അഹമ്മദാബാദ്: ഏഷ്യയിൽ സിംഹങ്ങളുടെ പ്രധാന സ്വാഭാവിക ആവാസ വനമാണ് ഗീർ വനം. അവിടെ അവയെ പരിപാലിക്കാൻ വരണമെങ്കിൽ ആളൊരു മൃഗസ്‌നേഹി മാത്രമായാൽ പോര നല്ല മനശക്തിയും വേണം. അത്തരത്തിൽ സിംഹങ്ങളെയും പുലികളെയും മറ്റ് ജന്തുക്കളെയെല്ലാം സംരക്ഷിക്കാനെത്തിയ ഒരു പെൺപുലിയുടെ കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. ഗുജറാത്ത് സംസ്ഥാനത്തിൽ ഏതാണ്ട് 1412 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ഗിർ വനത്തിൽ 2008ൽ വനിത വനപാലകയായി എത്തിയതാണ് രസില വധേർ. സംസ്ഥാനത്തെ ആദ്യ വനപാലക സംഘത്തിലെ ആദ്യ വനിതയായി.
ചെറുപ്പം മുതൽ വനവും വന്യജീവികളും ഇഷ്ടപ്പെടുന്ന രസില ഇതുവരെ 1100ഓളം മൃഗങ്ങളെ ആപത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 400ഓളം പുളളിപ്പുലികൾ, ഇരുനൂറോളം സിംഹങ്ങളുമുണ്ട്. പക്ഷികൾ,മുതല, പെരുമ്പാമ്പ് എന്നിങ്ങനെ ആപത്തിൽ പെട്ട നിരവധി ജന്തുക്കളെ രക്ഷിക്കാൻ രസിലക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ കുടുംബത്തിലെ മുതിർന്നവരും സഹപാഠികളും ഈ ജോലിയിൽ നിന്ന് പിൻതിരിപ്പിച്ചെങ്കിലും രസില തളർന്നില്ല.ആണുങ്ങൾക്ക് മാത്രം അന്നുവരെ സാധ്യമായിരുന്ന വനപാലകജോലി ടെസ്റ്റുകളും പരീക്ഷകളും കടന്ന് രസില നേടി. ആദ്യം ഓഫീസ് ജോലിയാണ് അനുവദിച്ചതെങ്കിലും രസിലയുടെ താൽപര്യം കണ്ട് വനപാലക ജോലി തന്നെ നൽകുകയായിരുന്നു. മൃഗ സംരക്ഷണത്തിൽ രസിലയുടെ സദ്കീർത്തി രാജ്യം കടന്ന് ലോകം മുഴുവൻ എത്തിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |