തെന്നിന്ത്യയിലെ ഏറ്റവും സ്റ്റൈലിഷായ താരം, ഏത് ആൾക്കൂട്ടത്തിലും ശ്രദ്ധാ കേന്ദ്രം. സ്റ്റാർ ഐക്കൺ അമലാ പോൾ. ഈ മലയാളി പെൺകുട്ടിയെ കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. ഏത് വേഷത്തിലും ഹോട്ട്...
''എവിടെ പോയാലും അല്പം വ്യത്യസ്തമായി ഒരുങ്ങി നടക്കണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടോ? പണ്ടുമുതലേ എല്ലാ ഫാഷൻ ട്രെൻഡുകളും പരീക്ഷിക്കാറുണ്ട്. മുടി കളർ ചെയ്യുന്നതും ഫാഷൻ വസ്ത്രങ്ങളിടുന്നതുമെല്ലാം ഹരമാണ്. ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കുന്നു. അതാണെന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യവും. സിനിമാ തിരക്കുകൾക്കിടയിൽ സ്റ്റൈലും ഗ്ളാമറും ഫിറ്റ്നസുമെല്ലാം ഒരുപോലെ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണ്. ഒരു പെൺകുട്ടിയെ സുന്ദരിയാക്കാൻ പല ഘടകങ്ങൾ ഒത്തുചേരണം. ആ ഘടകങ്ങളെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ തന്നെ നമുക്ക് എപ്പോഴും സുന്ദരിയായിരിക്കാം."" ആൾക്കൂട്ടത്തിൽ ഒരാളാവാതെ, മിന്നിത്തിളങ്ങുന്നതിന് പിന്നിലെ രഹസ്യങ്ങൾ അമല പങ്കുവയ്ക്കുന്നു...
Costumes
വേഷത്തിലുണ്ട് കാര്യം
ഒരു വേഷത്തിൽ കാണുമ്പോഴുള്ള സ്റ്റൈലോ ഭംഗിയോ ആയിരിക്കില്ല മറ്റൊരു വേഷത്തിൽ കാണുമ്പോൾ. അതുകൊണ്ട് കോസ്റ്റ്യൂമുകൾ അവസരത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.ചിലപ്പോഴൊക്കെ തനി നാടൻ രീതിയിൽ ഒരുങ്ങാനാണിഷ്ടം. തലമുടി പിന്നിക്കെട്ടി മുല്ലപ്പൂ വച്ച് പട്ടുസാരിയും പരമ്പരാഗത ആഭരണങ്ങളും ധരിച്ച് ഒരു മലയാളിക്കുട്ടിയാകും.
പരമ്പരാഗത ലുക്കിൽ ആണെങ്കിൽ ലെഹങ്ക സ്റ്റൈൽ സിൽക്ക് സാരികളോടാണ് ഇഷ്ടം. നീലയോ പിങ്കോ നിറത്തിലുള്ള സാരിയും ഗോൾഡൻ നിറത്തിലുള്ള ബനാറസ് ബ്ളൗസും അണിയും. പട്ട് സാരിയുടുക്കുമ്പോൾ കുറച്ച് സ്വർണമൊക്കെയാകാം. ഈ വേഷത്തിന് ജുംകകളാണ് കൂടുതൽ ഇണങ്ങുക, കൈകളിൽ ഓരോ വളയിടാനും മറക്കരുത്. അല്ലെങ്കിൽ ആന്റിക് സിൽവർ ആഭരണങ്ങൾ ഉപയോഗിക്കാം. ഏതായാലും കമ്മലുകൾക്കാണ് പ്രാധാന്യം നൽകാറ്. മാല ചിലപ്പോഴൊക്കെ വേണ്ടെന്നു വയ്ക്കും. ഒഴിഞ്ഞ കഴുത്ത് ഒരു ഭംഗി തന്നെയാണ്. തലമുടിക്ക് ഗജ്റ സ്റ്റൈൽ. തലമുടി വട്ടത്തിൽ ചുറ്റിക്കെട്ടി മുല്ലപ്പൂക്കൾ വച്ച് അലങ്കരിക്കുന്ന രീതിയാണത്. സ്റ്റൈലിഷ് ലുക്കാണെങ്കിൽ ഒരുപാട് സ്വാതന്ത്ര്യമുണ്ട്. ജീൻസ് പാന്റ്സ്, ജീൻസ് ഷോർട്സ്, ടീഷർട്ട്, പലാസോ പാന്റ്സ്, ജാക്കറ്റ്സ്, സ്ളീവ് ലസ് ടീഷർട്ട്, ഗൗൺ അങ്ങനെ എന്തും ഉപയോഗിക്കാം. ആഭരണങ്ങളുടെ അതിപ്രസരം വേണ്ട. അധികമായി വേണ്ടി വരുന്നത് തൊപ്പിയോ കൂളിംഗ് ഗ്ളാസോ ആണ്. ഹൈ ഹീൽഡ് ചെരുപ്പുകളും പംപ്സും ഉപയോഗിക്കാം. സാറാ ജസീക്കയുടെ ക്ളോസ്ഡ് ടോ ഹീലുകൾ ഇഷ്ടമാണ്. ഫാഷൻ ഷോയിലൊക്കെ പോവുമ്പോൾ ഹൈ ഹീൽഡിനാണ് പ്രാധാന്യം.
യോഗ സദ്ഗുരുവിൽ നിന്ന്
ആരോഗ്യവും ശരീരവും സൂക്ഷിക്കാൻ എന്നെ സഹായിക്കുന്നത് യോഗയാണ്. യോഗയുടെ ആദ്ധ്യാത്മിക പാഠങ്ങൾ ആദ്യമായി പകർന്നുകിട്ടിയത് സദ്ഗുരുവിൽ നിന്നാണ്. എന്റെ പത്തൊൻപതാം വയസിൽ സിനിമാത്തിരക്കുകളിൽ നിന്നൊക്കെ ഒന്ന് മാറി നിൽക്കണമെന്ന് ആഗ്രഹിച്ചപ്പോൾ സദ്ഗുരുവിനെ കാണാനുള്ള ഭാഗ്യം കിട്ടി. സദ്ഗുരുവിന്റെ ഭക്തനും ഛായാഗ്രാഹകനുമായ നീരവ് ഷായാണ് അദ്ദേഹത്തെ കുറിച്ച് എന്നോട് പറഞ്ഞത്. കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ പോകാനുള്ള ഉപദേശം തന്നതും അദ്ദേഹമാണ്. സദ്ഗുരുവിനെ കാണുന്ന സമയത്ത് അദ്ദേഹം ആരാണെന്ന് അറിയില്ലായിരുന്നു. ഇഷ യോഗ സെന്റർ വെറുമൊരു വിശ്രമകേന്ദ്രം മാത്രമാണെന്നാണ് ധരിച്ചിരുന്നത്. ആദ്യമായി കണ്ടപ്പോൾ ഒരു പൊട്ടത്തരമാണ് ചോദിച്ചത്. ജീവിതത്തിൽ എപ്പോഴും വിജയങ്ങൾ ഉണ്ടാവാൻ എന്തു ചെയ്യണമെന്നായിരുന്നു ആ ചോദ്യം. അദ്ദേഹം എന്നെ ഒന്ന് നോക്കി. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു യോഗ ചെയ്താൽ മതിയെന്ന്. ഞാൻ മറ്റൊരു ചോദ്യം ചോദിച്ചു... അപ്പോഴും അദ്ദേഹം പറഞ്ഞു യോഗ ചെയ്താൽ മതിയെന്ന്. അങ്ങനെയാണ് യോഗയെപ്പറ്റി ഞാൻ ചിന്തിച്ചത് . പിന്നീട് ഇന്നോളം യോഗ മുടങ്ങിയിട്ടില്ല. എന്റെ ജീവിതത്തിൽ മനോഹരമായ മാറ്റങ്ങളുണ്ടായി.
ആദ്ധ്യാത്മികമായ മാറ്റങ്ങളാണ് പ്രധാനം. യോഗ ശരീരത്തിനും മനസിനും ഉണർവ് തരുന്നുണ്ട് . സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനൊപ്പം ആരോഗ്യമുള്ള ജീവിതശൈലിയും നയിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ എവിടെയായായും അതിരാവിലെ അഞ്ച് മണിക്ക് ഉറക്കമുണരുന്ന പതിവുണ്ട്. പിന്നെ വർക്കൗട്ട് മുടക്കില്ല. ഓട്ടവും യോഗയും ചെയ്ത ശേഷമേ മറ്റെന്തുമുള്ളു.
പരീക്ഷണങ്ങളോട്
പ്രിയം
ലുക്കുകൾക്കനുസരിച്ച് മേക്കപ്പിലും മാറ്റം വരും. ഗ്ളോസി മേക്കപ്പ് ആണ് സ്റ്റൈലൻ വേഷങ്ങൾക്ക് ഉപയോഗിക്കുക. കണ്ണുകൾക്ക് സ്മോക്കി സ്റ്റൈലും ചുണ്ടുകളിൽ ബ്രൗണിഷ് റെഡ് കളറുള്ള ലിപ് സ്റ്റിക്കുമാണ് എനിക്ക് കൂടുതൽ ഇണങ്ങുക.
ഇൻഡോ - വെസ്റ്റേൺ ലുക്കിൽ സിംപിൾ മേക്കപ്പ് മതിയാകും. സ്ളീവ് ലെസ് കുർത്തയും ജാക്കറ്റുമാണ് ഈ ലുക്കിനായി കൂടുതൽ ഉപയോഗിക്കുന്നത്. കൺമഷി കണ്ണുകൾ വിടർത്തി എഴുതാം. ചുണ്ടുകൾക്ക് പിങ്ക് കളറാവും ഭംഗി. തലമുടി പ്രത്യേകിച്ച് കളറൊന്നും ചെയ്യാതെ കറുപ്പഴകോടെ തന്നെ പിറകിലേക്ക് ക്ളിപ്പ് ചെയ്ത് വയ്ക്കാം. ചിലപ്പോഴൊക്കെ ഖാദി സ്കർട്ടുകളും ജാക്കറ്റും ധരിക്കാറുണ്ട്. അലകളുള്ള വെള്ളികമ്മലാണ് ഈ വേഷത്തിനിണങ്ങുക. ഗ്ളോസി മേക്കപ്പും കരിയെഴുതിയ കണ്ണും ചെറി റെഡ് ചുണ്ടുകളുമാണ് ഗ്ളാമർ കൂട്ടുന്നത്. പിന്നെ തലമുടി ഒരു സൈഡ് വകഞ്ഞ് ചീകി പിറകിലേക്ക് ക്ലിപ്പ് ചെയ്ത് വയ്ക്കും.
യഥാർത്ഥ ഞാൻ ഇങ്ങനെയല്ല
സിനിമയിലെ ഞാനും യഥാർത്ഥ ഞാനും ഫാഷൻ സെൻസിലും സ്റ്റൈലിലുമൊക്കെ വ്യത്യസ്തരാണ്. കഥാപാത്രത്തിന് വേണ്ടി പല വിട്ടുവീഴ്ചകളും ആവശ്യമാണ്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല.
അതുകൊണ്ടാണ് എപ്പോഴും സ്മാർട്ടായി സുന്ദരിയായി ഇരിക്കുന്നത്. ഏത് പരിപാടിക്കായാലും എങ്ങനെ പോകണമെന്ന് മുൻകൂട്ടി പ്ളാൻ ചെയ്യും. മറ്റുള്ളവരെക്കൊണ്ട് അയ്യേ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അലസമായി ആരും എവിടെയും പോകരുതെന്നാണ് എന്റെ അഭിപ്രായം. ജീവിതകാലം മുഴുവൻ സ്വന്തം സ്റ്റൈലും സൗന്ദര്യവും സൂക്ഷിക്കാനാവണം . ഫാഷനും ട്രെൻഡും സ്റ്റൈലുമൊക്കെ മാറി വരുന്നത് നമുക്ക് ആസ്വദിക്കാനും ഉപയോഗിക്കാനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |