ആദർശ ശുദ്ധിയുടെ ആൾരൂപം, കക്ഷിഭേദമില്ലാത്ത ശരിപക്ഷവാദി.. വിശേഷണങ്ങൾ ഏറെയുള്ള സി.കേശവൻ ഓർമ്മയായിട്ട് ഇന്ന് 51 വർഷം പൂർത്തിയായി. കേരള രാഷ്ട്രീയ നഭോമണ്ഡലത്തിൽ എന്നും നിറഞ്ഞുനിൽക്കുന്നൊരു ചരിത്രപുരുഷനായി സ്വസ്ഥാനം അടയാളപ്പെടുത്തിക്കടന്നുപോയ ആ മഹാരഥനെ അനുസ്മരിക്കാൻ ഇവിടെ കുറിക്കുന്ന ചുരുക്കം വാക്കുകൾ മതിയാകില്ല.
നെയ്ത്തുകാരൻ,സാമൂഹ്യപരിഷ്‌കർത്താവ്,അദ്ധ്യാപകൻ (സ്‌കൂളിലും,കോളേജിലും),പത്രപ്രവർത്തകൻ, അഭിഭാഷകൻ, യുക്തിവാദി, രാഷ്ട്രീയനേതാവ്, ഭരണാധികാരി, കലാകാരൻ, കർഷകൻ, ഗവേഷകൻ, വ്യവസായി, ഫുട് ബോളർ എല്ലാത്തിനുമുപരി തലമുറകൾക്ക് മാതൃകയാകേണ്ട ഗൃഹസ്ഥൻ തുടങ്ങി വിശേഷണങ്ങൾ ഒരുപാടുള്ള ആ മഹാപ്രതിഭ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രറട്ടറിയുമായിരുന്നു എന്നത് ഈഴവ സമുദായത്തിന്റെ സ്വകാര്യ അഹങ്കാരമാണ്.
തനിക്ക് ശരിയെന്ന് തോന്നുന്ന ഏത് മേഖലയിലും ഇടപെടുന്നതിനും അനീതിക്കെതിരെ ശക്തമായി പോരാടുന്നതിനും അദ്ദേഹം രണ്ടാമതൊന്നുകൂടി ആലോചിച്ചിരുന്നില്ല. ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥശിഷ്യ പരമ്പരയിൽ സി.കേശവനും അഗ്രേസരനായിരുന്നു. ജനിച്ചുവളർന്ന സമുദായത്തിന്റെ ദു:ഖഭാരം സ്വയം ചുമലിലേറ്റി ജീവിതം സമരമാക്കാൻ അദ്ദേഹത്തിന് പ്രേരണയായതും ശ്രീനാരായണഗുരുവുമായുള്ള അടുത്ത ബന്ധമാണ്. കൊല്ലം മയ്യനാട് ഗ്രാമത്തിൽ തട്ടാന്റെകിഴക്കേതിൽ എന്ന നിർദ്ധന കുടുംബത്തിൽ ജനിച്ച ഗ്രാമീണ ബാലനായ കേശവൻ സംസ്ഥാന മുഖ്യമന്ത്റിപദം വരെ ഉയർന്നതിന് പിന്നിൽ ശ്രീനാരായണഗുരുവിന്റെ പങ്ക് വളരെ വലുതാണ്. ഒരിക്കൽ അരുവിപ്പുറം ക്ഷേത്രത്തിൽ സന്നിഹിതനായിരുന്ന ഗുരുദേവനെ സന്ദർശിക്കാനെത്തിയ വെള്ളായണി കൃഷ്ണൻവൈദ്യരാണ് അന്ന് ഗുരുവിനൊപ്പമുണ്ടായിരുന്ന കേശവൻ എന്ന യുവാവിൽ വലിയൊരു സാമൂഹ്യപരിഷ്‌കാരിയെ ദീർഘദർശനം ചെയ്തത്.കേശവൻ ലാ കോളേജിൽ ചേരാൻ സ്വാമി ഉപദേശിക്കണമെന്ന് വൈദ്യർക്ക് നിർബന്ധം.അതനുസരിച്ച് തൃക്കൈകളാൽ 12 രൂപ ധനസഹായം നൽകി അനുഗ്രഹിച്ചയച്ച നിയമവിദ്യാത്ഥിയാണ് പിന്നീട് കേരളചരിത്രത്തിന്റെ ഗതിമാറ്റിയ സിംഹള സിംഹം സി.കേശവൻ.
തിരുവനന്തപരും ലാ കോളേജിലെ പഠനകാലത്ത് മഹാത്മാഗാന്ധിയെ അടുത്തു കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചതോടെ കേശവനിലെ ദേശീയബോധവും സ്വാതന്ത്റ്യജ്വാലയും ആളിക്കത്തി. ഗാന്ധിജിയുടെ മദ്യവർജന സന്ദേശം ഉൾക്കൊണ്ട് തെരുവിലിറങ്ങി. ടി.കെ.മാധവൻ ആയിരുന്നു റോൾ മോഡൽ. അവിടെ തുടങ്ങിയ പോരാട്ടവീര്യം ജീവിതാന്ത്യംവരെ തുടർന്നു. കൊല്ലത്ത് അഭിഭാഷകനായിരിക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിന് അർഹമായ പരിഗണന ലഭിക്കണമെന്ന ന്യായമായ ആവശ്യം നിഷേധിച്ച നായർ സുഹൃത്തുക്കളോടുള്ള മധുരപ്രതികാരമായിരുന്നു സി.കേശവന്റെ ജീവിതത്തിൽ പിന്നീടുണ്ടായതെല്ലാം. സർക്കാർ സർവീസിലും നിയമസഭയിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിഷേധിക്കുന്നത് സാമൂഹ്യനീതിയല്ലെന്ന് പ്രഖ്യാപിച്ച സി.കേശവൻ തുല്യദു:ഖിതരായ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളെ കൂടെക്കൂട്ടി പ്രത്യക്ഷസമരത്തിനിറങ്ങുകയായിരുന്നു. തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം മാറ്റിമറിച്ച ആ മഹാവിപ്ലവമാണ് നിവർത്തനപ്രക്ഷോഭം.1935 മേയ് 13ന് കോഴഞ്ചേരിയിൽ സർ.സി.പി ക്ക് എതിരായി നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്റോഹക്കുറ്റത്തിന് ജയിൽവാസം അനുഭവിച്ചെങ്കിലും നിവർത്തനപ്രക്ഷോഭം മന്നോട്ടുവച്ച എല്ലാ അവകാശങ്ങളും അംഗീകരിക്കപ്പെട്ടു. ഈഴവ ക്രിസ്ത്യൻ മുസ്ലീം രാഷ്ട്രീയ കൂട്ടുകെട്ടിനോട് സ്വസമുദായത്തിലെ ചില പ്രമാണിമാർക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത് ആ വൈരുദ്ധ്യം പരിഹരിക്കുകയും ചെയ്തു.
അയിത്ത ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളെ സ്വാതന്ത്റ്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭമാക്കുകയാണ് പിന്നീടുണ്ടായത്. പട്ടം താണുപിള്ളയും സി.കേശവനും ടി.എം.വർഗീസുമുൾപ്പെടുന്ന ത്രിമൂർത്തി സംഗമത്തിൽ തിരുവിതാംകൂറിലെ രാഷ്ട്രീയരംഗം തിളച്ചുമറിഞ്ഞു. സർ.സി.പി യുടെ സ്വതന്ത്റ തിരുവിതാംകൂർ മോഹം പൊളിച്ചടുക്കി വെന്നിക്കൊടിപാറിച്ച സ്റ്റേറ്റ് കോൺഗ്രസ് ആദ്യത്തെ ജനകീയ മന്ത്റിസഭയ്ക്കും രൂപം നൽകി. പിന്നീട് തിരു കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്റിയായ സി.കേശവൻ ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവൻ എങ്ങനെ ആയിരിക്കണമെന്ന് പ്രവർത്തിച്ചു കാണിക്കുകയായിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും കൈമുതലാക്കിയ വർത്തമാനകാല ഭരണാധികാരികൾക്ക് സി.കേശവനിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. മുഖ്യന്ത്റിയായിരിക്കെ സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നില്ലെന്ന് കേൾക്കുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. സ്വന്തം മകൻ രാഷ്ട്രീയ കുറ്റവാളിയായി അറസ്റ്റുചെയ്യപ്പെട്ടപ്പോഴും മുഖ്യമന്ത്റിയോ അദ്ദേഹത്തിന്റെ പാർട്ടിയോ തിരിഞ്ഞുനോക്കിയില്ലെന്നുമാത്രമല്ല, ജയിലിൽ സാധാരണ തടവുകാർക്കുള്ളതിൽ കവിഞ്ഞ് യാതൊരു സൗകര്യവും തന്റെ മകന് നൽകരുതെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.
നിരീശ്വരവാദിയും യുക്തിവാദിയുമായിരുന്നപ്പോൾത്തന്നെ ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യന്മാരിൽ പ്രമാണിയായിരുന്നതുപോലെ ,മഹാത്മാഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുകയും ദേശിയവാദിയായ കോൺഗ്രസുകാരനായിരിക്കുകയും ചെയ്യുമ്പോൾ കാറൽമാക്‌സിന്റെ ആദർശങ്ങളെയും നെഞ്ചിലേറ്റിയിരുന്നു എന്നതാണ് സി.കേശവന്റെ വ്യക്തിപ്രഭാവം. ആരോടും ശത്രുതയില്ലാത്ത മനുഷ്യസ്‌നേഹി. കുലത്തൊഴിൽ തുണി നെയ്ത്തായിരുന്നതുകൊണ്ട് ആ രംഗത്ത് നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി വലിയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാനും അതിലൂടെ പാവപ്പെട്ട സമുദായ അംഗങ്ങളെ സാമ്പത്തികമായി ഉദ്ധരിക്കാനും ഒരുപാട് ആഗ്രഹിക്കുകയും ചെയ്തിരുന്നു. ബർമ്മയിലേക്കും സിലോണിലേക്കും കുറെയൊക്കെ വസ്ത്രങ്ങൾ കയറ്റി അയക്കുകയും ചെയ്തു. തെങ്ങിൽനിന്ന് ഉത്പ്പാദിപ്പിക്കുന്ന തെങ്ങിൻപാനി നല്ലൊരു പ്രിസർവേറ്റീവ് ആയി ഉപയോഗിക്കാമെന്നും അതിൽ സംസ്‌കരിച്ചെടുത്ത ഏത്തപ്പഴം നാളുകളോളം കേടാകാതെ സൂക്ഷിക്കാമെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു. സംസ്‌കരിച്ച ഏത്തപ്പഴത്തിന്റെ കയറ്റുമതിയും വലിയ സാദ്ധ്യതയുള്ള വ്യവസായമായിരുന്നു. കൈത്തറി വസ്ത്രങ്ങളുടെ കയറ്റുമതിക്ക് നൂതനമായ ചില ആശയങ്ങൾ വികസിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ഫലം കണ്ടിരുന്നു. കഴുകിയാൽ ഇളകിപ്പോകാത്ത ചായം തുണികൾക്ക് നൽകുന്ന സാങ്കേതികവിദ്യയാണ് രസതന്ത്റ ബിരുദധാരികൂടിയായ അദ്ദേഹം വികസിപ്പിച്ചെടുത്തത്. പക്ഷേ തക്കതായ മൂലധനം മുടക്കി വ്യവസായം കരുപ്പിടിപ്പിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടും സഹായിക്കാൻ ആളില്ലാതിരുന്നതുകൊണ്ടും ആ സ്വപ്‌നങ്ങളെല്ലാം വാടിക്കരിയുകയായിരുന്നു.1891 മേയ് 23ന് മയ്യനാട് ജനിച്ച സി.കേശവന്റെ തിരുവനന്തപുരത്തും കൊല്ലത്തും കൊച്ചിയിലുമൊക്കെയായി ആറു പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായ ജീവിതം കേരള ചരിത്രത്തിലെ സുവർണലിഖിതമായി എക്കാലവും നിലനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. 1969 ജൂലായ് ഏഴിന് വിട്ടുപിരിഞ്ഞ ആ മഹാനുഭാവന്റെ ഓർമകൾക്കു മുമ്പിൽ ഒരുപിടി വാടാമലരുകൾ അർപ്പിച്ചുകൊണ്ട് ശിരസ് നമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |