ഒരു ഇടവേളയ് ക്ക് ശേഷം
മലയാള സിനിമയിലേക്ക് മോഹൻലാലിന്റെ
നീരാളി എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ
നദിയ മൊയ്തു സംസാരിക്കുന്നു
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മോഹൻലാലിന്റെ നീരാളി എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ നദിയാ മൊയ്തു സംസാരിക്കുന്നു.
''ആ പടത്തിലേക്കുള്ള എന്റെ കാസ്റ്റിംഗ് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.
ഇതുകൂടാതെ ഒരു തെലുങ്ക് സിനിമയും ചെയ്തു. നാ പേര് സൂര്യ. വംശിയാണ് സംവിധായകൻ. അല്ലു അർജുൻ നായകനും. അല്ലുവിന്റെ അമ്മയായാണ് അഭിനയിച്ചത്.
സറീന മൊയ്തു എങ്ങനെ നദിയാ മൊയ്തുവായി?
നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലേക്ക് വന്നപ്പോൾ കിട്ടിയ പേരാണ് നദിയ. ഫാസിലങ്കിളിന്റെ സഹോദരൻ നാസറിന്റെ ഭാര്യയാണ് നദിയ എന്ന പേര് നിർദ്ദേശിച്ചത്. അക്കാലത്ത് സറീന വഹാബ് മലയാളത്തിൽ സജീവമായിരുന്നു. അതാണ് പേരുമാറ്റത്തിന് കാരണം.
സിനിമയിൽ എങ്ങനെയാണ് ഇത്രയേറെ ഇടവേളകൾ ഉണ്ടായത്?
എന്റെ രണ്ടാംവരവ് വധു ഡോക്ടറാണ് എന്ന സിനിമയിലൂടെയായിരുന്നു. അത് ഞാൻ അമേരിക്കയിൽ നിന്ന് അവധിക്കു വന്നപ്പോൾ ചെയ്തതാണ്. എന്റെ അനുജത്തിയുടെ കല്യാണത്തിനു വേണ്ടി വന്ന സമയമായിരുന്നു അത്. ഞാൻ കല്യാണം കഴിച്ച് അമേരിക്കയിലേക്ക് പോയ സ്ഥിതിക്ക് അവിടെനിന്നു വന്ന് പടങ്ങൾ ചെയ്യുക പ്രായോഗികമായിരുന്നില്ല. എന്റെ ഫിലിം കരിയർ അതോടെ തീർന്നുവെന്നാണ് കരുതിയത്. അമേരിക്കയിൽ പോയ ഇടയ്ക്കും പപ്പയുടെയടുത്ത് അന്വേഷണങ്ങൾ വരുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ സിനിമയ്ക്ക് വലിയ പ്രാധാന്യം കൊടുത്തില്ല. അമേരിക്കയിൽ നിന്ന് തിരിച്ചെത്തി മുംബയിൽ സ്ഥിര താമസമാക്കിയപ്പോഴാണ് സിനിമയിൽ ഒരിക്കൽ കൂടി സജീവമായത്.
എനിക്ക് രണ്ട് പെൺകുട്ടികളാണ്. രണ്ടുപേരും അമേരിക്കയിലാണ് പഠിക്കുന്നത്.
നല്ല പടങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവസരങ്ങൾ വന്നാൽ ചെയ്യും. ഇപ്പോൾ മക്കൾ കൂടെയില്ലാത്തതുകൊണ്ട് കുറച്ചുകൂടി സമയമുണ്ട്. കുട്ടികൾ ചെറുതായിരിക്കെ അവരുടെ കാര്യങ്ങൾ നോക്കാൻ തന്നെ സമയം തികയുമായിരുന്നില്ല. അതുകൊണ്ടാണ് പല അവസരങ്ങളും വേണ്ടെന്നുവച്ചത്.
വളരെ കുറച്ചു പടങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകർ എന്നെ ഓർത്തിരിക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷേ കേരളവുമായി ബന്ധപ്പെട്ടു നിൽക്കാത്തതുകൊണ്ടായിരിക്കും അവിടെനിന്ന് സിനിമയിലേക്ക് അധികം വിളി വരാത്തത്. അതിനായിട്ട് ഞാൻ ഒന്നും ചെയ്യുന്നില്ല. എനിക്ക് പി.ആർ.ഒയോ മാനേജരോ ഒന്നുമില്ല. സോഷ്യൽ മീഡിയയയിലുമില്ല. ഇടയ്ക്ക് വല്ല സിനിമയിലേക്കും വിളിച്ചാൽ ഇഷ്ടപ്പെടുകയാണെങ്കിൽ ചെയ്യും. അത്രമാത്രം. എന്റെ പ്രായത്തിനൊത്തുള്ള കാരക്ടേഴ്സ് ഇപ്പോൾ വരുന്നില്ലല്ലോ. പിന്നെ പ്രേക്ഷകർ നദിയാമൊയ്തുവിനെ കാണാൻ വരുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടാകില്ലേ? അതുകൊണ്ട് എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്ന കഥാപാത്രങ്ങളെ സ്വീകരിക്കാറുള്ളൂ.
ഇപ്പോൾ ഏറ്റവും കൂടുതൽ ഓഫർ വരുന്നത് ടെലിവിഷനിൽ നിന്നാണ്. തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമൊക്കെ ശക്തമായ വേഷങ്ങൾ ചെയ്യാനായി വിളിക്കുന്നുണ്ട്. പക്ഷേ ദിവസേന കാണിക്കുന്ന സീരിയലിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല. വീക്കെൻഡ് ഷോകളാണെങ്കിൽ കുഴപ്പമില്ല. എല്ലാ ദിവസവും കാണിക്കുന്നവയിൽ അഭിനയിച്ചാൽ ഞാൻ തന്നെ എന്നെ കണ്ട് മടുത്തുപോകും. പിന്നെയെങ്ങനെ ആൾക്കാർ എന്നെ സഹിക്കും? അതുകൊണ്ടാണ് ടെലിവിഷൻ രംഗത്തേക്കു പോകാത്തത്. ടെലിവിഷനിലെ അഭിനയം അത്ര ഈസിയല്ല. സീരിയലിൽ അഭിനയിക്കുന്നവരെ സമ്മതിക്കണം. അതിന് ഒരുപാട് സമർപ്പണം വേണം. മെനക്കെട്ട പണിയാണ്. റേറ്റിംഗില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല. ഇപ്പോഴത്തെ കാര്യങ്ങളിൽ ഞാൻ ഹാപ്പിയാണ്. അതുകൊണ്ട് ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു.
ദൃശ്യം തെലുങ്കുപതിപ്പിലെ ഗീതാപ്രഭാകർ പ്രേക്ഷകരുടെ കൈയടി നേടിയല്ലോ?
എന്റെ തെലുങ്ക് ചിത്രം 'അട്ടാറിന്റികി ദാരേദി " വലിയ ഹിറ്റായിരുന്നു. അതു കണ്ടിട്ടാണ് ഗീതാപ്രഭാകർ എന്ന കഥാപാത്രം എന്നെ തേടിവന്നത്. അവർക്ക് ആ റോളിലേക്ക് എന്നെത്തന്നെ വേണമായിരുന്നു. തെലുങ്കിലും ദൃശ്യം സൂപ്പർ ഹിറ്റായി. അതുപോലൊരു തിരക്കഥ കിട്ടാൻ ബുദ്ധിമുട്ടാണ്. നല്ല സബ്ജക്ടായിരുന്നു.
മലയാളം ദൃശ്യം നേരത്തേ കണ്ടിരുന്നോ?
കാണേണ്ടിവന്നു. റീമേക്കായതുകൊണ്ട് കാണുന്നത് ഗുണം ചെയ്യുമെന്ന് അവർ പറഞ്ഞു. എൺപതിലെ ആർട്ടിസ്റ്റുകളുടെ പുനഃസമാഗമം ചെന്നൈയിൽ നടന്നപ്പോൾ ഞാനതിൽ പങ്കെടുത്തിരുന്നു. അതിനടുത്ത ദിവസം എനിക്കുവേണ്ടി ദൃശ്യത്തിന്റെ സ്ക്രീനിംഗ് നടത്തി. മലയാളത്തിൽ ആശ ശരത്ത് ആ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അവർക്കു പറ്റിയ ഒരു കാരക്ടറായിരുന്നു അത്.
ഇപ്പോൾ കൂടുതലും തെലുങ്കുചിത്രങ്ങളാണല്ലോ ?
തെലുങ്കിൽ എനിക്ക് ശക്തമായ കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. അതു കാരണമാണ് ഞാൻ തെലുങ്കിൽ കൂടുതൽ ശ്രദ്ധിക്കുന്നത്.
വിവാഹശേഷം അഭിനയരംഗത്ത് തുടരുന്നതിൽ ഭർത്താവിന്റെ നിലപാട്?
കുടുംബജീവിതവും ജോലിയും ഒരുമിച്ചുകൊണ്ടുപോകാൻ സാധിക്കണമെന്നേയുള്ളൂ. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാനത് ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നുണ്ട്. അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയിലെ മുംബയ് ഓഫീസിൽ മാനേജിംഗ് ഡയറക്ടറാണ് ഭർത്താവ് ശിരിഷ് . കത്തിനിൽക്കുമ്പോഴാണ് ഞാൻ സിനിമ വിട്ട് വിവാഹിതയായതെന്ന് ശിരിഷിനറിയാം. തമിഴ് ചിത്രം എം. കുമരൻ സൺ ഒഫ് മഹാലക്ഷ്മിയിലേക്ക് വിളി വന്നപ്പോൾ അവസരം കളയണ്ട, നീ ചെയ്തുനോക്കെന്ന് ശിരിഷാണ് പറഞ്ഞത് . ആ പടം വലിയ ഹിറ്റായി.
കുട്ടികൾക്ക് കലാവാസനയുണ്ടോ?
അവർ ഒത്തിരി ടാലന്റഡാണ്. സ്പോർട്സ്, മ്യൂസിക്, ഡാൻസ് എല്ലാറ്റിലുമുണ്ട്. ഇപ്പോഴവർ കരിയർ ഫോക്കസ്ഡാണ്. ഞങ്ങൾ എല്ലാവിധ പ്രോത്സാഹനവും നൽകുന്നുണ്ട്. വിദ്യാഭ്യാസമാണ് പ്രധാനം. അതവർ തിരിച്ചറിയുന്നു. ഭാവിയിൽ അവരുടെ വഴി സ്വയം തിരഞ്ഞെടുക്കട്ടെ.
വിവാഹത്തിന് ശേഷം നടിമാരിൽ പലരും ശരീരം ശ്രദ്ധിക്കാറില്ല. നദിയ അങ്ങനെയല്ലല്ലോ?
മാതാപിതാക്കളിൽ നിന്ന് എനിക്കു നല്ല ശീലങ്ങൾ പകർന്നു കിട്ടിയിട്ടുണ്ട്. ശരീരം ഫിറ്റായിരിക്കാൻ ഞാൻ നന്നായി മെനക്കെടുന്നുണ്ട്. സ്ഥിരമായി എക്സർസൈസ് ചെയ്യും.യോഗയും വെയ്റ്റ് ട്രെയ്നിംഗും ചെയ്യാറുണ്ട്. പിന്നെ മനസ് കൊണ്ട് ഞാനൊരിക്കലും ചെറുപ്പം വിട്ടിട്ടില്ല. അതൊക്കെയായിരിക്കും കാരണം.
'മേനെ പ്യാർ കിയ' എന്ന ഹിന്ദി ചിത്രത്തിൽ സൽമാന്റെ നായികയാകാൻ അവസരം ലഭിച്ചിരുന്നതായി കേട്ടിട്ടുണ്ട്?
കല്യാണം തീരുമാനിച്ച വേളയിലാണ് മേനെ പ്യാർ കിയയിലേക്ക് വിളി വന്നത്. അതുകൊണ്ട് ആ ക്ഷണം സ്വീകരിച്ചില്ല. അതിനുമുമ്പും ഒന്നുരണ്ട് ഹിന്ദി പടങ്ങൾ വന്നിരുന്നു. പക്ഷേ സൗത്തിൽ ബിസിയായിരുന്നതിനാൽ സ്വീകരിക്കാനൊത്തില്ല. സൗത്തിൽ എന്റെ നിബന്ധനകൾക്കനുസരിച്ച് പടങ്ങൾ കിട്ടുന്നുണ്ടായിരുന്നു. അതൊക്കെ വിട്ട് എന്തിന് ഹിന്ദിയിലേക്ക് വരണമെന്നായിരുന്നു ചിന്ത. അതുകൊണ്ട് ഹിന്ദിയിൽ വലിയ താത്പര്യമെടുത്തില്ല. മേനെ പ്യാർ കിയ വലിയ ഹിറ്റായി. എന്നാൽ അതിൽ അഭിനയിക്കാത്തതിൽ വിഷമം തോന്നിയില്ല. അപ്പോൾ എനിക്കു വിവാഹമായിരുന്നു മുഖ്യം. എല്ലാകാര്യങ്ങൾക്കും ഒരു സമയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |