സംസ്ഥാനത്ത് ഇന്നലെ 1038 പേർക്ക് കൊവിഡ് ആറു മരണം കൂടി, ആകെ 50
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധശ്രമങ്ങളെയും ജാഗ്രതയെയും വെല്ലുവിളിച്ച് കുതിക്കുന്ന കൊവിഡ് വ്യാപനത്തിൽ പ്രതിദിന രോഗബാധ ആയിരം കടക്കുകയും, സമ്പർക്ക രോഗികൾ വർദ്ധിക്കുകയും ചെയ്തതോടെ സ്ഥിതി അതിസങ്കീർണമായി. ഇന്നലെ മാത്രം രോഗം ബാധിച്ചത് 1038 പേർക്കാണ്. സമ്പർക്ക രോഗികൾ 785. ഉറവിടം വ്യക്തമല്ലാത്ത കേസുകൾ 67. ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,032 ആയി ഉയർന്നു.
രോഗവ്യാപനം എല്ലാ നിയന്ത്രണങ്ങളെയും മറികടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ സൂചന നൽകി. ഇതു സംബന്ധിച്ച് വിദഗ്ദ്ധരുടെ നിർദ്ദേശം ഗൗരവത്തോടെ പരിഗണിക്കകയും,, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടികൾ കൂടി കണക്കിലെടുക്കുകയും വേണം. നാളെ വൈകിട്ട് മൂന്നിനു ചേരുന്ന സർവകക്ഷി യോഗത്തിന് ശേഷമാവും തീരുമാനം.
, കൊവിഡ് ബാധിച്ച് ഇന്നലെ ഇടുക്കിയിൽ ഒരാൾ കൂടി മരിക്കുകയും, കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലായുണ്ടായ അഞ്ചു മരണങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ആകെ മരണസംഖ്യ 50 ആയി. ഇടുക്കി സ്വദേശി നാരായണനാണ് ഇന്നലെ മരിച്ചത്. ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തു (63). കാസർകോട് അണങ്കൂർ സ്വദേശി ഖൈറുന്നീസ് (48), കോഴിക്കോട് പള്ളിക്കണ്ടി പി.കെ. കോയട്ടി, കരുനാഗപ്പള്ളി കുലശേഖരപുരം റഹിയാനത്ത് (55), കണ്ണൂർ തൃപ്പങ്ങോട്ടൂർ സദാനന്ദൻ (50) എന്നിവർക്ക് മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ചു.അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിലായി 15,975 കൊവിഡ് കിടക്കകൾ കൂടി സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50 വെന്റിലേറ്ററുകൾ അധികമായി എത്തിക്കും.
തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം
തിരുവനന്തപുരത്താണ് സ്ഥിതി അതീവ ഗുരുതരം. ഇവിടെ 226 പുതിയ കേസുകളിൽ 190 പേർക്കും രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ. ഉറവിടം വ്യക്തമല്ലാത്തവർ 15. ഇന്നലെ മാത്രം 18 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ 133 പുതിയ രോഗികളിൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 92 പുതിയ കേസുകളുള്ള എറണാകുളത്ത്, ആലുവ നഗരസഭാ പരിധിയിലും സമീപത്തെ ആറ് പഞ്ചായത്തുകളിലും അനിശ്ചിതകാല കർഫ്യൂ കഴിഞ്ഞ അർദ്ധരാത്രി നിലവിൽ വന്നു.
ചികിത്സയിൽ
8816 പേർ
നിലവിൽ വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത് 8818 പേരാണ്. ഒൻപതു പേർ വെന്റിലേറ്ററിലും 53 പേർ ഐ.സി.യുവിലും. 1,59,777 പേർ നിരീക്ഷണത്തിലുണ്ട്. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 397 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |