കൊച്ചി : സിനിമാ മേഖലയിൽ കൂടിവരുന്ന ചൂഷണങ്ങൾക്ക് തടയിടാൻ കർശന നടപടിയുമായി സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടി ഷംനാകാസിമിനെ ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘടന കൂടുതൽ നടപടികൾ ഏർപ്പെടുത്തുന്നത്.
കാസ്റ്റിംഗ് ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ ഇനിമുതൽ ഫെഫ്കയിൽ രജിസ്റ്റർ ചെയ്യണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ പൂർണവിവരങ്ങൾ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ, അമ്മ, ഡയറക്ടേഴ്സ് യൂണിയൻ, തുടങ്ങിയ സംഘടനകൾക്ക് കൈമാറും. രജിസ്റ്റർ ചെയ്യാത്തവരെ ഒരുകാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കില്ല. കാസ്റ്റിംഗ് ഡയറക്ടർമാരെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ പരാതിപ്പെടാനും സൗകര്യമൊരുക്കും. ഇതിനായി ടോൾഫ്രീ നമ്പരും ഉണ്ടാവും.
അപരിചിതർക്ക് ഒരു കാരണവശാലും താരങ്ങളുടെ ഫോൺ നമ്പർ നൽകരുതെന്ന് അഗങ്ങൾക്ക് കർശന നിർദ്ദേശവും ഫെഫ്ക നൽകിയിട്ടുണ്ട്. നമ്പർ നൽകിയതുസംബന്ധിച്ച് പരാതി ഉണ്ടെങ്കിലും ഈ ഫോൺ നമ്പരിൽ വിളിച്ചറിയിക്കാം. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷൻ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്തയച്ചിട്ടുണ്ട്.
കാസ്റ്റിംഗുമായ് ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കി ബോധവത്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിർമ്മിക്കുന്നുണ്ട്. യുവ താരം അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത് ജോമോൻ ടി ജോൺ ആണ് . ഫെഫ്കയുടെ യൂട്യൂബ് ചാനൽ വഴിയാകും പുതിയ ചിത്രവും എത്തുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സിനിമയിൽ അവസരം നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ആളുകളെ പലവിധത്തിൽ ചൂഷണം ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണല്ലോ.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ ഓർമ്മപ്പെടുത്തി. പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് casting- മായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാവുന്നതാണ് .+91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ് . ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിർമ്മിക്കുന്നുണ്ട്. പ്രശസ്‌ത യുവ അഭിനേത്രി അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ ജോമോൻ ടി ജോൺ ആണ് . കോവിഡ് 19 ന്റെ വ്യാപനം തടയാൻ ഫെഫ്ക നിർമ്മിച്ച 9 ബോധവൽക്കരണ ഹ്രസ്വ ചിത്രങ്ങളേയും ആവേശപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക് മുമ്പിലേക്ക് ഫെഫ്കയുടെ യൂട്യൂബ് ചാനൽ വഴി തന്നെയാകും പുതിയ ചിത്രവും എത്തുക . ഒപ്പം, casting agency/ casting directors നുമായി ഫെഫ്ക പ്രത്യേക രജിസ്റ്റ്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നു. ഫെഫ്കയി രജിസ്റ്റർ ചെയ്യപ്പെട്ട casting agencies/ directors-ന്റെ പൂർണ്ണവിവരങ്ങൾ പ്രൊഡ്യുസേർസ്സ് അസ്സോസിയേഷൻ, അമ്മ, ഡയറക്റ്റേർസ്സ് യൂണിയൻ, പ്രൊഡക്ഷൻ എക്സിക്യുറ്റൈവ്സ് യൂണിയൻ എന്നീ സംഘടനകൾക്ക് കൈമാറും. Audition/ Casting എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചൂഷണങ്ങൾക്ക് വലിയ തോതിൽ തടയിടാൻ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ് ഫെഫ്ക കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |