വിശേഷങ്ങൾ പങ്കുവച്ച് സണ്ണി വയ്ൻ സ്നേഹപൂർവം
കനമുള്ള ശബ്ദം, ചിരിക്കാൻ പിശുക്കുള്ള മുഖം. ഈ സണ്ണി വയ്ൻ ആളൊരുഗൗരവക്കാരനാണോ? മനസിലുള്ള സംശയം പറഞ്ഞതും
സണ്ണി പൊട്ടിച്ചിരിച്ചു.
''ഗൗരവമോ എനിക്കോ, ഞാൻ വെറും സിംപിളാണെന്നേ. ആദ്യം കാണുന്നത്കൊണ്ട് തോന്നുന്നതാ."" കുരുടിയായും പോക്കിരി സൈമണായും പൂമ്പാറ്റ ഗിരീഷായും ആരാധകരെ സ്വന്തമാക്കിയസണ്ണി വയ്ൻ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുംതുറന്ന് സംസാരിച്ചു.
കഴിഞ്ഞ വർഷം അവതരിപ്പിച്ച വേഷങ്ങളെല്ലാം വ്യത്യസ്തമായിരുന്നു?
നല്ല സിനിമകൾ ചെയ്യണമെന്നാണ് അടിസ്ഥാനപരമായ ആഗ്രഹം. അതിൽ നായകനാണോ വില്ലനാണോ എന്നൊന്നും നോക്കാറില്ല. നമ്മളൊരിക്കലും നൂറ് തിരക്കഥകൾ വച്ചിട്ട് അതിൽ നിന്ന് തിരഞ്ഞെടുക്കുകയല്ലല്ലോ ചെയ്യുന്നത്. നമ്മളെ തേടിയെത്തുന്നതിൽ നിന്ന് ചില സിനിമകളോട് ഒരിഷ്ടം തോന്നും. ആ കഥാപാത്രം ഞാൻ ചെയ്താൽ നന്നാവും എന്നുകൂടി തോന്നിയാൽ കൈകൊടുക്കും. തുടക്കകാലം മുതൽ അതുതന്നെയാണ് രീതി.
സിനിമയിൽ വിജയിക്കാൻ കഴിവ് മാത്രം പോരെന്ന് തോന്നിയിട്ടുണ്ടോ?
കഴിവും ദൈവാനുഗ്രഹവും ഭാഗ്യവുമുണ്ടെങ്കിലേ സിനിമയിൽ വിജയിക്കാൻ പറ്റൂ. ഏറ്റവും പ്രധാനം കഴിവാണ്. എന്നാലേ ബാക്കിയുള്ള മറ്റു ഘടകങ്ങൾക്ക് പിന്തുണയ്ക്കാൻ പറ്റൂ.കഴിവുണ്ടെങ്കിൽ കുറച്ച് പതുക്കെയാണെങ്കിലും ശ്രദ്ധിക്കപ്പെടും. ക്ഷമയോടെ കാത്തിരിക്കണമെന്ന്
മാത്രം.
സംസാരിക്കുന്നതിൽ പിശുക്കനാണോ?
സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടല്ല. ഞാൻ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ഒരുപാട് കാര്യങ്ങൾ പറയാനുള്ള അനുഭവ സമ്പത്തൊന്നുമായിട്ടില്ല. വെറുതേ മണ്ടത്തരങ്ങൾ വിളിച്ച് പറയേണ്ട കാര്യമില്ലല്ലോ. പൊതുവേ ആൾക്കൂട്ടങ്ങളോട് പേടിയാണ്. ഒരുപാട് ആളുകളുള്ള സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കാൻ ശ്രമിക്കും. കല്യാണങ്ങളും അവാർഡുദാന ചടങ്ങുകളുമൊക്കെ ഒഴിവാക്കും. മൈക്കിൽ സംസാരിക്കാൻ ഇപ്പോഴും ചമ്മലാണ്. ചെറുപ്പത്തിൽ നല്ല വികൃതിയായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
സുഹൃത്തുക്കൾ കുറവാണോ?
പരിചയപ്പെടുന്നവരോടെല്ലാം സൗഹൃദം സൂക്ഷിക്കാറുണ്ട്. സിനിമയിൽ എത്തിയത് തന്നെ സൗഹൃദത്തിലൂടെയാണ്. സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഞാനും എൻജിനിയറിംഗിന് ഒരുമിച്ച് പഠിച്ചതാണ്. പഠന ശേഷം രണ്ട് പേരും ഓരോ വഴിക്ക് പിരിഞ്ഞു. അവന്റെ മനസിൽ അന്ന് മുതലേ സിനിമയായിരുന്നു. ഞാൻ പോയത് ബാംഗ്ലൂരിലേക്കാണ്. അവിടെ സോഫ്ട് വയർ എൻജിനിയറായി ജോലികിട്ടി. അങ്ങനെ ഒരു ഒഴുക്കിൽ പോകുമ്പോഴാണ് ശ്രീനാഥിന്റെ വിളി വരുന്നത്.
ജോലി രാജിവച്ച് നേരെ സിനിമയിലേക്ക്. സെക്കൻഡ് ഷോയുടെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം കൂട്ടുകാരായിരുന്നു.
സത്യത്തിൽ വേറൊരു കഥാപാത്രമാണ് എനിക്കായി മാറ്റിവച്ചിരുന്നത്. ഇതിനിടയിൽ കുരുടി എന്ന വേഷത്തിനായി ഓഡിഷനൊക്കെ നടക്കുന്നുണ്ട്. സിനിമയിൽ ശ്രദ്ധ നേടിയ ചില നടന്മാരെയും പരിഗണിച്ചിരുന്നു. അവസാനം എന്നോട് ശ്രമിച്ചു നോക്കാമോയെന്ന് ചോദിച്ചു. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ഓഡിഷനിൽ പങ്കെടുത്തു. കിട്ടിയ അവസരം പാഴാക്കരുതല്ലോ. പരമാവധി ശ്രമിച്ചു നോക്കി. അവസാനം ഞാൻ തന്നെ കുരുടിയായി.
അപ്പോൾ സിനിമ സ്വപ്നം കണ്ടിട്ടേയില്ലേ?
ചെറുപ്പത്തിൽ സിനിമ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ, നടനാകുമെന്ന് കരുതിയില്ല. ഞാൻ നന്നായി പഠിച്ച് ഒരു ജോലി നേടണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. എൻജിനിയറിംഗിന് പഠിക്കുന്ന കാലത്ത് രാവിലെ അഞ്ച് മണിക്കൊക്കെ എഴുന്നേറ്റ് സിനിമയ്ക്ക് പോയിട്ടുണ്ട്. വിജയ്യുടെ ഖുഷിയാണ് ആദ്യം തിയേറ്ററിൽ പോയി കണ്ടത്. അന്ന് ഞാൻ സ്കൂളിൽ പഠിക്കുകയാണ്. വീട്ടിൽ അറിയാതെ സിനിമയ്ക്ക് പോകുന്നത് വളരെ സാഹസികമായ കാര്യമായിരുന്നു. ദിൽ ചാഹ്താ ഹെ, കാക്ക, കാക്ക തുടങ്ങി അക്കാലത്ത് ആവേശത്തോടെ കണ്ട ഒരുപാട് സിനിമകളുണ്ട്.
ഇങ്ങനെ ഒതുങ്ങിയ സ്വഭാവം സിനിമയിൽ ഗുണം ചെയ്യുമോ?
ഞാൻ വളരെ സെൻസിറ്റീവാണ്. സിനിമയുടെ ബഹളങ്ങളോടൊന്നും ഒരു താത്പര്യവുമില്ല. എന്റേതായ വഴിയിലൂടെ മുന്നോട്ട് പോകാനാണ് ആഗ്രഹം. സ്വയം മാർക്കറ്റ് ചെയ്യാൻ എനിക്കറിയില്ലെന്ന് അടുപ്പമുള്ളവർ പറയാറുണ്ട്. ഇക്കാര്യത്തിൽ പലരും ശാസിക്കാറ് പോലുമുണ്ട്. പക്ഷേ എന്റെ നിലപാടുകൾ തെറ്റാണെന്ന് തോന്നുന്നില്ല.ഇതെല്ലാം എന്റെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. പ്രലോഭനങ്ങളിലൊന്നും വീഴാറില്ല. എന്നുകരുതി വലിയ മനശക്തിയുള്ള ആളെന്ന് കരുതരുത്. ലൊക്കേഷനിൽ വച്ച് സംവിധായകന്റെ മുഖഭാവം ഒന്ന് മാറിയാൽ എനിക്ക് വിഷമമാകും. പിന്നെ അഭിനയിക്കാൻ പറ്റില്ല.
എങ്ങനെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്?
സെക്കൻഡ് ഷോയ്ക്ക് ശേഷം ധാരാളം സിനിമകൾ എന്നേത്തേടി വന്നു. ചിലത് അഭിനയിച്ചു. ചിലത് വേണ്ടെന്ന് വച്ചു. സണ്ണിക്ക് വലിയ വിജയം ലഭിക്കുന്നില്ലല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. എനിക്ക് അങ്ങനെ തോന്നുന്നില്ല. ഒരു സിനിമയുടെയും പിന്നാലെ പോയിട്ടില്ല. എനിക്ക് വിധിച്ച കഥാപാത്രം എന്നെ തന്നെ തേടി വരുമെന്ന് വിശ്വസിക്കുന്നു. മാത്രമല്ല വളരെയധികം ആത്മവിശ്വാസമുള്ളയാളാണ് ഞാൻ. ഒരിക്കലും നിരാശയോ പരിഭവമോ പ്രകടിപ്പിക്കാറില്ല. ജീവിതത്തെ വളരെ പോസിറ്റീവായി കാണുക. സ്വപ്നങ്ങളും പ്രതീക്ഷകളും നല്ലതാണ്. പക്ഷേ പ്രതീക്ഷിക്കുന്നത് ലഭിച്ചില്ലെങ്കിൽ സങ്കടപ്പെടരുത്. ജീവിതത്തെ വളരെ ലളിതമായി കാണാൻ ശ്രമിക്കാറുണ്ട്. ഓടിനടന്ന് സിനിമകൾ ചെയ്യാനില്ല.
ഗോസിപ്പുകൾ കേട്ടാൽ വിഷമമാകുമോ?
ആദ്യമൊക്കെ വിഷമിച്ചിരുന്നു. പിന്നീട് അവയെ നേരിടാൻ പഠിച്ചു. എന്റെ ശബ്ദവും ഗെറ്റപ്പും മുടിയുമൊന്നും ഒരു നടന് ചേർന്നതല്ലെന്നൊക്കെ ചിലർ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ എന്റെ ശബ്ദത്തെ ഇഷ്ടപ്പെടുന്നു. ഈ ശബ്ദത്തിന് തീർച്ചയായും ഒരു പ്രത്യേകതയുണ്ടെന്നാണ് വിശ്വാസം. ശബ്ദത്തിന്റെ ക്വാളിറ്റി കൊണ്ടാണ് പല ചിത്രങ്ങളിലും എനിക്ക് കൈയടി ലഭിച്ചത്.
ദുൽഖറിനൊപ്പം വീണ്ടും കാണാനാകുമോ?
ദുൽഖറിനൊപ്പം ഇനിയും അഭിനയിക്കണമെന്നുണ്ട്. അതൊരു ത്രില്ലിംഗായ അനുഭവമായിരുന്നു. സെക്കൻഡ് ഷോയിൽ തുടങ്ങി കരിയറിൽ ഉടനീളം ദുൽഖറിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. വളരെ നല്ലൊരു സുഹൃത്താണ്. അഭിനയത്തിന്റെ കാര്യത്തിൽ ദുൽഖർ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കഴിവുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഒഴിവ് സമയങ്ങളിൽ എന്ത് ചെയ്യും?
സിനിമ കാണലാണ് പ്രധാന പരിപാടി. ചെറിയ രീതിയിൽ വായനയുമുണ്ട്. നോവലുകളാണ് കൂടുതലായി വായിക്കുന്നത്. മനസ് സന്തോഷമായിരുന്നാലെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയൂ. ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് കൂടുതൽ ഇഷ്ടം. വ്യത്യസ്തമായ വിഭവങ്ങൾ കിട്ടുന്ന ധാരാളം സ്ഥലങ്ങൾ കൊച്ചിയിലുണ്ട്. പേരു പോലും ഇല്ലാത്ത ചില കടകൾ. ഇത്തരം കടകളിൽ നിന്നാണ് കഴിക്കാറ്. രുചിയുള്ളത് എന്ത് കിട്ടിയാലും ഇഷ്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |