പരിമിതികളെയെല്ലാം കാറ്റിൽപ്പറത്തി സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നവരെല്ലാം നമുക്ക് പ്രതിഭകളാണ്. വൈദേഹിയെന്ന മിടുക്കിയും ആ കൂട്ടത്തിൽപെടുന്നു. ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയിൽ നിന്നും പുതിയ ജീവിതത്തിലേക്ക് പറത്തി വിട്ട് അവളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചത് അവളുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹപാഠങ്ങളാണ്. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതാദ്ധ്യാപകനായ സജീവിന്റെയും വേലൂർ രാജസർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതാദ്ധ്യാപിക ഷീലയുടേയും രണ്ടു പെൺമക്കളിൽ മൂത്തമകളാണ് വൈദേഹി. നൃത്തവും പാട്ടും യോഗയും സ്വായത്തമാക്കി തന്റെ പരിമിതികളെ പൊരുതി തോൽപ്പിച്ച് മുന്നേറുന്ന വൈദേഹിയുടെ ഇടവും വലവും ഈ അച്ഛനും അമ്മയുമുണ്ട്.
സാധാരണ കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്ത സ്വഭാവരീതികളുള്ള വൈദേഹിയെ ഏഴാമത്തെ വയസിലാണ് സ്കൂളിൽ ചേർത്തത്. തൃപ്പൂണിത്തുറ എളമക്കര സ്കൂളിലായിരുന്നു ആദ്യകാല പഠനം. അതുകഴിഞ്ഞ് വേലൂർ ഗവ.രാജ സർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂളിലേക്ക്. പ്ലസ് ടുവിന് മികച്ച മാർക്കോടെ പാസായി. തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദം നേടി. ചെറിയ ക്ലാസ് മുതലേ വൈദേഹി സംസ്കൃതവുമായി അടുത്തിരുന്നു. അതിന് പിന്നിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്. സംസ്കൃതം ഓർമ്മശക്തിക്കുള്ള ഔഷധമാണെന്നാണ് സംസ്കൃതാദ്ധ്യാപകരായ സജീവിന്റെയും ഷീലയുടെയും അഭിപ്രായം. അതുകൊണ്ട് തന്നെ മകളെ ആ ഭാഷ പഠിപ്പിക്കുന്ന കാര്യത്തിൽ ഇരുവർക്കും തെല്ലും സംശയമുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ അനുകരണകലയോട് വൈദേഹിക്ക് ഏറെ പ്രിയമായിരുന്നു. ടിവിയിൽ കാണുന്നതെന്തും അതുപോലെ ചെയ്ത് കാണിക്കും. ഇത് തിരിച്ചറിഞ്ഞതാണ് കലാ രംഗത്തിലേക്കുള്ള ചുവട് വയ്പിന് ഇടയാക്കിയത്. ചെറിയ ക്ലാസിൽ തന്നെ ഭരതനാട്യം അഭ്യസിച്ച് തുടങ്ങിയെങ്കിലും നാടോടി നൃത്തവും കഥകളിയുമാണ് വൈദേഹിക്കേറ്റവും ഇഷ്ടം. ഒപ്പം ശാസ്ത്രീയ സംഗീതവും കൂടെയുണ്ട്. മൂന്നുവർഷമായ് പ്രസിദ്ധമായ നെല്ലുവായ് ഏകാദശി മഹോത്സവത്തിന് കീർത്തനം ആലപിച്ച് സംഗീതാർച്ചനയും നടത്തി വരുന്നു. മകളെ പഠിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടന്ന് വിധിയെഴുതിയ ഡോക്ടർമാർക്ക് പോലും വൈദേഹി ഇന്നൊരു വിസ്മയമാണെന്ന് സജീവ് പറയുന്നു.
''ചെറുപ്പം മുതലേ വലിയ വാശിക്കാരിയായിരുന്നു. തരം കിട്ടിയാൽ കൈയിൽ നിന്ന് പോലും കുതറി ഓടി പോകും. ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന് പോയപ്പോൾ ഇങ്ങനെ ഓടി പോയി താഴ്ച്ചയുള്ള കുന്നിൻ ചെരുവിൽ ചെന്നു നിന്നു. തിരിച്ച് വിളിച്ചിട്ടൊന്നും വരുന്നില്ല. എല്ലാം കൈവിട്ടുപോയെന്ന് കരുതിയതാണ്. "" സജീവ് ഓർക്കുന്നു.
തലയുറക്കാത്ത വൈദേഹിയുടെ രൂപമാണ് ഷീല ടീച്ചറുടെ മനസിലിന്നും നിറഞ്ഞു നിൽക്കുന്നത്. വലിയ മുഖം, അപ്രതീക്ഷിതമായ പെരുമാറ്റങ്ങൾ, കുഞ്ഞ് ജനിച്ച ആദ്യ ദിവസങ്ങളിൽ ടീച്ചർക്ക് അനുഭവപ്പെട്ട കാഴ്ചകളെല്ലാം തീർത്തും അപരിചിതമായിരുന്നു. അവർ വളരെ വിഷമത്തോടെ മാഷിനോട് ചോദിച്ചു, മോൾക്കെന്തെങ്കിലും കുഴപ്പമുണ്ടോ മാഷേ....? എല്ലാം ശരിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബന്ധുക്കളും സുഹൃത്തുക്കളും മകളെ അത്ഭുതത്തോടെയാണ് നോക്കി കണ്ടിരുന്നത്. ഡൗൺ സിൻഡ്രോം ഉള്ളവരുടെ ശരീരം അമിതമായി തടിച്ചിരിക്കും, നാവിന് കനം കൂടുതലായിരിക്കും, ശരീരഭാരം താങ്ങാൻ കാലുകൾക്ക് കഴിയാതെ വരും. ഇതെല്ലാം മാറ്റിയെടുക്കണമെന്ന് മനസിൽ ഉറപ്പിച്ചു. അങ്ങനെ മകൾക്ക് വേണ്ടി ആ അമ്മ യോഗക്ലാസിൽ ചേർന്നു. ദിവസവും രാവിലെ വളരെ പ്രയാസപ്പെട്ട് മകളെ യോഗ പരിശീലിപ്പിച്ചു.
''ഇന്നിപ്പോൾ യോഗയിലൂടെയും നൃത്തത്തിലൂടെയും പാട്ടിലൂടെയും അവൾ കരകയറുകയാണ്. അവളുടേതു മാത്രമായ ലോകത്തു നിന്ന്... ഇപ്പോൾ വൈദേഹിയുടെ അമ്മയാണെന്നാണ് ഞാൻ അറിയപ്പെടുന്നത്. അതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇതേ പോലെ ഒരുപാട് കുഞ്ഞുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അവരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിരിയണമെന്നുമാത്രമാണ് പ്രാർത്ഥന."" ഷീല ടീച്ചർ പറയുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി ദേവനന്ദയാണ് വൈദേഹിയുടെ അടുത്ത കൂട്ടുകാരി. ഇത്രമാത്രം ചേർത്തുപിടിക്കുന്ന കുടുംബം ഓരോ നിശ്വാസത്തിലും കൂടെയുള്ളപ്പോൾ വൈദേഹി ചിറകു വിരിച്ച് ഇനിയും പറക്കുക തന്നെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |