തിരുവനന്തപുരം: കൊവിഡ് പടരുമ്പോൾ മറ്റ് രോഗങ്ങൾക്ക് ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് വിദഗ്ദ്ധ ഡോക്ടർമാരുടെ ചികിത്സ തേടാൻ കഴിയുന്ന ഇ- സഞ്ജീവനി വലിയ അനുഗ്രഹമാണെന്നും അത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഡോക്ടർ കൂടിയായ പ്രശസ്ത യുവനടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഇ - സഞ്ജീവനിയെകുറിച്ചുള്ള അറിവില്ലായ്‌മയാണ് ആളുകൾ അത് ഉപയോഗിക്കാത്തതിനു കാരണം. ഒരു കോളേജ് ഗ്രൂപ്പിൽ വന്നപ്പോഴാണ് ഞാൻ അറിയുന്നത്. ഇതിന്റെ വിവരങ്ങൾ എല്ലാവരിലും എത്തണം. രക്ഷിതാക്കൾക്കും പ്രായമേറിയവർക്കും ഡോക്ടറോടു സംസാരിച്ച് ആശങ്കകൾ തീർക്കാം. പുറത്തുപോകുമ്പോഴെല്ലാം സമ്പർക്കം വഴി കൊവിഡ് ബാധിച്ചോ എന്ന സംശയമാണ്. വീട്ടിലേക്കു വരുമ്പോൾ ശരീരത്തിൽ വൈറസ് കയറിയോ അതിനെ കുടുംബാംഗങ്ങൾക്ക് കൊടുക്കുകയാണോ എന്ന ആശങ്കയാണ് എനിക്ക്. ഇപ്പോൾ ആശുപത്രിയിൽ പോവാൻ പേടിയാണ്. ഇ- സഞ്ജീവനിയിൽ ഒ.പിയും ഡോക്ടർമാരും ഉണ്ട്. ഫോണിലൂടെയും ഓൺലൈനിലൂടെയും സേവനം ലഭിക്കും. പുറത്തു പോകാതെ വീടിന്റെ സുരക്ഷയിൽ ഡോക്ടറുടെ സേവനം നേടാം. അത് പരമാവധി പ്രയോജനപ്പെടുത്തണം - ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
കൊച്ചിയിലെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എം.ബി.ബി.എസ് പാസായ ഐശ്വര്യ ലക്ഷ്മി ഹൗസ് സർജൻസി ചെയ്യുമ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങളിൽ നായികയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |