കൊച്ചി: ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് എതിരായി സംഘടനയിലെ നാല് അംഗങ്ങൾ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് പരാതി അന്വേഷിക്കാൻ അഡ് ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലുള്ള കമ്മിറ്റിയെ മരവിപ്പിച്ചാണ് സോഹൻ സീനുലാൽ കൺവീനറായുള്ള 9 അംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ കൊച്ചിയിൽ ചേർന്ന ഫെഫ്ക യോഗത്തിലാണ് തീരുമാനം.
ഇതിനിടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്റെ കമ്മിറ്റിഅംഗ സ്ഥാനത്തുനിന്ന് ബാദുഷ രാജിവച്ചു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ പല നടപടികളിൽ യോജിച്ചു പോകാനാവാത്തതുകൊണ്ടാണ് രാജിയെന്ന് രാജിക്കത്തിൽ പറയുന്നു.
പ്രൊഡക്‌ഷൻ എക്സിക്യുട്ടീവുമാരായ ഷിബു ജി.സുശീലൻ, എൽദോ സെൽവരാജ്, ഡെവിസൺ സി.ജെ, ഹാരിസ് ദേശം എന്നിവരാണ് ഫെഫ്കയ്ക്ക് പരാതി നൽകിയത്. 2013ന് ശേഷം ഇലക്ഷൻ നടത്തിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട കോടതിവിധി അംഗങ്ങളിൽനിന്ന് മറച്ചുവച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യൂണിയനിലെ അംഗങ്ങൾക്ക് രണ്ടുതരം ഫാമിലി ഇൻഷ്വറൻസ് നൽകുന്നുണ്ടെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും യൂണിയന്റെ പണമിടപാടുകൾ ഓഡിറ്റ് ചെയ്തത് ഒരംഗമാണെന്നും ഇത് ബൈലാപ്രകാരം തെറ്റാണെന്നും യൂണിയന്റെ ഫണ്ടിൽ ആറുലക്ഷം രൂപയുടെ തിരിമറി നടന്നതായും ഇവർ ആരോപിക്കുന്നു.
അഡ്ഹോക്ക് കമ്മിറ്റി വിശദമായി അന്വേഷിച്ച് രണ്ട് മാസത്തിനുള്ളിൽ ജനറൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |