SignIn
Kerala Kaumudi Online
Sunday, 13 July 2025 7.15 PM IST

ആ നേട്ടം കാണാൻ പപ്പ കൂടെയില്ലാതെ പോയി

Increase Font Size Decrease Font Size Print Page

siju-wilson

ആലുവയിലെ സീനത്തു തിയേറ്ററിൽ സിനിമ കാണാൻ കൊതിച്ച ഒരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്. ചുമട്ട് തൊഴിലാളിയായ അച്ഛന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് അതിന് കഴിയുമായിരുന്നില്ല.വീട്ടുകാര്യങ്ങൾ നോക്കാൻ അച്ഛൻ കഷ്ടപ്പെട്ടത് ഇന്നും എന്റെ മനസിലുണ്ട്.അതു കൊണ്ട് തന്നെ എന്റെ സിനിമാ മോഹം പറഞ്ഞ് അച്ഛനെ ബുദ്ധിമുട്ടിക്കാൻ ഞാൻ ശ്രമിച്ചിട്ടേയില്ല.ടെലിവിഷനായിരുന്നു സിനിമ കാണാനുള്ള ഏക ആശ്രയം.എന്നാൽ വീട്ടിൽ അന്ന് ടി.വി ഉണ്ടായിരുന്നില്ല.അക്കാലത്ത് ദൂരദർശന്റെ ദേശീയ ചാനലിൽ വെള്ളിയാഴ്ച തോറും രാത്രിയിൽ ഹിന്ദി സിനിമ സംപ്രേഷണം ചെയ്യുമായിരുന്നു.അതു കാണാൻ വേണ്ടി പിറ്റേ ദിവസത്തെ ഡ്രസെല്ലാം എടുത്തു വല്യമ്മയുടെ വീട്ടിൽ പോയി നിൽക്കും. എന്നാൽ മിക്കതും പഴയ സിനിമകളായിരിക്കും.പിന്നെ കണ്ടെത്തിയ മാർഗം ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി കാശിട്ടു കാസറ്റ് വാടകയ്ക്ക് എടുത്ത് വി.സി.ആറിൽ സിനിമ കാണുന്നതായിരുന്നു. സ്‌കൂളിൽ ചെല്ലുമ്പോൾ കൂട്ടുകാർ തിയേറ്ററിൽ പോയി അവർ കണ്ട ചില സിനിമകളുടെ കഥകൾ പറഞ്ഞു തരും.അങ്ങനെ ഒരുപാട് വട്ടം ഞാൻ കേട്ടൊരു കഥയാണ് മമ്മൂക്കയുടെ അഴകിയ രാവണൻ . അവർ പറയുമ്പോൾ ഞാൻ അത് വിഷ്വലായി കാണും. മമ്മൂക്കയെ കാണാൻ അന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് സിനിമാ താരങ്ങളെയൊക്കെ കാണാൻ വളരെ എളുപ്പമല്ലേ. ഫേസ്ബുക്കും വാട് സ് ആപ്പും ഇല്ലാത്ത അക്കാലത്ത് സിനിമനടന്മാരൊക്കെ മറ്റൊരു ഗ്രഹത്തിൽ ജീവിക്കുന്നവരെ പോലെയായിരുന്നു. ഞാൻ ആദ്യമായി നേരിൽ കണ്ട സിനിമാ നടൻ ബാബു ആന്റണിയാണ്. എറണാകുളത്തു നെപ്പോളിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയ്ക്കാണ് ബാബു ആന്റണിയെ കാണുന്നത്.
പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് ഞാനും നിവിൻപോളിയും ആദ്യമായി ക്ലാസ് കട്ട് ചെയ്ത് തിയേറ്ററിൽ പോയി സിനിമ കണ്ടത്. ദിലീപേട്ടന്റെ ഇഷ്ടമായിരുന്നു ആ സിനിമ.
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ നെവിൻ ചെറിയാന്റെ വീട്ടിൽ വച്ചാണ് അൽഫോൺസ് പുത്രനെ കാണുന്നതും പരിചയപ്പെടുന്നതും.അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. നെവിൻ ‍ ചെറിയാന്റെ കസിനായിരുന്നു അൽഫോൺസ്. ക്രിക്കറ്റ് കളിക്കാനും മറ്റ് പരിപാടികൾക്കുമെല്ലാം ഞങ്ങളോടൊപ്പം അൽഫോൺസും കൂടുമായിരുന്നു. സിനിമ അന്ന് ഞങ്ങളുടെ ചർച്ചയ്ക്കു വരുന്ന വിഷയമേ ആയിരുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളുടെ പള്ളിയിൽ സി.എൽ.സി എന്നൊരു പ്രോഗ്രാം ഉണ്ട്. പള്ളിയിലെ യുവാക്കളുടെ കൂട്ടായ്മയാണ് സി.എൽ . സി . അവിടെ വച്ചാണ് ഞാനും നിവിൻ പോളിയും അൽഫോൺസുമെല്ലാം കൂടുതൽ അടുക്കുന്നത്. പള്ളിയിലെ കുർബാന കഴിഞ്ഞുള്ള ചില കൾച്ചറൽ പ്രോഗ്രാംസിലൊക്കെ ഞങ്ങൾ സജീവ സാന്നിദ്ധ്യമായിരുന്നു. നാടകവും ഡാൻസും പാട്ടും എല്ലാമായി ഞങ്ങൾ അടിച്ചുപൊളിച്ചു നടന്ന കാലഘട്ടമായിരുന്നു അത്. അന്ന് അത്തരം സ്റ്റേജ് പരിപാടികളിലൊക്കെ പങ്കെടുത്തത് കൊണ്ടായിരിക്കും പിന്നീട് കാമറയ്ക്കുമുന്നിൽ നിന്നപ്പോൾ ചമ്മൽ ഇല്ലാതെ അഭിനയിക്കാൻ കഴിഞ്ഞത്.ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയത്. ആ സമയത്തു ഞങ്ങൾ ആഘോഷമാക്കിയ ചിത്രങ്ങളാണ് മണിരത്നത്തിന്റെ ആയുധ എഴുത്ത്, ചേരന്റെ ഓട്ടോ ഗ്രാഫ് , കമലഹാസന്റെ വീരുമാണ്ടി തുടങ്ങിയവ .കമലഹാസനും സൂര്യയും മമ്മൂക്കയും ലാലേട്ടനുമൊക്കെ തിയേറ്ററിൽ തീപാറിക്കുമ്പോൾ എല്ലാ ചെറുപ്പക്കാരെയും പോലെ അത് ഞങ്ങൾ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു . സിനിമ അപ്പോൾ മുതൽ സിരകളിൽ പടർന്നു കയറാൻ തുടങ്ങിയിരുന്നു. പക്ഷേ ജീവിത സാഹചര്യങ്ങൾ പലപ്പോഴും വില്ലനായി നിന്നു. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ആദ്യമായി സിനിമ സീരിയസായി എടുത്തു പഠിക്കാനായി പോയത് അൽഫോൺസ് പുത്രനാണ്. സിനിമയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് അവനു പണ്ടേ ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ മുതൽ അവൻ ചില മ്യൂസിക്ക് ആൽബങ്ങളൊക്കെ എഡിറ്റു ചെയ്യുമായിരുന്നു. ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും സിനിമ പഠിക്കാനുള്ള സാഹചര്യം അന്നെനിക്കില്ലായിരുന്നു. അടുത്തുള്ള കുട്ടികൾ എന്തുപഠിക്കുന്നോ അതാവും നമ്മളെപ്പോലുള്ള സാധാരണക്കാർ പിന്തുടരുന്നത്. സിനിമ പോലെ സുരക്ഷിതമല്ലാത്ത ഒരു മേഖലയിൽ എന്ത് വിശ്വസിച്ചാണ് വീട്ടുകാർ അയയ്ക്കുന്നത്. വീട്ടുകാരുടെ ഭാഗത്തു നിന്നുനോക്കുമ്പോൾ അവരെ കുറ്റം പറയാൻ കഴിയില്ല. ഞാൻ പ്ലസ് ടു കഴിഞ്ഞ സമയത്താണ് നഴ് സിംഗിന് ചേരുന്നത് ട്രെൻഡായി വരുന്നത്. ബാംഗ്ലൂരിലെ പല കോളേജുകളിലും നഴ് സിംഗിന് സീറ്റ് വാങ്ങി തരാമെന്ന് പറഞ്ഞു പലരും സമീപിച്ചു. എന്റെ സഹോദരിയും നഴ് സിംഗാണ് പഠിച്ചത്. അങ്ങനെ വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരം ഞാനും നഴ് സിംഗ് പഠിക്കാൻ തീരുമാനിച്ചു. നഴ്സിംഗ് പഠിച്ചതുകൊണ്ടു ഒരുപാട് പ്രയോജനങ്ങളുണ്ടായി. പെട്ടെന്നൊരു അപകടമോ മുറിവോ ഒക്കെ സംഭവിച്ചാൽ ഫസ്റ്റ് എയ്ഡ് ചെയ്യാനൊക്കെ കഴിയും. ജീവിതത്തിൽ ക്ഷമയ്ക്കു എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു തിരിച്ചറിഞ്ഞത് നഴ്സിംഗ് പഠിച്ചതു കൊണ്ടാണ് .നഴ്സിംഗൊക്കെ കഴിഞ്ഞു വിദേശത്തു പോകാൻ ഐ .എൽ.ടി.എസ് പാസായി ബ്രിട്ടനിലേക്ക് വിസയ്ക്കു അപേക്ഷിച്ചു. നിർഭാഗ്യവശാൽ വിസ നിഷേധിച്ചു. കാരണം എന്താണെന്നു അറിയില്ല. പിന്നെ കുറെ ദിവസം വീട്ടിൽ ഒറ്റയ്ക്കിരുന്നു. ഓട്ടവും അലച്ചിലുമൊക്കെ നിറുത്തി ഒറ്റയ് ക്കിരുന്ന് ജീവിതത്തെക്കുറിച്ചു ആലോചിച്ചു. ഇനിയും ഇങ്ങനെ പോകുകയാണെങ്കിൽ ചിലപ്പോൾ ജീവിതം കൈവിട്ടുപോകുമെന്നു തോന്നി. നമ്മൾക്ക് എന്താണ് വേണ്ടതെന്ന് ചിന്തിച്ചു ഉറപ്പിക്കാൻ കഴിയാത്ത ചില സാഹചര്യങ്ങളുണ്ട്. അപ്പോഴാണ് മറ്റു പലരുടെയും അഭിപ്രായങ്ങളിൽ നമ്മൾ വീണുപോകുന്നത്. പക്ഷേ നമ്മൾ ആരാണ് , നമ്മൾക്കെന്താണ് വേണ്ടതെന്ന് കൃത്യമായി തിരിച്ചറിഞ്ഞു ആ വഴിയേ തന്നെ യാത്ര ചെയ്യണമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഇന്നത്തെ തലമുറ കുറച്ചുകൂടി ഫോക്കസ്ഡ് ആണ്. അവർക്കു കൃത്യമായി പോകേണ്ട വഴികളറിയാം. ഒമ്പത് വർഷം മുൻപാണ് സിനിമയാണ് എന്റെ തട്ടകമെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ അത് അൽഫോൺസിന്റെ അടുത്താണ് ആദ്യം പറയുന്നത്. അന്ന് എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചത് അവനാണ്. പക്ഷേ വീട്ടുകാർക്കും ബന്ധുക്കൾക്കും അല്പം പോലും താത്പര്യമുണ്ടായിരുന്നില്ല.അതിനു ശേഷം കുറെനാൾ പല സംവിധായകരുടെ വീടുകളിൽ പോകുകയും ഓഡിഷന് പങ്കെടുക്കുകയുമൊക്കെ ചെയ്തു. അങ്ങനെയാണ് മലർവാടിയിൽ എനിക്ക് അവസരം ലഭിച്ചത് . അതിനു ശേഷം അൽഫോൺസ് സിനിമ ചെയ്തപ്പോൾ പഴയ കൂട്ടുകാരെയെല്ലാം അവൻ സിനിമയിലെത്തിച്ചു. നല്ലൊരു മനസുള്ളവർക്കേ അതിനു കഴിയൂ. ഞാൻ പ്ളസ് ടുവിന് പഠിക്കുമ്പോഴാണ് പപ്പ ഞങ്ങളെ വിട്ടുപോയത്. നേരം ഇറങ്ങിയ സമയത്ത് മമ്മി എന്റെ സഹോദരിയുടെ കൂടെ ദുബായിലായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. ദുബായിൽ നിന്ന് വന്നിട്ട് എറണാകുളം പത്മാ തിയേറ്ററിൽ വച്ചാണ് ഞാനും മമ്മിയും കൂടി നേരം കാണുന്നത്. സിനിമ കണ്ടിറങ്ങിയപ്പോൾ എല്ലാവർക്കും എന്റെ കൂടെ നിന്ന് സെൽഫിയെടുക്കണം. മമ്മി അപ്പോൾ കരയുന്നുണ്ടായിരുന്നു. ജോലിയെല്ലാം ഉപേക്ഷിച്ചു ഇത്രനാളും സിനിമ എന്നുപറഞ്ഞു അലഞ്ഞു തിരിഞ്ഞത് ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നുവെന്ന് വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയപ്പോൾ വല്ലാത്ത സന്തോഷം തോന്നി. പക്ഷേ ഇതൊക്കെ കാണാൻ പപ്പയും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ അപ്പോൾ ആഗ്രഹിച്ചുപോയി.

TAGS: SIJU WILSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.