കൊവിഡ് മഹാമാരി നമ്മുടെ സാമ്പത്തിക തൊഴിൽ മേഖലകളുടെ പുരോഗതിയിൽ വളരെയധികം ഇടിവുണ്ടാക്കിയിട്ടുണ്ട്. കാർഷിക മേഖലയിലൂടെ മാത്രമേ ഗ്രാമീണ സമ്പദ്‌ഘടനയുടെ പുനരുജ്ജീവനം സാദ്ധ്യമാകൂ. ഇതിൽത്തന്നെ സാധാരണക്കാരായ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പുനരുജ്ജീവനത്തിനുള്ള ഏറ്റവും അനുയോജ്യമായ മേഖല ക്ഷീരവികസനമാണ്. സ്ഥിരമായ വിലയും വിപണിയും സഹകരണ മേഖലയുടെ ശക്തമായ മേൽക്കോയ്മയും ക്ഷീരമേഖലയുടെ വിശ്വാസ്യതയ്ക്കും പുരോഗതിക്കും കാരണമായിട്ടുണ്ട്. തുടർച്ചയായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലും കേരളത്തിലെ പാലുത്‌പാദനവും സംഭരണവും ഇക്കാര്യം വ്യക്തമാക്കുന്നു.
കേരളത്തിലെ പാലുത്‌പാദനത്തിന്റെയും പാൽ സംഭരണത്തിന്റെയും ചാർട്ടുകൾ
കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ മാത്രം നടപ്പാക്കിയിരുന്ന കിസാൻ ക്രെഡിറ്റ് കാർഡ് 2019 മുതൽ ക്ഷീരവികസനം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചു. കാർഷിക - അനുബന്ധ മേഖലകളിലെ ഉത്‌പാദകർക്ക് കുറഞ്ഞ പലിശ നിരക്കിലും ഏറ്റവും ലളിതമായും പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വട്ടപ്പലിശക്കാരെ ഒഴിവാക്കുന്നതിനും ഉയർന്ന പലിശയ്ക്ക് വായ്പയെടുത്ത് കടക്കെണിയിലാകുന്നത് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് നിലവിൽ വന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ക്ഷീര കർഷകർക്കും (9.86 ലക്ഷം) കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ളത്. 2020 ജൂലായ് 31 വരെയുള്ള ഒന്നാം ഘട്ട നിർവഹണ കാലയളവിൽ സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 3330 ക്ഷീരസഹകരണ സംഘങ്ങളിൽ നിലവിൽ പാലളക്കുന്ന 2.17 ലക്ഷം ക്ഷീരകർഷകരെ പദ്ധതിയിൽ അംഗമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ക്ഷീരവികസന വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. സംസ്ഥാന ലീഡ് ബാങ്ക്, മൃഗസംരക്ഷണ വകുപ്പ്, മിൽമ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങൾ മുഖേനയാണ് താഴെത്തട്ടിൽ പദ്ധതി നിർവഹണം നടത്തുന്നത്.
കിസാൻ ക്രെഡിറ്റ് കാർഡുടമകളായ ക്ഷീരകർഷകർക്ക് നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ പ്രവർത്തനമൂലധന വായ്പ ലഭിക്കും. തീറ്റവസ്തുക്കൾ വാങ്ങൽ, തീറ്റപ്പുൽകൃഷി, കാലിത്തൊഴുത്ത് നവീകരണം, ചെറുകിട യന്ത്രവത്‌കരണം, ഇൻഷ്വറൻസ് പ്രീമിയം ഒടുക്കൽ, രോഗചികിത്സ തുടങ്ങിയ ഹ്രസ്വകാല ആവശ്യങ്ങൾക്കായി വായ്പ ഉപയോഗപ്പെടുത്താം. ഒരു പശുവിന് 24,000 രൂപ എന്ന നിരക്കിലാണ് വായ്പ പരിധി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യാനുസരണം വായ്പ പിൻവലിക്കാം. മൂന്ന് വർഷമാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി. രണ്ട് ലക്ഷം രൂപ വരെയാണ് പശുവളർത്തലിന് പരമാവധി വായ്പ, പശു വളർത്തലിനോടൊപ്പം കൃഷിയുമായും ബന്ധിപ്പിച്ച് അധിക വായ്പ നേടാം. സാധാരണ 1.6 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ടതില്ല. മൂന്ന് ലക്ഷം രൂപ വരെയുള്ള കൃത്യമായ വായ്പാ തിരിച്ചടവിന് നിലവിൽ 4 ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും.
സ്വന്തമായി ഭൂമിയുള്ളവരും പശുക്കളെ വളർത്തുന്നവരുമായ എല്ലാ ക്ഷീരകർഷകർക്കും ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം.
കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന സംസ്ഥാനത്ത് 500 കോടി രൂപയുടെ വായ്പയാണ് ലക്ഷ്യമിടുന്നത്. ഇതുവരെ 70,000 പേരുടെ അപേക്ഷകൾ സ്വീകരിക്കുകയും 50,567 പേരുടെ അപേക്ഷകൾ ബാങ്കുകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 4737 ക്ഷീരകർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുകയും 10.68 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
(ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |