തിരുവനന്തപുരം: നേരത്തേ നൽകിയ മൊഴിയിൽ നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാൽ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ സിവിൽ പൊലീസ് ഓഫീസർ ജയഘോഷിനെ കസ്റ്റംസ് കൊച്ചിയിൽ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യും. സ്വർണം കടത്തിയ ബാഗ് കസ്റ്റംസ് തടഞ്ഞുവച്ച ശേഷം ജൂലായ് ഒന്നു മുതൽ നാല് വരെ സരിത്തിനെയും സ്വപ്നയേയും ജയഘോഷ് നിരന്തരം ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോൺസുലേറ്റിൽ നിന്ന് ഇരുവരെയും പുറത്താക്കിയെന്ന് അറിയാവുന്ന ജയഘോഷ് ഇവരെ വിളിക്കേണ്ട സാഹചര്യമില്ല. ഇതേക്കുറിച്ചുള്ള മറുപടികൾ പരസ്പര വിരുദ്ധമാണെന്ന് കസ്റ്റംസ് പറയുന്നു.
തിങ്കളാഴ്ച സ്വപ്നയെയും സന്ദീപിനേയും കസ്റ്റഡിയിൽ കിട്ടിയ ശേഷമായിരിക്കും ജയഘോഷിനെ വിളിച്ചുവരുത്തുക. ജയഘോഷിന്റെ നിയമനം ഉൾപ്പെടെ കസ്റ്റംസ് അന്വേഷിക്കും. അറ്റാഷെ രാജ്യംവിട്ടതിനു പിന്നാലെ, ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷിനെ, സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് സസ്‌പെൻഡ് ചെയ്തിരുന്നു. കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് പോയ വിവരം സ്പെഷ്യൽബ്രാഞ്ചിനെ അറിയിച്ചില്ല, കയ്യിലുണ്ടായിരുന്ന തോക്ക് തിരികെ നൽകിയില്ല എന്നിങ്ങനെയാണ് കുറ്റങ്ങൾ. സ്വർണം ഒളിപ്പിച്ച നയതന്ത്റ ബാഗ് കൈപ്പറ്റാൻ ഒന്നാം പ്രതി സരിത്ത് എത്തിയ വാഹനത്തിൽ ജയഘോഷും ഉണ്ടായിരുന്നെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബാഗിനുള്ളിൽ സ്വർണമാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നാണ് ജയഘോഷിന്റെ മൊഴി. കാർഗോ ക്ലിയർ ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ചാണ് സ്വപ്നയോട് ഫോണിൽ സംസാരിച്ചതെന്നും ജയഘോഷ് മൊഴിനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |