പി-നൾ ഗ്രൂപ്പ്
എ പോസിറ്റീവ് രക്ത ഗ്രൂപ്പിൽ പി ആന്റിജൻ ഇല്ലാത്തത്. ലോകത്ത് അത്യപൂർവം.
കൊച്ചി: എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ശസ്ത്രക്രിയാ വിഭാഗം ഐ.സിയുവിൽ കഴിയുന്ന അഞ്ചു വയസുകാരി അനുഷ്കയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് ലോകത്തിൽ തന്നെ അത്യപൂർവമായ പി-നൾ ഗ്രൂപ്പ് രക്തം. ഇതിനായി അന്വേഷണത്തിലാണ് ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടായ്മകളും. ഗുജറാത്ത് സ്വദേശി സന്തോഷിന്റെ മകളാണ് അനുഷ്ക.
കഴിഞ്ഞവർഷം ജൂലായിലാണ് അനുഷ്കയുടെ ജീവന് ഭീഷണിയായ അപകടം നടന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്ന് വീണ് തലയ്ക്ക് മാരക പരിക്കേറ്റ അനുഷ്കയെ ആന്തരിക രക്തസ്രാവത്തോടെ ഗുജറാത്തിലെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് മറ്റൊരു ശസ്ത്രക്രിയകൂടി നടത്തിയെങ്കിലും മുറിവിൽ അണുബാധയായതോടെയാണ് അമൃതയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയപ്പോഴാണ് തങ്ങൾക്ക് മുന്നിലെ വെല്ലുവിളി ഡോക്ടർമാർ തിരിച്ചറിഞ്ഞത്.
പി-നൾ 2018ലാണ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്. രക്തം ലഭിക്കാനുള്ള സാദ്ധ്യത ഒരുശതമാനം മാത്രം. ശസ്ത്രക്രിയ മാറ്റിവയ്ക്കാൻ തീരുമാനിച്ചെങ്കിലും കുട്ടിയുടെ പ്രായവും മുറിവിന്റെ സ്ഥാനവും ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടർമാർക്ക് മനസിലായി. അങ്ങനെ ഇന്നലെ മുറിവ് മൂടുന്നതിനായി മൈക്രോവാസ്‌കുലർ ശസ്ത്രക്രിയ നടത്തി. ഡോ. അയ്യർ, ഡോ. ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അനുഷ്കയുടെ രക്തം തന്നെ ശേഖരിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് അതേരക്തം കയറ്റുകയായിരുന്നു.
അടുത്ത സി.ടി സ്കാൻ വരെ കാത്തിരുന്ന് പുരോഗതി വിലയിരുത്തി ചികിത്സയുടെ അടുത്തഘട്ടത്തിലേക്ക് കടക്കും. എന്നാൽ അതിനുമുമ്പ് പി -നൾ രക്തം സംഘടിപ്പിക്കണം. വിദേശരാജ്യങ്ങളിൽ നിന്ന് അനുഷ്കയുടെ വിവരം അന്വേഷിച്ച് നിരവധി പേർ വിളിച്ചെങ്കിലും രക്തംമാത്രം കിട്ടിയില്ല. മകളെ എത്രയും പെട്ടെന്ന് കളിചിരികളോടെ മടക്കിക്കിട്ടണേയെന്ന പ്രാർത്ഥനയിലാണ് അനുഷ്കയുടെ മാതാപിതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |