മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായ മനുഷ്യരെന്ന് കുട്ടികൾക്ക് തോന്നണം. സ്നേഹവും കരുതലും മാത്രമേ എനിക്ക് മോൾക്ക് കൊടുക്കാൻ കഴിയൂ. ശ്വേത മേനോൻ മനസ് തുറക്കുന്നു
ഇടതടവില്ലാതെ വാഹനങ്ങൾ ഒഴുകുന്ന മുംബയ് മഹാനഗരത്തിൽ നിന്ന് തണൽമരങ്ങൾ നിഴൽ വിരിച്ച കൊച്ചിയിലേക്കുള്ള ദൂരത്തിനിടയിൽ ശ്വേത മേനോൻ ഏറെ മാറിയിരിക്കുന്നു. ഹൈ വോൾട്ടേജ് ഗ്ളാമർ ഗേളിൽ നിന്ന് തിരക്കുള്ള വീട്ടമ്മയിലേക്കുള്ള വലിയ മാറ്റം. തനി മലയാളി വീട്ടമ്മയാകാനുള്ള മേക്കോവറിലാണോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയോടെ മറുപടി എത്തി. ''സിനിമയില്ലാത്തപ്പോൾ ഒരു താരപ്പകിട്ടും പ്രദർശിപ്പിക്കാൻ എനിക്കിഷ്‌ടമല്ല. കഥാപാത്രം ആവശ്യപ്പെട്ടാൽ സിനിമയിൽ ഞാൻ ചെറിയ തുണിയൊക്കെയിട്ട് അഭിനയിച്ചെന്നുവരും. അത് ശ്വേതാ മേനോൻ അല്ല, ആ കഥാപാത്രമാണ്. റിയൽ ശ്വേത ഒച്ചയും ബഹളവുമൊന്നുമില്ലാത്ത ഒരു സാധാരണക്കാരിയാണ്. നന്നായി ഭക്ഷണം കഴിക്കുന്ന ചോറും മീൻ കറിയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു തനി മലയാളി. സിനിമ എനിക്കെന്റെ ജോലി മാത്രമാണ്. വീട്ടിൽ ഞാൻ സിനിമാതാരം ശ്വേത മേനോനല്ല."" ഒറ്റക്കുട്ടിയായ സബയ്‌നയ്‌ക്ക് ഒരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിനും പൊട്ടിച്ചിരിയോടെയായിരുന്നു മറുപടി: ''അടുത്ത കളിമണ്ണ് വരട്ടെ."" ശ്രീ എന്നെക്കുറിച്ച് ശ്രീയുടെ അമ്മയോട് അവതരിപ്പിച്ച രീതിയായിരുന്നു പ്രധാനം. എന്തും തുറന്ന് സംസാരിക്കാൻ ശ്രീ സ്വാതന്ത്ര്യം തന്നു. ശ്രീ അമ്മയോട് എന്നെക്കുറിച്ച് നൽകിയ ചിത്രവും അമ്മയെക്കുറിച്ച് എനിക്ക് നൽകിയ ചിത്രവും പോസിറ്റീവായിരുന്നു. ആദരവ് അങ്ങോട്ട് നൽകിയാൽ ആദരവ് ഇങ്ങോട്ടും കിട്ടും. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. ശ്രീ അത് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അത് ചെയ്യ്, ഇത് ചെയ്യ്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെപ്പറഞ്ഞ് ശ്രീ എന്നെ ഒരു കാര്യത്തിലും നിർബന്ധിച്ചിട്ടില്ല. ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുമ്പോൾ നമ്മളാ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്യില്ല. കൂടുതൽ പക്വതയോടെ പെരുമാറും. ഒറ്റക്കുട്ടിയായ എനിക്ക് സഹോദരനും കൂട്ടുകാരനും ഭർത്താവുമൊക്കെയാണ് അദ്ദേഹം. വിവാഹശേഷം പല നടികളും വീട്ടിൽ ഒതുങ്ങിക്കൂടുമ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം ശ്രീ എനിക്കു തന്നു. എന്റെ കരിയറിനെക്കുറിച്ച് ശ്രീക്കാണ് കൂടുതൽ ആശങ്ക. സിനിമയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നതും ഇങ്ങനെ ഒരു ഭർത്താവുള്ളതുകൊണ്ട് മാത്രമാണ്. ഏത് കാര്യത്തിലും സ്വന്തം നിലപാടുള്ളവർക്ക് എന്തും എവിടെയും നേടാം. എന്തുണ്ടായിട്ടും രാത്രി മനസമാധാനമായി കിടന്നുറങ്ങാൻ പറ്റിയില്ലെങ്കിലോ! അങ്ങനെ ഉറങ്ങാൻ കഴിയുമ്പോഴേ ''യെസ് ഐ ആം എ സക്‌സസ്‌ഫുൾ ഹ്യൂമൻ ബീയിംഗ് "" എന്നെനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയൂ. ഞാനിതൊക്കെ പറയുമ്പോൾ ജീവിതത്തെ ഫിലോസഫിക്കലായി കണ്ട് തുടങ്ങിയോയെന്ന് ചോദിക്കാം.
ഫിലോസഫിക്കലായല്ല ജീവിതത്തെ മറ്റൊരു കാഴ്‌ചപ്പാടിലൂടെ കാണാൻ എന്നെ പഠിപ്പിച്ചത് എന്റെ ഗുരുജിയാണ്. ഗുൾസാഹിബ് എന്ന ഗുരുജി. പതിനേഴ് വർഷം മുമ്പാണ് മുംബയിൽ വച്ച് ഞാൻ ഗുരുജിയെ പരിചയപ്പെട്ടത്. ഏറ്റവുമാദ്യം ഏറ്റവും നന്നായി സ്നേഹിച്ച് തുടങ്ങേണ്ടത് അവനവനെത്തന്നെയാണെന്നാണ് ഗുരുജി എനിക്ക് നൽകിയ ആദ്യ പാഠം. ഞാൻ എന്നെ സ്നേഹിച്ചാൽ എനിക്ക് ആരെയും സ്നേഹിക്കാം. മറ്റുള്ളവർ എന്നെയും സ്നേഹിക്കും. ഞാനാണ് ബെസ്റ്റ് എന്നോ ഞാനാണ് ബ്യൂട്ടിഫുൾ എന്നോ ആദ്യം തോന്നേണ്ടത് എനിക്ക് തന്നെയാണ്. എന്നാലേ മറ്റുള്ളവർക്കും എന്നെക്കുറിച്ച് അങ്ങനെ തോന്നൂ. എനിക്ക് ഒരുപാട് ദൈവാധീനമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ദൈവത്തിന്റെ ദൂതന്മാരെ എവിടെയൊക്കെയോ വച്ച് അപ്രതീക്ഷിതമായി ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. വരാൻ പോകുന്ന പല കാര്യങ്ങളും പറഞ്ഞുതന്ന് അവരെന്നെ വിസ്‌മയിപ്പിച്ചിട്ടുമുണ്ട്. ഞാൻ സ്വപ്നം കണ്ടതിലുമേറെ ദൈവം എനിക്ക് നൽകി. നല്ലൊരു ഭർത്താവ്, വീട്, അമ്മായിഅമ്മ, മകൾ.... എല്ലാം ഞാനെന്ത് പ്രതീക്ഷിച്ചോ അതുക്കും മേലെ! ശ്രീയുടെ അമ്മയെ ഞാൻ സതിയമ്മയെന്നാണ് വിളിക്കാറ്. സതിയമ്മ എനിക്ക് അമ്മായിയമ്മയല്ല. അമ്മ തന്നെയാണ്. നാളെ എന്റെ മോളും കല്യാണം കഴിച്ച് പോകും. അപ്പോൾ എനിക്ക് ശ്രീയും ശ്രീക്ക് ഞാനുമേയുണ്ടാവൂ. സബെയ്‌ന കുഞ്ഞ് വാവയായിരുന്നപ്പോൾ ഞാനവളെയും കൊണ്ട് ഷോപ്പിംഗിന് പോകുമായിരുന്നു. ബേബി കാരിയറിൽ അവളെ കിടത്തിയിട്ടായിരുന്നു ഞാനവൾക്ക് വേണ്ടിയുള്ള ഡ്രസ് സെലക്‌ട് ചെയ്തിരുന്നത്. ചില നിറങ്ങൾ കാണുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന എക്സൈറ്റ്മെന്റ് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നീട് അവൾക്ക് അത്തരം നിറങ്ങളിലുള്ള വസ്ത്രങ്ങൾ വാങ്ങാൻ ശ്രദ്ധിച്ചു. കുഞ്ഞുന്നാളിൽ തന്നെ അവൾ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിച്ചിരുന്നു.
അച്ഛൻ എനിക്ക് തന്നതുപോലെ സ്‌നേഹവും പരിഗണനയും അവൾക്കും കൊടുക്കാൻ ശ്രമിക്കുന്നു. സബെയ്‌ന ജീവിതത്തിലേക്ക് വന്നതിൽ പിന്നെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കാൻ പഠിച്ചു. ദേഷ്യവും സങ്കടവുമൊന്നും അവളുടെ മുന്നിൽ വച്ച് അധികം പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായ മനുഷ്യരെന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ എന്തു പ്രശ്‌നവും തുറന്ന് പറയാൻ കഴിയുമെന്നും അത് പരിഹരിക്കാൻ കഴിയുമെന്നും വിശ്വാസം വരണം. സ്നേഹവും കരുതലും മാത്രമേ എനിക്ക് എന്റെ മോൾക്ക് കൊടുക്കാൻ കഴിയൂ. കാശ് നാളെ അവൾ തന്നെ ഉണ്ടാക്കട്ടെ . സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ തന്നെ നിർബന്ധിച്ച് സ്‌പോർട്സിൽ പങ്കെടുപ്പിച്ചതോർമ്മിച്ച് ശ്വേത പറഞ്ഞു : ''പെൺകുട്ടികളെ സെൽഫ് പ്രൊട്ടക്‌ഷനും സ്‌പോർട്സും നിർബന്ധമായും പരിശീലിപ്പിക്കണം. ഞാനിപ്പോഴും യോഗാ ക്ളാസിനൊക്കെ പോകാറുണ്ട്. എന്റെ മോൾ നാളെ അമ്മയാകുമ്പോൾ അവളുടെ കുട്ടി എന്റെ അമ്മൂമ്മ എത്ര സെക്‌സിയാണെന്നോ ക്യൂട്ട് ആണെന്നോ പറഞ്ഞ് കേൾക്കുന്നതിനപ്പുറം ഒരു സന്തോഷം എനിക്കുണ്ടാവാൻ വഴിയില്ല. ഞാൻ ജീവിതമാസ്വദിക്കുന്നയാളാണ്. ഞാനിടുന്ന ഡ്രസിന് ചിലപ്പോ നൂറ് രൂപയേ വിലയുണ്ടാവൂ. പക്ഷേ വിലയിലല്ല അതിന്റെ ഭംഗിയിലും നമ്മളതിട്ട് കാണുമ്പോഴുള്ള ചേർച്ചയിലുമാണ് കാര്യം. ഏറ്റവും ആഡംബരമായി ജീവിക്കണമെന്നല്ല ഏറ്റവും സന്തോഷത്തോടെ ജീവിക്കണമെന്നതാണ് എന്റെ തിയറി.""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |