കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ഇന്ന് വിശദമായി ചോദ്യം ചെയ്യാനിരിക്കെ, തുടരന്വേഷണത്തിന്റെ ഗതിയും വ്യാപ്തിയും നിർണയിക്കുന്നത് പ്രതികളും ഭീകരപ്രവർത്തനവുമായുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം നൽകുന്ന മറുപടികളാകും. പഴുതടച്ച ചോദ്യങ്ങളുമായെത്തുന്ന എൻ.ഐ.എയ്ക്കും തിരുവനന്തപുരത്തു വച്ച് അന്വേഷണസംഘത്തിനു മുന്നിൽ ഉത്തരംമുട്ടിയ ശിവശങ്കറിനും ഇന്ന് ഒരുപോലെ നിർണായകം.
എൻ.ഐ.എയുടെ ദക്ഷിണേന്ത്യൻ കേന്ദ്രമായ ഹൈദരാബാദ് യൂണിറ്റിൽ നിന്നുള്ള ഐ.ജി രവിശങ്കറിന്റെയും മറ്റൊരു ഐ.ജിയുടെയും നേതൃത്വത്തിൽ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുൽ ആയിരിക്കും പ്രത്യേക മുറിയിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന. ചോദ്യംചെയ്യൽ ഡൽഹിയിലെ ആസ്ഥാനത്തിരുന്ന് എൻ.ഐ.എ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദർ മോദി വീഡിയോ കോൺഫറൻസ് വഴി നിരീക്ഷിക്കും. ശിവശങ്കർ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്നതും കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം.
ചോദ്യം ചെയ്യലിന്റെ വീഡിയോ സഹിതം പൂർണമായി ചിത്രീകരിക്കും. ഹൈദരാബാദിൽ നിന്ന് കൊച്ചിയിലെത്തിയ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കി. ഇവയുൾപ്പെടെ ചോദ്യംചെയ്യലിന് കടവന്ത്രയിലെ എൻ.ഐ.ഐ ഓഫീസിൽ വിപുലമായ ഒരുക്കം പൂർത്തിയായി. സ്വർണക്കടത്തിൽ പങ്കാളിത്തം തെളിയിക്കപ്പെടുകയോ, കുറ്റസമ്മതം നടത്തുകയോ ചെയ്താൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് എൻ.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ ശിവശങ്കർ ഇന്നലെ വൈകിട്ടു തന്നെ കൊച്ചിയിലെത്തിയതായാണ് വിവരം.
ചോദ്യങ്ങളുടെ
കുരുക്ക് ഇങ്ങനെ
പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കർ ഇവർ നടത്തുന്ന സ്വർണക്കടത്ത് അറിഞ്ഞിരുന്നോ, നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക. പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളും മൊഴികളും സൈബർ വിവരങ്ങളും ഉന്നയിച്ചാകും ചോദ്യംചെയ്യൽ. കസ്റ്റംസിന് ലഭിച്ച വിവരങ്ങളും ഉപയോഗിക്കും. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ച് അഞ്ചുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് എൻ.ഐ.എ നോട്ടീസ് നൽകിയത്.
ആ മൊഴികളിൽ
വിശ്വാസം പോരാ
അറസ്റ്റിലായ സ്വപ്നയും സന്ദീപുമായി തനിക്ക് വ്യക്തിപരമായ ബന്ധം മാത്രമാണുള്ളതെന്ന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിൽ ശിവശങ്കർ ആവർത്തിച്ചത് എൻ.ഐ.എയും കസ്റ്റംസും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. വർഷങ്ങളായി പ്രതികൾ നടത്തുന്ന സ്വർണക്കടത്ത് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കറിന്റെ വാദം. സ്വപ്ന ഉൾപ്പെടെ സ്വകാര്യമായി ഒരുക്കിയ പാർട്ടികളിൽ പങ്കെടുത്തതും ഫ്ളാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചതും എ.ഐ.എ വീണ്ടും ഉന്നയിക്കും. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം ശിവശങ്കർ പ്രതികളുമായി ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ഉന്നയിക്കും.
അറസ്റ്റിനും
സാദ്ധ്യത
തെളിവുകൾ ഭദ്രമായാൽ ശിവശങ്കറിന്റെ അറസ്റ്റിനുള്ള ഒരുക്കവും എൻ.ഐ.എ നടത്തിയിട്ടുണ്ട്. അദ്ദേഹത്തെ കേസിൽ മാപ്പുസാക്ഷിയാക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. ശിവശങ്കർ അറസ്റ്റിലായാൽ അത് ശക്തമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ ചോദ്യംചെയ്യൽ സർക്കാരിനും സി.പി.എമ്മിനും അതീവനിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |