കേരള സൈഗാൾ എന്ന പേരിലുണ്ടായിരുന്നു മലയാളത്തിന് പാപ്പുക്കുട്ടി ഭാഗവതരോടുള്ള കടപ്പാട് മുഴുവൻ. ജീവിതത്തിലെന്നെന്നും സ്നേഹസാന്നിദ്ധ്യമായിരുന്ന പ്രിയപ്പെട്ട പപ്പയെക്കുറിച്ച് ഓർക്കുകയാണ് മകളും ഗായികയുമായ സെൽമാ ജോർജ്.
''ഞങ്ങളെ വിട്ടു പോകുമ്പോൾ 107 വയസായിരുന്നു അപ്പയ്ക്ക്. ഇനിയുമേറെ കാലം എനിക്ക് താങ്ങായി, തണലായി അപ്പയുണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നെ ലോകമറിയുന്ന ഗായികയാക്കണമെന്ന് ആഗ്രഹിച്ച അപ്പ... സ്കൂൾ കലോത്സവങ്ങളിലും ഗാനമേള വേദികളിലും പാടി കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങി വരുമ്പോൾ ആരുടെ മകളെന്ന ചോദ്യത്തിന് പാപ്പുക്കുട്ടി ഭാഗവതർ എന്ന മറുപടി നൽകുമ്പോൾ ആളുകളുടെ കണ്ണിൽ തെളിഞ്ഞ ആരാധനയിൽ നിന്നാണ് അപ്പയുടെ വലിപ്പം ആദ്യമായി തിരിച്ചറിഞ്ഞത്. നാടക, സിനിമ നടനായ അപ്പന്റെ ബലത്തിൽ കൂട്ടുകാർക്കിടയിൽ ഞങ്ങൾ അഞ്ചു മക്കളും താരങ്ങളായി വിലസി."" സെൽമ്മ ഓർമ്മകളിലൂടെ സഞ്ചരിച്ചു.
ഓർമ്മയിലെ മാലയും കമ്മലും
അപ്പയുടെ ഒരേയൊരു നാടകമാണ് എന്റെ ഓർമ്മയിലുള്ളത്. പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്രം" എന്ന നാടകത്തിൽ സ്നാപക യോഹന്നാന്റെ റോളാണ് അപ്പ അവതരിപ്പിച്ചത്. അതിൽ സ്നാപക യോഹന്നാന്റെ തല വെട്ടി പാത്രത്തിൽ വയ്ക്കുന്ന രംഗം കണ്ട് ''എന്റെ അപ്പയെ കൊല്ലുന്നേ""... എന്ന് ഉറക്കെ ഞാൻ നിലവിളിച്ചു. നാടകം കഴിഞ്ഞ് സ്റ്റേജിന് പിന്നിൽ പോയി അപ്പയെ കണ്ടശേഷമാണ് ഞാൻ കരച്ചിൽ അവസാനിപ്പിച്ചത്. ഞങ്ങളുടെ കുട്ടിക്കാലത്ത് അപ്പ അധിക സമയവും വീട്ടിൽ ഉണ്ടാകുമായിരുന്നില്ല. അന്ന് അദ്ദേഹം കഥാപ്രസംഗവുമായി രാജ്യം മുഴുവൻ ചുറ്റി നടക്കുന്ന സമയമാണ്. ആൾ വീട്ടിലുണ്ടെങ്കിൽ ആകെ ആഘോഷമാണ്. അഭിനയകാലത്തെ രസകരമായ സംഭവങ്ങളൊക്കെ ഞങ്ങൾക്ക് പറഞ്ഞുതരും. അപ്പയുണ്ടെങ്കിൽ വീട്ടിൽ അതിഥികളുടെ തിരക്കാവും. മാതാവിന്റെ വണക്കമാസ പെരുന്നാളിനും മറ്റും വീട് ഗാനമേള വേദിയായി മാറും. ഓർക്കസ്ട്രയുടെ അകമ്പടിയോടെ കുടുംബം ഒന്നടങ്കം ഗാനമേള അവതരിപ്പിക്കും. ക്രിസ്മസിന് വൈപ്പിൻ തെക്കൻ മാലിപ്പുറത്തെ വീട്ടിൽ നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ ഉണ്ടാക്കുന്നതിനായി അദ്ദേഹം മക്കൾക്ക് ഒപ്പം ചേരും. അമ്മ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിച്ചിരുന്നില്ല. എന്നാൽ നേരെ തിരിച്ചായിരുന്നു അപ്പയുടെ സ്വഭാവം. അദ്ദേഹം വളരെ സോഷ്യലായിരുന്നു. മക്കൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിത്തരുന്ന, രണ്ടു പെൺമക്കളോടും യാതൊരു വേർതിരിവും കാണിക്കാത്ത അപ്പ. പെണ്ണുങ്ങൾ അടുക്കളയിൽ ഒതുങ്ങണമെന്ന നാട്ടുനടപ്പ് അവഗണിച്ച് വീട്ടിൽ വരുന്ന അതിഥികൾക്ക് ഞങ്ങളെ അഭിമാനപൂർവം പരിചയപ്പെടുത്തി. അക്കാലത്ത് വൈപ്പിൻ ഒരുൾപ്രദേശമാണ്. അവിടെ ഏറ്റവും പുതിയ മോഡേൺ വേഷങ്ങൾ ഇറക്കുന്നത് ഞാനാണ്. ഓരോ വേഷങ്ങളും കാണുമ്പോൾ അമ്മ ശുണ്ഠി പിടിക്കും. പക്ഷേ ഡ്രസ് വൾഗറല്ല, നല്ല ഭംഗിയുണ്ട് എന്നൊക്കെ പറഞ്ഞ് അപ്പ എന്റെ പക്ഷം ചേരും. മദ്രാസിൽ നിന്ന് സിനിമാഭിനയം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വസ്ത്രങ്ങളും മാലയും വളയും കമ്മലും കൊണ്ടു വരും.
എനിക്കായി മാറ്റിവച്ച ജീവിതം
രണ്ടു വയസുള്ളപ്പോൾ തന്നെ ഞാൻ നന്നായി പാടുമായിരുന്നെന്ന് അപ്പയും അമ്മച്ചിയും പറഞ്ഞുകേട്ടിട്ടുണ്ട്. അവർ നാടകാഭിനയത്തിന് പോകുമ്പോൾ കുഞ്ഞിലേ മുതൽ എന്നെയും ഒപ്പം കൂട്ടിയിരുന്നു. അന്ന് മാവേലിക്കര പൊന്നമ്മയെ പോലെയുള്ള വലിയ നടിമാരൊക്കെ എന്നെ കൊണ്ട് പാടിപ്പിക്കും. ഇവൾ വലിയ ഗായികയാകുമെന്ന് അനുഗ്രഹിക്കും. ഞങ്ങൾ എല്ലാവരും നന്നായി പാടുമെങ്കിലും സംഗീതത്തോട് എനിക്ക് പ്രത്യേക അഭിരുചിയുണ്ടായിരുന്നു. അതു മനസിലാക്കിയ വീട്ടുകാർ എന്നെ പാട്ടു പഠിപ്പിക്കുന്നതിനായി പ്രത്യേക ഏർപ്പാടുകൾ ചെയ്തു. ഗുരുകുല രീതിയിലായിരുന്നു വിദ്യാഭ്യാസം. പരമദാസ് എന്ന ആശാൻ വീട്ടിൽ താമസിച്ചാണ് പഠിപ്പിച്ചത്. വെളുപ്പിനെ നാലിന് സാധകം തുടങ്ങും. പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഞാൻ ഒന്നാം സ്ഥാനക്കാരിയായി. 12 വയസു മുതൽ ഗാനമേളകളിൽ പങ്കെടുത്തു തുടങ്ങി. 17 വർഷത്തോളം കർണ്ണാടക സംഗീതം പഠിച്ചു. തൃപ്പൂണിത്തുറ ആൽ.എൽ.വി കോളേജിലായിരുന്നു പഠനം.
ഞാൻ ലോകം അറിയുന്ന പാട്ടുകാരിയാകുമെന്ന് അപ്പയും അമ്മച്ചിയും സ്വപ്നം കണ്ടു. പിന്നണിഗായികയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനിടെ വിവാഹാലോചനകൾ വന്നുതുടങ്ങി. വിവാഹശേഷം പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ യുവാക്കളെയെല്ലാം ഞാൻ നിഷ്കരുണം ഒഴിവാക്കി. അപ്പയും വിവാഹത്തിനായി എന്നെ നിർബന്ധിച്ചില്ല. പിന്നീട് എന്നെ പാട്ടുകാരിയാക്കാൻ വേണ്ടി മാത്രം കുടുംബം മദ്രാസിലേക്ക് താമസം മാറ്റി.
ശരദിന്ദു മലർദീപനാളം നീട്ടി
സംഗീതസംവിധായകൻ ജി. ദേവരാജനെ കാണാൻ പോയപ്പോൾ അപ്പയും കൂടെ വന്നു. മുൻ കോപക്കാരനായ മാഷ് പ്രത്യേക സ്വഭാവക്കാരനാണ്. എന്നെ കൊണ്ട് 25 ഓളം പാട്ടുകൾ പാടിപ്പിച്ചു. 'ദേവീ കന്യാകുമാരി" എന്ന ചിത്രത്തിൽ 'ജഗദീശ്വര"... എന്ന ഗാനം ആലപിക്കാൻ അവസരവും തന്നു. തുടർന്ന് ധാരാളം അവസരങ്ങൾ വന്നുതുടങ്ങി. ഇതിനിടെ ഗാനമേളകളും അവതരിപ്പിച്ചു. ഹിന്ദി ഗാനങ്ങളാണ് ഞാൻ അധികവും പാടിയിരുന്നത്. അക്കാലത്താണ് സംവിധായകൻ കെ. ജി. ജോർജിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ആദ്യസിനിമ 'സ്വപ്നാടനം" കഴിഞ്ഞ സമയമാണ്. അതിൽ ഗാനങ്ങളുണ്ടായിരുന്നില്ല. രണ്ടുമാസം കഴിഞ്ഞപ്പോൾ ജോർജ് കല്യാണാലോചനയുമായി വീട്ടിൽ എത്തി. വിവാഹം കഴിഞ്ഞാൽ അദ്ദേഹത്തിന്റെ സിനിമയിലൂടെ സംഗീതജീവിതം തുടരാമെന്ന പ്രതീക്ഷയിൽ അപ്പ അനുകൂലിച്ചു. സംഗീതരംഗം ഒരിക്കലും ഉപേക്ഷിക്കരുതെന്ന നിബന്ധനയോടെയാണ് അദ്ദേഹം എന്നെ വിവാഹജീവിതത്തിലേക്ക് അയച്ചത്. 'ഉൾക്കടലി" ലെ 'ശരദിന്ദു മലർദീപനാളം നീട്ടി" എന്ന ഗാനം നിരവധി അവാർഡുകൾ നേടിത്തന്നപ്പോൾ അപ്പയ്ക്കും അമ്മച്ചിക്കും സന്തോഷമായി. 45 ചലച്ചിത്ര ഗാനങ്ങളാണ് ഞാൻ ഇതുവരെ പാടിയത്. പിന്നീട് മക്കളുടെ ജനനത്തോടെ ഞാൻ പിന്നണി ഗാന മേഖലയിൽ നിന്ന് പിൻമാറിയപ്പോൾ എന്നേക്കാളേറെ സങ്കടപ്പെട്ടത് അപ്പയും അമ്മയുമാണ്. ''എന്നാലും നീ സംഗീതത്തെ കൈവിട്ടുവല്ലേ "" എന്ന് ഓരോ തവണയും എന്നെ കാണുമ്പോൾ അപ്പ നിരാശപ്പെട്ടു. അപ്പോഴെല്ലാം ശരദിന്ദു എന്ന ഒരു പാട്ടുതന്ന് ദൈവം എന്നെ അനുഗ്രഹിച്ചില്ലേ, ബാക്കിയെല്ലാം എന്റെ തലയിലെഴുത്താണെന്ന് പറഞ്ഞ് ഞാൻ അപ്പയെ ആശ്വസിപ്പിക്കും.
നൂറിലും തുടർന്ന സംഗീത തപസ്യ
'മേരിക്കുണ്ടൊരു കുഞ്ഞാട്" എന്ന സിനിമയിലെ ''എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോരെ""എന്ന പാട്ടിലൂടെ നൂറാം വയസിൽ അപ്പ ഗായകനായി. റോഷൻ ആൻഡ്രൂസിന്റെ മുംബയ് പൊലീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ തിളങ്ങി. ആറുവർഷം മുമ്പ് വൈപ്പിനിൽ നിന്ന് ഫോർട്ടുകൊച്ചി പെരുമ്പടപ്പിലേക്ക് താമസം മാറി. മകന്റെ കുടംബത്തോടൊപ്പമായിരുന്നു താമസം. നൂറു വയസു കഴിഞ്ഞിട്ടും ബസിലും ബോട്ടിലും കയറി വൈപ്പിൻകരയിലെത്തി ശിഷ്യരെ സംഗീതം പഠിപ്പിച്ചു. എന്നാൽ രണ്ടു വർഷം മുമ്പ് അമ്മച്ചി മരിച്ചതോടെ അപ്പ മാനസികമായി തളർന്നു. പുറത്തേക്ക് അധികം ഇറങ്ങാതായി. ക്ലാസുകൾ അവസാനിപ്പിച്ചു. കഴിഞ്ഞ മാർച്ച് 29ന് അപ്പയുടെ 107-ാം പിറന്നാളായിരുന്നു. ലോക്ക് ഡൗണായതിനാൽ ആഘോഷങ്ങളുണ്ടായില്ല. ഇനിയും നീണ്ട ആയുസുണ്ടാകുമെന്ന് ഞാൻ പറഞ്ഞപ്പോൾ അത്രയൊന്നും ജീവിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവസാനം വരെ ഓർമ്മയ്ക്ക് തെല്ലും മങ്ങലുണ്ടായിട്ടില്ല. ടി. വി പരിപാടികളായിരുന്നു പ്രധാന ദൗർബല്യം. സംഗീത റിയാലിറ്റി ഷോകളെല്ലാം മുടങ്ങാതെ കാണും. അമ്മച്ചി വച്ചിരുന്നതു പോലെ തിരുവല്ല സ്റ്റൈലിലുള്ള തേങ്ങാപ്പാലൊഴിച്ച മട്ടൺ കറി, കുടംപുളിയിട്ട മീൻകറി, മാങ്ങ അച്ചാർ, ഉണക്ക ചെമ്മീൻ ചമ്മന്തി തുടങ്ങിയ ഇഷ്ടവിഭവങ്ങൾ എല്ലാ ആഴ്ചയിലും ഞാൻ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തിരുന്നു.
''വീഴുമോ എന്ന പേടിയുണ്ട്. എനിക്ക് വേറെ ഒരു ആരോഗ്യ പ്രശ്നവുമില്ലെ"ന്ന് അവസാനകാലം വരെ അദ്ദേഹം മക്കളോട് പറയുമായിരുന്നു. വീടിനുള്ളിൽ വടി കുത്തിപ്പിടിച്ചാണ് നടന്നിരുന്നത്. സ്വന്തം കാര്യങ്ങൾക്ക് ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. ഏതു പ്രായത്തിലാണെങ്കിലും രക്ഷിതാക്കളുടെ മരണം മക്കളെ അനാഥരാക്കുമെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |