നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന ഭഗീരഥയത്നത്തിന്റെ നായകൻ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലാണ്. ഈ പ്രക്രിയ നടപ്പാക്കുന്നതിന് പട്ടേലിന്റെ സേനാനായകനായി പ്രവർത്തിച്ചത് മിനിസ്ട്രി ഒഫ് സ്റ്റേറ്റ്‌സിൽ സെക്രട്ടറിയും മലയാളിയുമായിരുന്ന വി.പി. മേനോനും.
തിരു - കൊച്ചി സംയോജനത്തിന്റെ ഉടമ്പടിയിൽ (കവനന്റ്) ഒപ്പുവച്ചതു വി.പി. മേനോനായിരുന്നു. ഇതിന്റെ ഭാഗമായി വി.പി. മേനോൻ ആദ്യം സന്ദർശിച്ചത് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെയാണ്. ഇക്കാര്യങ്ങളെല്ലാം ഇന്റഗ്രേഷൻ ഒഫ് ഇന്ത്യൻ സ്റ്റേറ്റ്‌സ് എന്ന പുസ്തകത്തിൽ വി.പി. മേനോൻ വിശദമായി എഴുതിയിട്ടുണ്ട്. കൊച്ചി പോലെയല്ല തിരുവിതാംകൂറെന്നും ഇവിടെ താൻ ഭരണം നടത്തുന്നത് പദ്‌മനാഭസ്വാമിയുടെ ദാസനായിട്ടാണെന്നും ആ അവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന ഒന്നിനോടും യോജിക്കാൻ തനിക്ക് മാനസികമായി കഴിയില്ലെന്നും ചിത്തിര തിരുനാൾ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വ്യക്തമാക്കി. രാജ്യത്തെ മറ്റെല്ലാ നാട്ടുരാജ്യങ്ങളും സംയോജിക്കപ്പെടുമ്പോൾ കൊച്ചിയും തിരുവിതാംകൂറും മാറിനിൽക്കുന്നത് വിമർശനത്തിനും പ്രക്ഷോഭത്തിനും ഇടയാക്കുമെന്ന് വി.പി. മേനോൻ ചൂണ്ടിക്കാട്ടി. പദ്‌മനാഭ ദാസൻ എന്ന സ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ എന്തെങ്കിലും സംഭവിച്ചാൽ രാജസ്ഥാനം ത്യജിക്കുന്നതിനും താൻ മടിക്കില്ലെന്നും അപ്പോൾ ചിത്തിര തിരുനാൾ വി.പി. മേനോനെ ധരിപ്പിച്ചു. ചർച്ച അന്ന് അവസാനിച്ചില്ല. കൊച്ചിയിലെ മഹാരാജാവ് രാമവർമ്മയുമായും തിരുവിതാംകൂറിലെ പ്രധാനമന്ത്രി ടി.കെ. നാരായണപിള്ള, കൊച്ചിയിലെ പ്രധാനമന്ത്രി ഇക്കണ്ടവാര്യർ, ഇരു രാജ്യങ്ങളിലെയും കോൺഗ്രസ് നേതാക്കന്മാർ തുടങ്ങിയവരുമായും വി.പി. മേനോൻ പ്രത്യേകം ചർച്ചകൾ നടത്തി. 1949 മാർച്ച് മാസത്തിലാണിത്.
ഇതിനുശേഷം ചിത്തിര തിരുനാൾ ഡൽഹിയിലെത്തി സർദാർ വല്ലഭായ് പട്ടേലുമായും വി.പി. മേനോനുമായും കൂടിക്കാഴ്ച നടത്തി. പദ്മനാഭദാസൻ എന്ന നിലയിൽ ഭരണം നടത്തുന്ന തനിക്ക് രാജപ്രമുഖ് എന്ന സ്ഥാനം സ്വീകരിച്ച് സത്യപ്രതിജ്ഞ ചെയ്യാനാവില്ലെന്നതാണ് ആ കൂടിക്കാഴ്ചയിലും രാജാവ് ആവർത്തിച്ചത്. അന്നത്തെ ചർച്ചയിലും കാര്യങ്ങളിൽ തീരുമാനമായില്ല. വീണ്ടും തിരുവനന്തപുരത്ത് പോയി ചർച്ച തുടരാൻ പട്ടേൽ വി.പി. മേനോനോട് ആവശ്യപ്പെട്ടു.
തുടർന്ന് മേയ് മാസം 21ന് മേനോൻ തിരുവനന്തപുരത്തെത്തി തുടർന്നുള്ള ദിവസങ്ങളിൽ നിരവധി തവണ മഹാരാജാവുമായി കൂടിക്കാഴ്ചകൾ നടത്തി.
ഇതിനിടെ, രാജസ്ഥാനം ത്യജിക്കുന്ന ഒരു തീരുമാനത്തിലേക്ക് മഹാരാജാവിനെ എത്തിക്കരുതെന്ന മുന്നറിയിപ്പ് ഗവർണർ ജനറൽ സി. രാജഗോപാലാചാരി വി.പി. മേനോന് നൽകുകയും ചെയ്തിരുന്നു. രാജപ്രമുഖായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പകരം ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുമെന്നുള്ള ഒരു സമ്മതപത്രം ഉൾക്കൊള്ളുന്ന കത്ത് രാജാവ് എഴുതി നൽകിയാൽ മതിയെന്നും ധാരണയായി.
തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾക്ക് ട്രാവൻകൂർ ഗവൺമെന്റ് നൽകിവരുന്ന 51 ലക്ഷം രൂപയുടെ വാർഷിക ഗ്രാന്റ് തുടരുമെന്നും ഇതിൽ നിന്നും 6 ലക്ഷം രൂപ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിന് നൽകുമെന്നും ധാരണയായി. കൂടാതെ മറ്റെല്ലാ ക്ഷേത്രങ്ങളും ട്രാവൻകൂർ ദേവസ്വത്തിന്റെ കീഴിൽ വരുമ്പോൾ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം മാത്രം മഹാരാജാവ് നിയമിക്കുന്ന എക്സിക്യുട്ടീവ് ഓഫീസർ ആയിരിക്കും നടത്തുകയെന്നും തീരുമാനിച്ചു. രാജാവിന് ഉപദേശം നൽകാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കും. രാജാവായിരിക്കും ഇവരെ നിയമിക്കുക. ഇതിൽ ഒരംഗത്തെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളുടെ നോമിനി എന്ന നിലയിലായിരിക്കും നിയമിക്കുന്നത്. ഇതെല്ലാം ഉടമ്പടിയിൽ ഉൾപ്പെടുത്തി. ഈ ഉടമ്പടിയിലാണ് ചിത്തിര തിരുനാളും കൊച്ചി രാജാവും വി.പി. മേനോനും ഒപ്പുവച്ചത്.
പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന വിധിക്ക് ആധാരമായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് ഈ ഉടമ്പടിയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം എല്ലാ രാജസ്ഥാനങ്ങളും ഇല്ലാതായെങ്കിലും പദ്മനാഭസ്വാമി ക്ഷേത്രം രാജഭരണത്തിൽ തുടരുമെന്ന് ഇന്ത്യൻ യൂണിയൻ സമ്മതിച്ച് ഒപ്പിട്ടു കൊടുത്തതാണ്. ഈ ഉടമ്പടി രാജാവിന്റെ കാലം കഴിയുന്നതോടെ അവസാനിക്കുന്നതല്ല എന്നതാണ് സുപ്രീംകോടതി വിധിയുടെ കാതൽ.
അതേസമയം കൊച്ചി രാജാവാകട്ടെ ഇങ്ങനെ വലിയ ഉപാധികളൊന്നും സംയോജനത്തിനായി മുന്നോട്ട് വച്ചില്ല. തൃപ്പൂണിത്തുറ പൂർണത്രയീക്ഷര ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം രാജകുടുംബത്തിന് നൽകണമെന്നും കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പഞ്ചാംഗത്തിന്റെ ഫ്രീ കോപ്പി തുടർന്നും നൽകണമെന്നും മാത്രമാണ് ആവശ്യപ്പെട്ടത്.
ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലം കഴിയുവോളം പദ്‌മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് വിവാദങ്ങളൊന്നും ഉയർന്നിരുന്നില്ല. ഉത്രാടം തിരുനാളിന്റെ രംഗപ്രവേശത്തോടെയാണ് വ്യവഹാരത്തിന്റെ കാലവും തുടങ്ങിയത്. ക്ഷേത്രത്തിലെ നിലവറകൾ തുറന്ന് സ്വർണ, വെള്ളി ആഭരണങ്ങളുടെ ഫോട്ടോയെടുക്കാനുള്ള ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ 2007 ആഗസ്റ്റ് 2ലെ തീരുമാനത്തിനെതിരെ രണ്ട് ഭക്തർ തിരുവനന്തപുരം മുൻസിഫ് കോടതിയിലും തുടർന്ന് സബ് കോടതിയിലും ഹർജി നൽകി. 2009 ഡിസംബറിലാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ടി.പി. സുന്ദർരാജൻ കേരള ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകിയത്. കീഴ് കോടതിയും ഹൈക്കോടതിയും ക്ഷേത്രം സർക്കാരിന് അവകാശപ്പെട്ടതാണെന്ന് വിധിച്ചു. ഇതിനെതിരെ അപ്പീലുമായി രാജകുടുംബം സുപ്രീംകോടതിയിലെത്തി. 2011 ഏപ്രിൽ 27നായിരുന്നു ഇത്. മേയ് 5ന് നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തി വിവരം അറിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പിനിടെയാണ് ക്ഷേത്രം ലോക പ്രസിദ്ധമായത്. ഇതിനൊക്കെ മുമ്പ് തന്നെ ഒറ്റക്കൽ മണ്ഡപത്തിൽ സ്വർണം പൂശലും അവിടെ നിന്നും ഒരു കള്ളൻ സ്വർണ തകിട് മോഷ്ടിച്ചതിന് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് ഉണ്ടായതും തൊണ്ടിമുതലിന്റെ മാറ്റ് പരിശോധിച്ചപ്പോൾ കുറവ് കണ്ടെത്തിയതുമായ കാര്യങ്ങളും പശ്ചാത്തലത്തിൽ നടക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ സ്വത്ത് വിവരം പുറത്തുവന്നതോടെ എല്ലാവർക്കും താത്പര്യം കൂടി. റീ ബിൽഡ് കേരള എന്ന ആശയം പോലും ചിലരിലൊക്കെ ഉദിച്ചുവന്നു. ക്ഷേത്ര സ്വത്തിൽ തങ്ങൾക്ക് ഒരു അവകാശവും വേണ്ടെന്നും അത് പദ്‌മനാഭസ്വാമിക്ക് അവകാശപ്പെട്ടതാണെന്നും രാജകുടുംബം സുപ്രീംകോടതിയിൽ എഴുതി നൽകി. അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്റെ സ്വതസിദ്ധമായ രീതിയിലുള്ള ചില സംഭാഷണങ്ങളും ഇടപെടലുകളും ഉണ്ടായി. സുപ്രീംകോടതിയിൽ ഒമ്പത് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ വിധി വരുമ്പോൾ ഉത്രാടം തിരുനാളും ടി.പി. സുന്ദർരാജനും ഇല്ല. സർക്കാരിന് സംരക്ഷണ ചുമതല കിട്ടി. രാജകൊട്ടാരത്തിന് ഭരണ ചുമതലയും. അമൂല്യമായ നിധിശേഖരം ആർക്കും തൊടാൻ കഴിയാത്ത വിധം പദ്മനാഭസ്വാമിക്ക് മാത്രം അവകാശപ്പെട്ടതായി. പദ്‌മനാഭസ്വാമിയുടെ വിഗ്രഹമാകട്ടെ ഒന്നുമറിയാത്തപോലെ കണ്ണുമടച്ച് യോഗനിദ്രയിൽ ശയിക്കുന്നു. എല്ലാം ശുഭം. ഈ അവസരത്തിൽ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആത്മസമർപ്പണവും ദീർഘദൃഷ്ടിയും സ്മരിക്കാതിരിക്കാനാവില്ല. തിരിഞ്ഞുനോക്കുമ്പോൾ ഭക്തരിലൂടെ യുക്തിവാദികളിലൂടെ പൊലീസിലൂടെ കോടതികളിലൂടെ മാദ്ധ്യമങ്ങളിലൂടെ ചില പ്രധാനവും അപ്രധാനവുമായ വ്യക്തികളിലൂടെ ഇതെല്ലാം പദ്‌മനാഭസ്വാമി നടത്തിയ ഒരു ലീല എന്നല്ലാതെ എന്ത് പറയാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |