തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കർ മരണപ്പെട്ട വാഹനാപകടത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി ആവശ്യപ്പെട്ടു. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ രണ്ടുപേരെ കണ്ടിരുന്നതായി നടൻ കലാഭവൻ സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിലെ ഒരാൾക്ക് സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തുമായി സാമ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സോബി വീണ്ടും പറഞ്ഞു. ഇതേത്തുടർന്നാണ് സോബിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ ആവശ്യപ്പെട്ടത്.
2018 സെപ്തംബർ 25 ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. അപകടത്തിൽ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് ലോക്കൽ പോലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. ബാലഭാസ്‌കറിനെ സ്വർണക്കടത്തുകാർ അപായപ്പെടുത്തിയെന്നും ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നു.
അപകടസ്ഥലത്ത് രണ്ടുപേരെ കണ്ടിരുന്നുവെന്ന സോബിയുടെ ആദ്യ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചെങ്കിലും അപകടത്തിൽ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നു.
ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും പിന്നീട് സ്വർണക്കടത്ത് കേസിൽ പ്രതികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |