മലയാള ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവുമായുള്ള (ഡബ്ല്യൂ.സി.സി) ബന്ധം ഉപേക്ഷിക്കുന്നുവെന്ന് സംവിധായിക വിധു വിൻസന്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിധു തന്റെ തീരുമാനം അറിയിച്ചിരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാലാണ് സംഘടനയിൽ നിന്ന് പിന്മാറുന്നതെന്ന് സംവിധായിക കുറിപ്പിലൂടെ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന്, സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് 2018ൽ ഡബ്ല്യു.സി.സി രൂപീകരിച്ചത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംഘടനയുടെ നിലപാട് വിശദീകരിച്ചിരുന്നത് വിധു വിൻസന്റായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |