തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രധാനപ്രതി സ്വപ്ന നിരവധി ഉന്നതരുടെ ബിനാമിയാണെന്നും സ്വപ്നയ്ക്കും ഒട്ടേറെ ബിനാമി നിക്ഷേപമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് സ്വപ്നയുമായി ചേർന്ന് റിയൽ എസ്റ്റേറ്ര് ഇടപാടുകളുണ്ടായിരുന്നെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും വിവരം കിട്ടി. ഇരു ഏജൻസികളും അന്വേഷണമാരംഭിച്ചു.
സ്വപ്നയുടെ മക്കൾക്ക് തിരുവനന്തപുരത്തെ സ്കൂളിലും കോളേജിലും പ്രവേശനം വാങ്ങിനൽകിയത് ഈ ഉദ്യോഗസ്ഥനാണ്. പൊലീസിലേതടക്കം ഉന്നതർക്ക് വിദേശത്ത് ബിനാമി നിക്ഷേപ സൗകര്യമൊരുക്കുക സ്വപ്നയുടെ രീതിയായിരുന്നു. സ്‌പേസ് പാർക്കിലെ ജോലിയിലൂടെ ലഭിച്ച സൗഹൃദങ്ങളും ഇത്തരം ബിസിനസ് ബന്ധങ്ങൾക്ക് ഉപയോഗിച്ചു.
സ്വർണക്കടത്തിനുള്ള പ്രതിഫലം സ്വപ്ന പണമായിട്ടും സ്വർണമായിട്ടും കൈപ്പറ്റിയെന്നതിന് തെളിവാണ് ബാങ്ക് ലോക്കറുകളിലെ നിക്ഷേപങ്ങൾ. ഒരു കിലോ സ്വർണവും ഒരുകോടി രൂപയുമാണ് തിരുവനന്തപുരത്തെ ബാങ്ക് ലോക്കറുകളിലുണ്ടായിരുന്നത്. ഓരോ ഇടപാടിലും അഞ്ചു മുതൽ 15 ലക്ഷം വരെ സ്വപ്നയ്ക്ക് കിട്ടി. സ്വപ്നയുടെ സ്വത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് നടത്തിയിട്ടുണ്ട്. സ്വപ്നയുടെ ഭർത്താവിന്റെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരവും ശേഖരിച്ചു. തിരുവനന്തപുരത്തെ കണ്ണേറ്റുമുക്കിൽ വീട് നിർമിക്കുന്ന സ്ഥലം കുടുംബവകയാണ്. അച്ഛൻ സുരേഷിന്റെ പേരിലുള്ള ഭൂമി അദ്ദേഹത്തിന്റെ മരണശേഷമാണ് സ്വപ്നയ്ക്കു ലഭിച്ചത്.
സ്വത്തു കണ്ടുകെട്ടിയേക്കും
പ്രതികൾക്കെതിരെ കൊഫെപൊസ ചുമത്താൻ സാദ്ധ്യതയുണ്ട്. എങ്കിൽ ഒരു വർഷംവരെ കരുതൽ തടങ്കലിലാക്കാം. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർ അംഗങ്ങളായ ഉപദേശക സമിതിക്ക് അപ്പീലും ഹൈക്കോടതിയിൽ റിട്ട് ഹർജിയും നൽകാം. തള്ളിയാൽ സ്വത്ത് കണ്ടുകെട്ടാം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാം.
ബിനാമി, കള്ളപ്പണ, ഹവാലാ ഇടപാടുകൾ തെരയുന്ന എൻഫോഴ്സ്‌മെന്റ് സ്വപ്നയുടെ സ്വത്തു വരവിന്റെയും കണക്കെടുക്കും. വരവിൽക്കവിഞ്ഞ് 20 ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ പരിശോധിക്കാം. സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് പ്രതിയാക്കാം. അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറ് മാസം വരെ ജാമ്യം കിട്ടില്ല.
സ്വപ്നയ്ക്ക് തലസ്ഥാനത്ത് ഫ്ലാറ്റ് സമുച്ചയമുണ്ടെന്നാണ് വിവരം. സന്ദീപിന് 11 സ്ഥാപനങ്ങളുണ്ട്. എയർഇന്ത്യ സാറ്റ്സിൽ വെറും 20,000 രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോൺസുലേറ്റിലും സ്പേസ് പാർക്കിലും ഒരു ലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും മൂന്നുവർഷമേ ജോലിചെയ്തുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |