തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷിന്‍റെ വിസിറ്റിംഗ് കാർഡിൽ സർക്കാർ മുദ്ര. ഐ.ടി വകുപ്പിൽ സ്വപ്നയുടേത് താത്ക്കാലിക നിയമനം ആണെന്ന സർക്കാർ അവകാശവാദത്തെ പൊളിച്ചുകൊണ്ട് കെ.എസ് ശബരീനാഥ് എം.എൽ.എയാണ് സ്വപ്നയുടെ വിസിറ്റിംഗ് കാർഡ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
കേരള സർക്കാരിന്‍റെ സ്പേസ് പാർക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടർഹൗസ് കൂപേഴ്‌സ് മുഖാന്തരം ഓപ്പറേഷൻസ് തസ്തികയിൽ ഇന്‍റർവ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തിൽ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാർഡ് ഒന്നു കാണണമെന്ന കുറിപ്പുമായാണ് ശബരീനാഥ് ഫേസ്ബുക്കിൽ കാർഡ് പങ്കുവച്ചിരിക്കുന്നത്.
‘സർക്കാരിന്‍റെ ഔദ്യോഗിക എംബ്ലം, ഒഫിഷ്യൽ ഇമെയിൽ ഐ.ഡി, ഒഫിഷ്യൽ ഫോൺ, സെക്രട്ടറിയേറ്റിനു എതിർവശം കിഫ്ബി ബിൽഡിംഗിൽ വിശാലമായ ഓഫിസ്...... എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്ന്!’– എന്നാണ് ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നത്.
അതേസമയം, ആരോപണങ്ങൾ പ്രൈസ് വാട്ടർഹൗസ് കൂപേഴ്‌സ് നിഷേധിച്ചിട്ടുണ്ട്. സ്വപ്‌ന കമ്പനിയുടെ ഹ്രസ്വകാലത്തേക്ക് മാത്രമുള്ള റിസോഴ്‌സ് പേഴ്‌സൺ മാത്രമാണെന്നായിരുന്നു പ്രൈസ് വാട്ടർഹൗസ് കൂപേഴ്‌സിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |