തിരുവനന്തപുരം: 1.25 ലക്ഷം രൂപ വരെ മാസ ശമ്പളം നൽകി രണ്ടു കരാർ ജീവനക്കാരെ മുൻ ചീഫ് സെക്രട്ടറി ടോം ജോസ് സ്പെഷ്യൽ സെല്ലിൽ നിയമിച്ചത് സർക്കാർ പരിശോധിക്കും. സുപ്രധാന ഫയലുകളെത്തുന്ന ചീഫ്സെക്രട്ടറിയുടെ ഓഫീസിൽ, കരാറുകാരെ വിദേശ ഇടപെടലുകളുടെ ഏകോപനച്ചുമതല നൽകി നിയമിക്കുകയായിരുന്നു. ഇത്ര ഉയർന്ന ശമ്പളത്തിലെ നിയമനം ധനവകുപ്പും പരിശോധിക്കും.
വിദേശനിക്ഷേപം ആകർഷിക്കാനും വിദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാനുമെന്ന പേരിൽ സ്പെഷ്യൽ സെൽ രൂപീകരിച്ചത് വിദേശ ഇടപെടൽ ഫലപ്രദമായി നടത്തുന്ന നോർക്ക വകുപ്പുള്ളപ്പോഴാണ്. കിൻഫ്രയ്ക്ക് താത്കാലിക ജീവനക്കാരെ ലഭ്യമാക്കുന്ന മാൻപവർ കൺസൾട്ടൻസി ഏർപ്പാടാക്കിയവർ ഇപ്പോഴും വൻ ശമ്പളത്തിലും അധികാരത്തിലും ഭരണ സിരാകേന്ദ്രത്തിൽ തുടരുന്നു.
സെല്ലിന്റെ ഇടപെടലിലൂടെ എത്രത്തോളം വിദേശനിക്ഷേപമെത്തിയെന്ന് ഇനിവേണം അറിയാൻ. കേന്ദ്രാനുമതിയില്ലാതെ വിദേശ രാജ്യവുമായോ കമ്പനികളുമായോ കരാറോ ബന്ധമോ പറ്റില്ല.
സ്പെഷ്യൽസെൽ ടീം ലീഡർ, ഡെപ്യൂട്ടി ട്രംലീഡർ എന്നിവർക്ക് ശമ്പള ഇനത്തിൽ 36 ലക്ഷത്തോളം രൂപ ഇതിനകം നൽകിക്കഴിഞ്ഞു. ഒന്നേകാൽ ലക്ഷവും എഴുപത്തി അയ്യായിരവുമാണ് യഥാക്രമം മാസശമ്പളം.
സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലെ പ്രാവീണ്യം നിയമന യോഗ്യതയിലുൾപ്പെടുത്തിയപ്പോൾ അവശ്യം വേണ്ട അറബി ഭാഷ ഒഴിവാക്കി. നിയമിതരായവർക്ക് അറബിക് വശമില്ലാത്തതാണ് കാരണമത്രെ.
വീഡിയോ കോൺഫറൻസിൽ ഒതുങ്ങി
മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് സന്ദർശനത്തിനു പിന്നാലെ അവിടത്തെ ചില കമ്പനികൾ പ്രളയപ്രതിരോധ പദ്ധതികളിൽ താത്പര്യമറിയിച്ചിരുന്നു. മാസങ്ങളോളം തുടർ നീക്കങ്ങളുണ്ടായില്ല. നെതർലാൻഡ്സ് കമ്പനിയുമായി വീഡിയോ കോൺഫറൻസ് സജ്ജമാക്കിയതു മാത്രമാണ് അടുത്തിടെയുള്ള പ്രവർത്തനം. വിദേശ നിക്ഷേപക കമ്പനികളുമായുള്ള ചർച്ചകളുടെ ഫയലുകളൊന്നും സെല്ലിൽ ഇല്ലെന്നും വിവരമുണ്ട്.
കരാർ നിയമന വ്യവസ്ഥ ആവി
കരാർ ജീവനക്കാരുടെ ശമ്പളത്തിന് പരിധി നിശ്ചയിച്ച് ധനവകുപ്പിറക്കിയ ഉത്തരവ് അവഗണിച്ചായിരുന്നു സ്പെഷ്യൽ സെല്ലിലെ നിയമനം. മെഡിക്കൽ ഓഫീസറായി കരാറിൽ നിയമിക്കുന്ന ഡോക്ടർക്ക് 51,600 രൂപയാണ് ശമ്പളം. ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർക്കും ഹയർസെക്കൻഡറി അദ്ധ്യാപകർക്കും 39,500 രൂപയും. ദിവസവേതന നിയമനം 179 ദിവസത്തേക്കേ പാടുള്ളൂ. അദ്ധ്യാപകരാണെങ്കിൽ അദ്ധ്യയനവർഷം തീരും വരെ. ഇതൊന്നും ബാധകമാക്കാതെയാണ് സ്പെഷ്യൽ സെല്ലിലെ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |