കമ്പ്യൂട്ടറിനെ എതിർത്തവർ കാലം കഴിഞ്ഞപ്പോൾ പരിഹാസ്യരായത് നമ്മൾ ജനങ്ങൾ കണ്ടതാണ്. ഇ - മൊബി
ലിറ്റി പദ്ധതിയെ എതിർക്കുന്നവർക്കും ഇതേ അവസ്ഥ വരാതിരിക്കില്ല. കാരണം ഭാവിയിലെ വാഹനങ്ങൾ അതാണ്. ഇന്ധന വില വർദ്ധനവിനെതിരെ വിലപിക്കുന്നവർ തന്നെയാണ് വെെദ്യുത വാഹന പദ്ധതിയെ എതിർക്കുന്നത് എന്നതാണ് വിരോധാഭാസം.പദ്ധതിയെ ഇവിടെ എതിർക്കുന്നത് പ്രതിപക്ഷമാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും യാഥാർത്ഥ്യം അതല്ല. വൈദ്യുത വാഹനങ്ങൾ വരുമ്പോൾ ആർക്കാണോ നഷ്ടം സംഭവിക്കുന്നത് അവരാണ് യഥാർത്ഥത്തിൽ പിന്നിൽ നിൽക്കുക. അവരെ ആർക്കും കാണാൻ കഴിയില്ല. കാരണം അവർ അദൃശ്യരാണ്. സ്വകാര്യ ചരക്ക് വാഹനങ്ങൾ എല്ലാം ഇപ്പോൾ ഡീസൽ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഇത്തരം മാറ്റങ്ങൾ വരുമ്പോൾ അവരുടെ കുത്തക തകരും. അതിനാൽ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം പരമാവധി തടസപ്പെടുത്താൻ സംസ്ഥാനാന്തര ബന്ധവും സ്വാധീനവുമുള്ള ഡീസൽ ലോബി പരമാവധി ശ്രമിക്കും. പക്ഷേ ഇത്തരക്കാർ ഒരിക്കലും അരങ്ങിൽ വന്നു നിന്ന് ഒന്നിനെയും എതിർക്കില്ല. കാരണം അവർ കച്ചവടക്കാരാണെന്നും അവരുടെ വാദങ്ങൾ ലാഭം സംരക്ഷിക്കാനാണെന്നും അല്ലാതെ ജനക്ഷേമത്തിനു വേണ്ടിയല്ലെന്നും അരിയാഹാരം കഴിക്കുന്ന ആരും തിരിച്ചറിയും. അതിനാലാണ് അവർ മുന്നിൽ വരാത്തത്.
മൂവായിരം ഇലക്ട്രിക് ബസുകൾ ഇറക്കാനുള്ള പദ്ധതി കേരളത്തിൽ തുടങ്ങിയിട്ടില്ല. അതിന് മുമ്പേ അതിൽ അഴിമതി ആരോപിച്ച് കേരളത്തിലെ പ്രതിപക്ഷവും വികസന സ്നേഹം അഭിനയിച്ചുകൊണ്ട് വികസനം ഫലത്തിൽ തടയുന്ന കേന്ദ്രങ്ങളും സടകുടഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഇവരെല്ലാം എന്നും ഒറ്റക്കെട്ടാണ്. ഏതു പദ്ധതിയെയും അഴിമതി, അഴിമതി എന്ന് വിളിച്ച് കൂവി തടയുന്നതാണ് ഇവരുടെ സ്ഥിരം സടകുടയൽ പരിപാടി. അതിലൂടെ കേരളത്തിനുണ്ടായ പലതരത്തിലുള്ള നഷ്ടം എത്ര കോടിയുടേതാണെന്ന് ജനങ്ങൾ ചിന്തിക്കണം. ദേശീയ ഗ്യാസ് ലൈൻ പദ്ധതി ഇവർ തടഞ്ഞു. ദേശീയ പാതാ വികസനം തടഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ഇതൊക്കെ പൂർത്തിയാക്കി. അവർ ഒന്നാന്തരം റോഡിലൂടെ സഞ്ചരിക്കുന്നു. ഇവിടെ കാലഹരണപ്പെട്ട കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പഴഞ്ചൻ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ച് നാട്ടുകാരുടെ നട്ടെല്ല് തകരുകയും കഴുത്ത് വേദനിപ്പിക്കുന്ന സ്പോണ്ടിലൈറ്റിസ് രോഗവും ഉണ്ടാകുകയും ചെയ്യുന്നു. നല്ല ഷോക്സ് അബ്‌സോർബറുള്ള വില കൂടിയ കാറിലാണ് ഇതിനെ എതിർക്കുന്നവർ എപ്പോഴും സഞ്ചരിക്കുന്നത്. സാധാരണക്കാരന്റെ അജ്ഞത മുതലെടുത്ത് അവനെ പറ്റിക്കുക എന്ന ഈ പഴഞ്ചൻ മുറ എന്നാണാവോ ഇവർ അവസാനിക്കുക.
കേരളത്തിൽ സ്വിസ് കമ്പനിയുമായി ചേർന്ന് 3000 ഇലക്ട്രിക്കൽ ബസുകൾ ഇറക്കാനുള്ളതാണ് പദ്ധതി. ഇതിന്റെ ധാരണാപത്രം പോലും ഒപ്പിട്ടിട്ടില്ല. അതിന് മുമ്പാണ് അഴിമതിയുടെ ശംഖ് വിളി മുഴങ്ങിയത് എന്ന് ഓർക്കണം. ജനിച്ച നാട്ടിന്റെ വികസനത്തിൽ താത്‌പര്യമുള്ള കോഴിക്കോട്ടുകാരിയും ഇപ്പോൾ സ്വിറ്റ്‌സർലന്റിലെ ലെജിസ്ളേറ്റീവ് അസംബ്ളിയിൽ അംഗവുമായ സൂസൺ തോമസ് എന്ന വനിതയാണ് ഈ പദ്ധതി നിർദ്ദേശവുമായി സർക്കാരിനെ സമീപിച്ചത്. കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് മുഖേനയാവും പദ്ധതി നടപ്പാക്കുക. സർക്കാരിന്റെയും ഹെസ് എന്ന സ്വിസ് കമ്പനിയുടെയും സംയുക്ത സംരംഭമായിരിക്കും ഇത്. വിദേശ കമ്പനിക്ക് 51 ശതമാനം നിക്ഷേപം ഉണ്ടായിരിക്കും. വിദേശ നിക്ഷേപങ്ങൾ വരാതെ ഒരു നാടുംവളരില്ല. 92-ലെ നരസിംഹറാവു സർക്കാരാണ് വിദേശ കമ്പനികൾക്ക് 51 ശതമാനം നിക്ഷേപം ആവാമെന്ന വ്യവസ്ഥ ആദ്യമായി കൊണ്ടുവന്നത്. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഒച്ചിഴയുന്ന പോലെ വളർന്ന രാജ്യത്തെ മാറ്റിയെടുക്കാനാണ് ഈ നിയമം പാസാക്കിയത്. ഇ - മൊബിലിറ്റി കമ്പനിയിൽ 49 ശതമാനം ഓഹരി കേരള സർക്കാരിന്റേതാവും. കൊച്ചിയിലെ തേവരയിൽ ബസ് ബോഡി അസംബ്ളി യൂണിറ്റ് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ഇതിന് 100 ഏക്കർ സ്ഥലം സർക്കാർ നൽകണം. ഇതൊക്കെ സർക്കാരിന്റെ ഓഹരിയായി മാറും. ഇവിടെ ജോലി കിട്ടുന്നത് സ്വിറ്റ്‌സർലന്റുകാർക്കല്ല. കേരളത്തിലെ ചെറുപ്പക്കാർക്കാണ്. ഭാവിയിലെ അവരുടെ തൊഴിൽ സാദ്ധ്യത കൂടിയാണ് ഇതിൽ അഴിമതി ആരോപിച്ചുള്ള വിവാദം ഇല്ലാതാക്കുന്നത്. ഇത് നടന്നാൽ സർക്കാർ മേഖലയിൽ വൈദ്യുത വാഹനങ്ങൾ നിർമ്മിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഇതുവരെ സ്വകാര്യ വാഹന കമ്പനികൾ മാത്രമാണ് ഇലക്ട്രിക് വാഹന നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
അഴിമതി ആരോപിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. കരിമ്പട്ടികയിലുള്ള കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകി എന്നതാണ് ഒന്നാമത്തെ ആരോപണം. ധനകാര്യ വകുപ്പ് പദ്ധതിയെ എതിർത്തു എന്നതാണ് രണ്ടാമത്തെ ആരോപണം.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ കൺസൾട്ടൻസി കമ്പനിക്ക് സെബിയുടെ വിലക്കില്ല. അവരുടെ തന്നെ ഓഡിറ്റ് കമ്പനിക്കാണ് വിലക്കുള്ളത്. മാത്രമല്ല ഈ കൺസൾട്ടൻസി കമ്പനിയെ കേന്ദ്രം എംപാനൽ ചെയ്തിട്ടുള്ളതുമാണ്. അതിനാൽ പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാപരമായി നിലനിൽക്കില്ല. ധനകാര്യ വകുപ്പ് ഏത് ഫയൽ മുന്നിൽ വന്നാലും ചോദ്യങ്ങൾ ചോദിക്കും. അതിനെ പദ്ധതിയെ എതിർത്തതായി ചിത്രീകരിക്കുന്നത് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ മാത്രമുള്ള ശ്രമമായി മാത്രമേ കാണാൻ കഴിയൂ. മുൻ ചീഫ് സെക്രട്ടറി ടോം ജോസും പദ്ധതിയെ എതിർത്തിരുന്നതായി വാർത്ത വന്നിരുന്നു. ഉദ്യോഗസ്ഥന്മാരല്ല ഇവിടെ പദ്ധതി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. രാഷ്ട്രീയ നേതൃത്വമാണ് അത് തീരുമാനിക്കുന്നത്. അത് നടപ്പാക്കേണ്ട ചുമതലയേ ഉദ്യോഗസ്ഥന്മാർക്കുള്ളൂ.
ഈ പദ്ധതി നടപ്പായാൽ വർഷം 500 കോടി നഷ്ടം വരുമെന്നും വാർത്തകൾ കണ്ടിരുന്നു. ഇതൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നത്തിലെ ഭാവനയനുസരിച്ച് നടത്തുന്ന കണക്കുകളാണ്. ഇന്ത്യ 4ജിയിലേക്ക് മാറുന്നത് വൈകിപ്പിച്ചത് ഊതിപ്പെരുപ്പിച്ച കണക്കുകൾ നിരത്തിയ സ്‌പെക്ട്രം കേസുകളാണ്. പദ്ധതികൾ തടസപ്പെടുത്തുന്നതിന്റെ പിന്നിൽ നിൽക്കുന്നവർക്ക് പല ലക്ഷ്യങ്ങളുമുണ്ട്. പൊതുതാത്‌പര്യവും നാടിന്റെ ഭാവിയും മുൻനിറുത്തി ഇടതുമുന്നണി സർക്കാർ ഇ - മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോവുക തന്നെ വേണം. ഉച്ചിയ്ക്ക് കൈവയ്ക്കുന്നതിന് മുമ്പ് ഉദകക്രിയയ്ക്ക് തയ്യാറെടുക്കുന്നവരെ വൈകാതെ ജനങ്ങൾ മനസിലാക്കിക്കൊള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |