്തിനെ ബക്കറ്റിൽ കോരി വച്ചാൽ അങ്ങനെ ഉണ്ടാകണമെന്നില്ലെന്ന്, പിണറായി വിജയന്റെ പഴയ പരാമർശം ഓർമ്മിപ്പിക്കുകയും ചെയ്തു.
പാലായിലെ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ബഹുജനപിന്തുണ തെളിയിച്ചത് തങ്ങൾ മനസ്സിലാക്കിയതാണ്. സി.പി.എം- സി.പി.ഐ തർക്കമായി ഇത് വളരില്ല. എൽ.ഡി.എഫ് വിഷയം ചർച്ച ചെയ്യുമ്പോൾ നിലപാട് പറയും. ജോസിന്റെ പാർട്ടിയെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടിട്ടേയുള്ളൂ. സ്കൂളിൽ നിന്ന് പറഞ്ഞുവിട്ടിട്ടില്ല. കമ്പൽസറി ടി.സിയുമായി വന്നാൽ ഇവിടെ പ്രവേശിപ്പിക്കണമെന്നില്ല. യു.ഡി.എഫിൽ തർക്കമുണ്ടായാൽ മദ്ധ്യ തിരുവിതാംകൂറിൽ 20 സീറ്റുകൾ എൽ.ഡി.എഫ് നേടും. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് രണ്ടായാണ് മത്സരിക്കുന്നതെങ്കിൽ ഇടതുപക്ഷം മദ്ധ്യതിരുവിതാംകൂർ തൂത്തുവാരും. സി.പി.എമ്മിന് ആ രാഷ്ട്രീയം മനസ്സിലാകുമെന്നാണ് വിശ്വാസം.
മുൻ നിലപാട് മാറ്റേണ്ട സാഹചര്യമില്ല
കേരളകോൺഗ്രസ്- മാണി വിഭാഗത്തോട് മുമ്പ് സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോൾ ഉള്ളതായി തോന്നുന്നില്ലെന്ന് കാനം രാജേന്ദ്രൻ കൗമുദി ടി.വി സ്ട്രെയിറ്റ്ലൈൻ അഭിമുഖ പരിപാടിയിൽ വ്യക്തമാക്കി. ഒരു പാർട്ടിയെയും ഇടതു മുന്നണിയിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. ജോസ് വിഭാഗം പിളരുന്നതിലൂടെ എൽ.ഡി.എഫിനാണ് ഗുണമുണ്ടാകുന്നത്. അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അവർക്ക് ഏറ്റവും സ്വാധീനമുള്ളതായി പറയപ്പെടുന്ന കോട്ടയത്തു പോലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം 90000 വോട്ടായിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഈ വിഭാഗത്തെ ഇടതുമുന്നണിയോട് ചേർക്കണമെന്ന് പറഞ്ഞപ്പോൾ സി.പി.ഐ നിലപാട് വ്യക്തമാക്കിയതാണ് .അന്ന് അവരുടെ പിന്തുണയില്ലാതെ സജി ചെറിയാൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇന്ന് ഇടതു മുന്നണി നല്ല അവസ്ഥയിലാണ്. ഒരു ക്ഷീണവുമില്ല .ക്ഷീണമുണ്ടെങ്കിലല്ലേ ബോൺവിറ്റ കുടിക്കേണ്ടതുള്ളുവെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |