ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ എൻജിനിയർ അതുമല്ലെങ്കിൽ അഡ്വക്കേറ്റ്.ഭാവിയിൽ ആരാകണമെന്നാണ് ആഗ്രഹമെന്ന് ആരെങ്കിലും ചോദിച്ചാൽ ഏതൊരു സ്കൂൾ കുട്ടിയെയും പോലെ ശ്രുതിയും പറഞ്ഞിരുന്ന ആദ്യ മറുപടികൾ ഇതായിരുന്നു,ശ്രുതിയെന്ന ശ്രുതി രാമചന്ദ്രൻ ആർക്കിടെക്ചറിൽ നിന്ന് ആക്ടിംഗിലേക്ക് വഴിതെറ്റി വന്നതല്ല. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ശ്രുതിയുടെ വരവ്. മലയാള സിനിമയിലെ ആദ്യകാല ഡിസൈനറായിരുന്ന എസ്.എ. നായരുടെ ചെറുമകളാണ് ശ്രുതി.
ദുൽഖർ സൽമാൻ നായകനായ രഞ്ജിത്തിന്റെ 'ഞാൻ" എന്ന ചിത്രത്തിലാണ് ശ്രുതി രാമചന്ദ്രൻ ആദ്യമായി അഭിനയിച്ചത്. പിന്നീട് 'പ്രേതം", 'സൺഡേ ഹോളിഡേ", 'ചാണക്യതന്ത്രം".നായികാനിരയിലെ പുതിയ താരോദയമായ ശ്രുതി രാമചന്ദ്രൻ തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കുന്നു.
എവിടെയാണ് പഠിച്ചത് ?
മൈസൂരിലെ യൂണിവേഴ് സിറ്റി സ്കൂൾ ഒഫ് ഡിസൈനിൽ. എന്റെ ബാച്ചിൽ നാല്പത് കുട്ടികളുണ്ടായിരുന്നു. അഞ്ച് ബാച്ചുകളിലായി ഇരുന്നൂറോളം കുട്ടികൾ. അഞ്ച് വർഷത്തെ കോഴ്സായിരുന്നു.അച്ഛനും അമ്മയും അത്യാവശ്യം സ്വാതന്ത്ര്യം നൽകിയാണ് വളർത്തിയത്. അതുകൊണ്ട് തന്നെ മൈസൂരിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ അമിത സ്വാതന്ത്ര്യമൊന്നും തോന്നിയില്ല. അന്നൊക്കെ മൈസൂർ അത്ര സുരക്ഷിതമായ നഗരമായിരുന്നില്ല.മൈസൂരിന് പുറത്തുള്ളവരായിരുന്നു കോളേജിലെ വിദ്യാർത്ഥികളേറെയും.24x7 ആണ് ഒരു ആർക്കിടെക് ടിന്റെ ജോലി. അങ്ങനെ തന്നെയായിരുന്നു കോളേജിലും.
ഡാൻസ് പഠിക്കുന്നത്?
അഞ്ച് വയസുമുതൽ പഠിച്ച് തുടങ്ങി. കലാമണ്ഡലം മണിയായിരുന്നു ആദ്യത്തെ ഗുരു. കലാമണ്ഡലത്തിൽ നിന്ന് മാറി പിന്നീട് കലാക്ഷേത്രയായി. ശ്യാമള സുരേന്ദ്രനായിരുന്നു കലാക്ഷേത്രയിലെ ഗുരു. ഡാൻസിൽ കലാക്ഷേത്ര സ്റ്റൈലാണ് ഞാൻ പിന്തുടരുന്നത്.
കോളേജ് കഴിഞ്ഞ് ഡാൻസൊന്ന് മിനുക്കിയെടുക്കാൻ ഞാൻ നാരായണി ആന്റി (നിരഞ്ജന അനൂപിന്റെ അമ്മ)യുടെ ഡാൻസ് സ്കൂളിൽ രണ്ട് വർഷം പഠിച്ചു. ഇപ്പോഴും അവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്. അവിടെ വച്ചാണ് രഞ്ജിത് സാർ എന്നെ കാണുന്നത്. ഞാൻ എന്ന സിനിമയിലേക്ക് ഓഫർ വരുന്നതും അങ്ങനെയാണ്.
സിനിമാ മോഹം മനസിലുണ്ടായിരുന്നോ?
പലരും ചോദിച്ചിട്ടുണ്ട് ഇതേ ചോദ്യം. ഡാൻസ് പഠിച്ചിട്ടുള്ളത് കൊണ്ട് ഉള്ളിലെവിടെയെങ്കിലും അങ്ങനെയൊരു താത്പര്യം ഉണ്ടായിരുന്നിരിക്കാം.എന്റെ അപ്പൂപ്പൻ (അമ്മയുടെ അച്ഛൻ) സിനിമാ രംഗത്ത് പ്രവർത്തിച്ചിരുന്നയാളാണ്.പരസ്യ കലാകാരനായിരുന്ന എസ്.എ. നായർ. ചെമ്മീൻ ഉൾപ്പെടെയുള്ള സിനിമകളുടെ പബ്ളിസിറ്റി ഡിസൈൻ ചെയ്ത അദ്ദേഹത്തെ അറിയാത്തവരാരും സിനിമാ രംഗത്തുണ്ടാവില്ല.സിനിമയെക്കുറിച്ചൊക്കെ സംസാരിക്കുമായിരുന്നെങ്കിലും അമ്മയെയും ചെറിയമ്മയെയും അപ്പൂപ്പൻ സിനിമയിലേക്ക് അടുപ്പിച്ചിട്ടില്ല. പക്ഷേ പേരക്കുട്ടിയായത് കൊണ്ടാവാം അപ്പൂപ്പന് എന്നോടൊരു സോഫ്ട് കോർണറുണ്ടായിരുന്നു.
അടിസ്ഥാനപരമായി ഞാനൊരു പെർഫോമറാണ്. ഡാൻസിന് പുറമേ കോളേജിൽ അല്ലറ ചില്ലറ നാടക പ്രവർത്തനങ്ങളൊക്കെയുണ്ടായിരുന്നു.
ഞാൻ എന്ന ആദ്യ സിനിമ തന്ന എക്സ്പീരിയൻസ് എന്തൊക്കെയായിരുന്നു?
ഞാനൊരു സാദാ പ്രേക്ഷകയായിരുന്നു. തിയേറ്ററിൽ പോയി സിനിമ കാണും. സിനിമാഭിനയമൊക്കെ വളരെ എളുപ്പമാണെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു .സിനിമയുടെ ഗൗരവം മനസിലാക്കാതെ അഭിനയിച്ചതിന്റെ പിഴവുകളെല്ലാം ഞാൻ എന്ന സിനിമയിലെ എന്റെ പ്രകടനത്തിൽ കാണാം. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്കൂൾ ആയിരുന്നു രഞ്ജിത് സാറിന്റെ സെറ്റ്.
കടിച്ചാൽ പൊട്ടാത്ത മലയാളത്തിലായിരുന്നു ആ സിനിമയിലെ ഡയലോഗുകൾ. എന്റെ അച്ഛനും അമ്മയും ചെന്നൈയിലാണ് വളർന്നത്. ഞാനും കുറച്ചുകാലം ചെന്നൈയിലായിരുന്നു. എന്റെ മലയാളത്തിന് കുറച്ച് തമിഴ് ചുവയുണ്ട്. ഞാനിൽ അഭിനയിക്കുമ്പോൾ അതൊക്കെ ഒരു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അത് മാറി.പേടിച്ച് വിറച്ചാണ് സെറ്റിൽ നിന്നത്. ചിലപ്പോൾ പന്ത്രണ്ട് റീടേക്ക് വരെയൊക്കെ പോയിട്ടുണ്ട്.
ഇതിന് ശേഷമാണ് പ്രേതം ചെയ്തത്. ആ സിനിമയാണ് ശരിക്കും എനിക്ക് ബ്രേക്കായത്.
പണ്ടൊക്കെ കണ്ടാൽ പ്രേതത്തെപ്പോലെയുണ്ടെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കുമായിരുന്നു. .
ജയേട്ടൻ (ജയസൂര്യ) എന്നെ എവിടെയോ വച്ച് കണ്ടിട്ടാണ് പ്രേതത്തിലേക്ക് വിളിച്ചത്.
പ്രേതം റിലീസായിക്കഴിഞ്ഞ് ഞാൻ പുറത്തൊക്കെ പോകുമ്പോൾ കുട്ടികളൊക്കെ എന്നെക്കണ്ട് പേടിച്ച് ഓടിയിട്ട് പോലുമുണ്ട്.
ശ്രുതിയുടേത് പ്രണയ വിവാഹമായിരുന്നല്ലോ?
ഫ്രാൻസിസിനെ ഞാൻ സ്കൂൾ കഴിഞ്ഞിട്ടാണ് കണ്ടുമുട്ടിയത്. ചെന്നൈയിൽ ആർക്കിടെക്ചർ കോച്ചിംഗ് ക്ളാസിൽ വച്ച്. ഫ്രാൻസിസ് കോപ്പി റൈറ്ററാണ്. വിഷ്വൽ കമ്മ്യൂണിക്കേഷന് വേണ്ടി ചെന്നൈയിൽ വന്നപ്പോഴാണ് കണ്ടത്. വലിയ ഒരു പ്രണയ കഥയൊന്നുമല്ല ഞങ്ങളുടേത്.
മിശ്രവിവാഹം വീട്ടുകാർ എതിർത്തില്ലേ?
ഒരു പ്രശ്നവുമുണ്ടായില്ല. ഞാനും ഫ്രാൻസിസും പതിനൊന്ന് വർഷം പ്രണയിച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ടുകൊല്ലമാകുന്നു.
ശ്രുതിയുടെ സിനിമകൾ കണ്ടിട്ട് ഫ്രാൻസിസ് എന്താണ് പറയാറ്?
എന്നെ ഏറ്റവുമധികം സപ്പോർട്ട് ചെയ്യുന്നത് ഫ്രാൻസിസാണ്.
കല്യാണം കഴിഞ്ഞ നായികമാരോടുള്ള സിനിമാ പ്രവർത്തകരുടെ സമീപനം എങ്ങനെയാണ്?
പ്രേതത്തിൽ വർക്ക് ചെയ്ത ഒരു ചേട്ടനെ സൺഡേ ഹോളിഡേയുടെ സെറ്റിൽ വച്ച് കണ്ടു-'ശ്രുതി എന്താ ഇവിടെ?". ഞാനിതിൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ ആ ചേട്ടൻ പറയുകാ, 'അയ്യോ ശ്രുതീ സോറി. ഞാൻ കാരണം ശ്രുതിക്ക് കുറച്ച് സിനിമകൾ നഷ്ടമായിട്ടുണ്ട്. ഞാൻ പലരോടും ശ്രുതി ഇനി അഭിനയിക്കില്ല, കല്യാണം കഴിച്ച് പോകുകയാണെന്ന് പറഞ്ഞിട്ടുണ്ട്."
അത്യാവശ്യം വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളെ തേടി വരിക തന്നെ ചെയ്യും.കല്യാണം കഴിഞ്ഞിട്ടാണ് എനിക്ക് സൺഡേ ഹോളിഡേ, ചാണക്യതന്ത്രം, നോൺസെൻസ് തുടങ്ങിയ സിനിമകളൊക്കെ കിട്ടിയത്. കല്യാണം കഴിഞ്ഞ ശേഷമാണ് എനിക്ക് സിനിമയിൽ തിരക്ക് കൂടിയത്. അക്കാര്യത്തിൽ വളരെ ലക്കിയാണ് .
ഇനി ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ?
എല്ലാത്തരം വേഷങ്ങളും ട്രൈ ചെയ്യണമെന്നുണ്ട്.
യഥാർത്ഥ ശ്രുതി എങ്ങനെയാണ്?
നേരെ വാ നേരെ പോ പ്രകൃതം. സത്യസന്ധയാണ്.വളരെ അംബീഷ്യസുമാണ്. കുടുംബത്തിന് ഒരുപാട് പ്രാധാന്യം
കൊടുക്കുന്നയാളാണ്.
കുടുംബത്തെക്കുറിച്ച്?
അച്ഛൻ രാമചന്ദ്രൻ. അച്ഛന് ജി.ആർ.ടെക് എന്ന പേരിൽ സ്വന്തമായി ഒരു കമ്പനിയുണ്ട്. അമ്മ ചോയ്സ് സ്കൂളിലെ വൈസ് പ്രിൻസിപ്പലാണ്. അനിയത്തി കാവ്യ തിയേറ്റർ ആർട്ടിസ്റ്റാണ്.
.
സിനിമയല്ലാതെ?
ആർക്കിടെക്ചർ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഡിസൈനുകൾ വരച്ച് കൊടുക്കാറുണ്ട്. ഞാൻ എൽ ആൻഡ് ടിയിൽ കുറച്ച് വർഷം ട്രെയിനിയായി ജോലി ചെയ്തിരുന്നു. അഹമ്മദാബാദിൽ മഹാത്മാഗാന്ധി മന്ദിർ എന്ന പ്രോജക്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |