SignIn
Kerala Kaumudi Online
Tuesday, 08 July 2025 1.28 PM IST

കൊവിഡ് മഹാമാരി മാത്രമല്ല, കുറഞ്ഞ പക്ഷം തോട്ടപ്പള്ളിയിൽ

Increase Font Size Decrease Font Size Print Page
thottappalli-1
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം സംയുക്ത സമരസമിതി പ്രവർത്തകർ തടയുന്നു

കൊവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ നിത്യവും നാം കാണുന്നുണ്ട്. എങ്ങനെയെങ്കിലും ഇത് ഒന്നൊഴിഞ്ഞുപോകണേ എന്ന പ്രാർത്ഥനയാണ് എല്ലാ ജനങ്ങൾക്കും.കൊവിഡിനെ തുരത്താൻ അറിയാവുന്ന എല്ലാ അടവുകളും പയറ്റുകയാണ് ലോകത്തെമ്പാടും ആരോഗ്യ പ്രവർത്തകരും ഭരണകൂടങ്ങളും. പക്ഷെ ആലപ്പുഴ എന്ന കൊച്ചുജില്ലയിലെ, തോട്ടപ്പള്ളി എന്ന കൊച്ചു പ്രദേശത്ത്, കുറച്ച് ആൾക്കാർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ കൊവിഡ് ഗുണപ്പെട്ടതാണ് അത്ഭുതം. ഇതു കേൾക്കുമ്പോൾ കൊവിഡിനെ പുകഴ്ത്താനുള്ള പുറപ്പാടാണെന്ന് കരുതരുത്. 'പാണ്ടിന് തേച്ച മരുന്ന് വെളുക്കാനുള്ള വഴിയായി' എന്ന റിവേഴ്സ് ചിന്തയിലെടുത്താൽ മതി.

കേരളത്തെ ആകെ പിടിച്ചുകുലുക്കുമെന്ന് സ്വയം സ്വപ്നം കണ്ടും മറ്റുള്ളവരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചും തോട്ടപ്പള്ളി സ്പിൽവെയുടെ ചുറ്റുവട്ടത്ത് തുടങ്ങിയ കരിമണൽ ഖനനവിരുദ്ധ സമരത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കറുത്തപൊന്നെന്ന് വിളിപ്പേരുള്ളതും ആലപ്പുഴയുടെ തീരഭാഗങ്ങളിൽ സമൃദ്ധമായി കണ്ടുവരുന്നതുമായ കരിമണൽ കടത്തിക്കൊണ്ടുപോകാൻ കഴുകൻ കണ്ണുകളുമായി വട്ടംചുറ്റാൻ തുടങ്ങിയവർ കുറച്ചൊന്നുമല്ല. പോകുന്ന പോക്കിൽ ചിരട്ടയിലാണെങ്കിലും ഇത്തിരി കരിമണൽ കൂടി എടുത്താൽ ചിലർക്കൊക്കെ ഒരു മനസമാധാനവുമാണ്. കൊടുത്താൽ കിട്ടുന്ന വിലയാണേ ഇതിന് കാരണം. ഭൂരിപക്ഷം നാട്ടുകാരും ന്യൂനപക്ഷം വരുന്ന പരിസ്ഥിതി പ്രേമികളുമൊക്കെ പലപ്പോഴായി നടത്തിയ പ്രതിഷേധ മസിലുപിടുത്തത്താൽ ആണ് ഖനനം ഇവിടെ ഒഴിഞ്ഞു നിന്നത്.

അങ്ങനെയിരിക്കെയാണ് കാലവർഷത്തിന്റെ സൂചന വരുന്നത്. തോട്ടപ്പള്ളി സ്പിൽവെ വഴിയുള്ള നീരൊഴുക്ക് നല്ല നിലയിൽ കനത്താലേ കിഴക്കൻ വെള്ളം മുഴുവൻ സ്പിൽവെ വഴി ഒഴുകി കടലിൽ പതിച്ച്,കുട്ടനാട് പ്രളയദുരന്തത്തിൽ നിന്ന് രക്ഷപ്പെടൂ എന്ന് ആർക്കാണ് അറിയാത്തത്. ഇതിനായി എല്ലാ വർഷവും പൂർവാധികം ഭംഗിയായി പൊഴിമുറിക്കൽ മഹാമഹം സർക്കാർ തന്നെ സംഘടിപ്പിക്കാറുമുണ്ട്. ഇറിഗേഷൻ വകുപ്പാണ് ഇതിന് ചുമതല വഹിക്കാറുള്ളത്. എന്നാൽ സർക്കാരിന്റെ തലപ്പത്തുള്ള ചില ബുദ്ധിജീവികൾ ഇക്കുറി പതിവ് സമ്പ്രദായത്തിന് ഒരു മാറ്റം വരുത്താൻ തീരുമാനിച്ചു. എത്ര കരിമണൽ കിട്ടിയാലും മുഴുക്കാതിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിനെ പൊഴിമുറിക്കുന്ന ചുമതല ഏൽപ്പിക്കുക, മുറിക്കുന്ന ഭാഗത്തെ മണൽ അവർക്ക് നൽകിയാൽ സർക്കാരിന് പണവും കിട്ടും പൊഴിമുറിക്കലും നടക്കും, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകും.'പശുവിന്റെ കടിയും മാറും കാക്കയുടെ പശിയും മാറും ' എന്ന പഴയ ചൊല്ലിന്റെ അടിസ്ഥാനത്തിലുള്ള ഒരു ന്യൂജെൻ തിങ്കിംഗ്. ഐഡിയ പ്രാവർത്തികമാക്കാൻ തീരുമാനമായി.തോട്ടപ്പള്ളി പൊഴിമുഖത്ത് , തൃശ്ശൂർ പൂരത്തിന് ആനകൾ നിരക്കുന്നതുപോലെ ജെ.സി.ബി.കൾ നിരന്നു.വാരുന്ന മണൽ ചൂടാറും മുമ്പ് കൊണ്ടുപോകാൻ ദേശീയപാതയോരത്ത് ടിപ്പർ ലോറികളും നിരന്നു.ദീപാരാധനയ്ക്ക് മുമ്പുള്ള ശംഖുവിളിപോലെ മണൽ നീക്കം തുടങ്ങും മുമ്പെ സ്പിൽവെയുടെ പടിഞ്ഞാറു വശത്തുള്ള ആയിരത്തോളം കാറ്രാടി മരങ്ങൾ കൊച്ചുവെളുപ്പാൻ കാലത്ത് മുറിച്ചു മാറ്റുകയും ചെയ്തു.കാറ്റാടി മരത്തിന്റെ വേരുകൾ നിന്നാൽ നീരൊഴുക്ക് തടസപ്പെടുമെന്ന പുത്തൻ സമവാക്യവും തോട്ടപ്പള്ളിക്കാരെ അധികൃതർ പഠിപ്പിച്ചു.

പന്തലുയർന്നു,

സമരകാഹളം മുഴങ്ങി

ഖനനത്തിനെതിരെ സംയുക്ത സമരസമിതി ശക്തമായ സമരം പ്രഖ്യാപിച്ചു. നിസാരരല്ല, സമിതിയിലുള്ളത്. രാജ്യം പണ്ട് ഭരിച്ചു ക്ഷീണിച്ച കോൺഗ്രസ്, ഇപ്പോൾ ഭരിച്ചു ക്ഷീണിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി, തീരദേശത്തിന്റെ കുത്തകക്കാരായ ധീവരസഭ,യു.ഡി.എഫിലെ ഘടക കക്ഷികൾ തുടങ്ങിയവരാണ് നിരന്നത്.' പിണ്ണാക്ക് തന്നില്ലെങ്കിൽ ചക്കിൽ സാധിക്കുമെന്ന'കൊതിക്കെറുവു പോലെ സംസ്ഥാനത്തെ ഭരണകക്ഷിയിൽപ്പെട്ട ,ദേശീയ പാർട്ടിയായ സി.പി.ഐയും ഒരുഭാഗത്ത് സമരം തുടങ്ങി.വി.എം.സുധീരനെ പോലുള്ള 'കളങ്കരഹിത മാനസ നിസ്വാർത്ഥ ശുഭ്ര പരിസ്ഥിതി ശ്രീമാനും ' സർവ്വ ആശീർവാദങ്ങളുമായി സമര പന്തൽ സന്ദർശിച്ച് വിയർപ്പ് പൊടിയാത്ത മുഖവുമായി സംതൃപ്തനായി മടങ്ങി.പന്തലിൽ സമരം കൊഴുക്കുന്നു, പന്തലിന് മുന്നിലൂടെ ടിപ്പർ ലോറികളിൽ കരിമണൽ നീങ്ങുന്നു- രണ്ട് പ്രക്രിയകളും സമാന്തരമായി നടന്നുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ മെയ് 25 മുതൽ.

ഒരു വഴിക്ക് കൊവിഡ് നിയന്ത്രണങ്ങൾ കാരണം സാമൂഹിക അകലം പാലിച്ച് സമരം നടത്തേണ്ടതിനാൽ സി.പി.ഐയുടെ സമരം വൻ വിജയമായി.കൊഴുക്കും തോറും അയയുകയും അയയും തോറും കൊഴുക്കുകയും ചെയ്ത സംയുക്ത സമി സമിതിയുടെ പ്രതിഷേധം സർക്കാരാവട്ടെ കണ്ട മട്ട് കാണിച്ചുമില്ല. ഉദ്ദേശിച്ച വിജയത്തിലേക്ക് കാര്യങ്ങൾ എത്തില്ലെന്ന് ബോദ്ധ്യമായതോടെ എങ്ങനെയും സമരത്തിന് ഒരു സമാപ്തി വേണമെന്ന ചിന്തയിലേക്ക് നേതാക്കളുമെത്തി. മീശമാധവനിലെ പിടലിയെ പോലെ ' ഞാനൊന്ന് തിരുവന്തോരത്ത് പോയി വന്നാലോ ' എന്ന് ചിലരെങ്കിലും ചോദിച്ചു തുടങ്ങി. ഇത്തരുണത്തിലാണ് പ്രദേശത്തിന്റെ തൊട്ടടുത്ത മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന, കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയ ചാണക്യനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവതരിക്കുന്നത്. എപ്പോഴും കേരള മുഖ്യമന്ത്രിയെ കത്തെഴുതി പേടിപ്പിക്കാറുള്ള രാഷ്ട്രീയ മല്ലൻ. തോട്ടപ്പള്ളി സമര പ്രശ്നത്തിലും ചാണക്യൻ ഇടപെട്ടു. സ്വന്തം ലെറ്റർ പാഡിൽ, സ്വന്തം കൈപ്പടയിൽ, സ്വന്തം വാക്കുകൾ ഉപയോഗിച്ച് ,സ്വന്തമായി തയ്യാറാക്കിയ ഭീഷണിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചു. എത്രയും പെട്ടെന്ന് സമരം വിജയിച്ചതായി പ്രഖ്യാപിച്ച് അവസാനിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നതായിരുന്നു കത്തിലെ ആവശ്യം.പതിവുപോലെ കത്ത് കുട്ടയിൽ വിശ്രമിച്ചു.ഒരു നടപടിയും ഉണ്ടായില്ല. 'നനഞ്ഞിട്ട് ഉടുക്കാനും വയ്യ, പിഴിഞ്ഞ് ഒന്നു വിരിക്കാനും വയ്യ' എന്ന പരുവത്തിലായ സമരക്കാർ മുഖാമുഖം നോക്കി. എങ്ങനെ ഈ സമരത്തിൽ നിന്ന് തലയൂരാനാവും. അറസ്റ്റിനും റോഡു തടയലിനുമൊന്നും ഒരു സ്കോപ്പുമില്ല. സമരം തീർത്തേ പറ്റൂ. അങ്ങനെ ധർമ്മ സങ്കടപ്പെട്ടു നിന്നവരുടെ വിളി ദൈവം കേട്ടു.കെ.എം.എം എല്ലിലെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. അതോടെ തോട്ടപ്പള്ളിയിലെ മണ്ണെടുപ്പ് തത്ക്കാലം നിർത്തി വയ്ക്കാൻ അവർ തീരുമാനിച്ചു.സമരക്കാർക്ക് ശ്വാസം വീണത് അപ്പോഴാണ്. എങ്കിലും പെട്ടെന്നങ്ങ് മാറാൻ കഴിയുമോ.വർദ്ധിത വീര്യരായി അവർ പ്രഖ്യാപിച്ചു , 'ഇനി മണ്ണെടുക്കുമ്പോഴേ സമരമുള്ളു. അതു വരെ വിശ്രമം.വീണ്ടും മണ്ണെടുപ്പിന് എത്തിയാൽ സമരം വീണ്ടും തുടങ്ങും.ഇത് സത്യം, സത്യം, സത്യം'.

ഇതു കൂടി കേൾക്കണേ

സമരം നിർത്തി സമരക്കാർ പിരിഞ്ഞെങ്കിലും പാവം പന്തൽ അനാഥമായി. മറ്റു ശല്യമില്ലാത്തതിനാൽ രാത്രി കാലത്ത് തെരുവ് നായ്ക്കൾക്ക് ഇവിടെ സുഖവിശ്രമം.

TAGS: ALAPPUZHA DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.