തിരുവനന്തപുരം: സർക്കാരിന്റെ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ലൈബ്രറി കൗൺസിലിലെ 47 താത്കാലിക ജീവനക്കാരെ കേസ് പിൻവലിച്ച് സ്ഥിരപ്പെടുത്തിയ സർക്കാർ തീരുമാനം വിവാദത്തിൽ.
ഇടതുപക്ഷം ഭരിക്കുന്ന ലൈബ്രറി കൗൺസിൽ 2011 ജൂണിലാണ് 41 എൽ.ഡി ക്ളാർക്ക്മാരെയും 6 അറ്റൻഡർമാരെയും താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചത്. ക്രമവിരുദ്ധമാണെന്ന് കണ്ട് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഈ നിയമനങ്ങൾ റദ്ദാക്കിയിരുന്നു. റദ്ദാക്കലിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ പോയി. കേസ് തുടരുന്നതിനിടെ, അപ്പീൽ പിൻവലിച്ചാണ് ഇടതു സർക്കാർ ഇവരെ സ്ഥിരപ്പെടുത്തുന്നത്. 26 പേരെ 2011 മുതലുള്ള മുൻകാലപ്രാബല്യത്തോടെയും, 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളിൽ നിയമിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ലൈബ്രറി കൗൺസിൽ നിയമനങ്ങൾ 2015 ൽ പി.എസ്.സിക്ക് വിട്ടെങ്കിലും സ്പെഷ്യൽ റൂളിന് ഇനിയും രൂപം നൽകിയിട്ടില്ല. ഇതിന്റെ മറവിലാണ് സ്ഥിരപ്പെടുത്തൽ.
2 കോടിയുടെ
അധിക ബാദ്ധ്യത
ദിവസക്കൂലി വേതനത്തിലായിരുന്ന 26 പേർക്ക് 2011 മുതലുള്ള മുൻകാല പ്രാബല്യത്തോടെ സ്ഥിരം നിയമനം നൽകുമ്പോൾ, ലക്ഷങ്ങൾ കുടിശിക നൽകേണ്ടിവരും. സർക്കാരിന് 2 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാവുമെന്നാണ് കണക്ക്.
''ഗ്രാമീണ ഗ്രന്ഥശാലകൾക്കുള്ള വാർഷിക ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും ലൈബ്രേറിയന്മാരുടെ അലവൻസ് കൂട്ടാതിരിക്കുകയും ചെയ്ത സർക്കാർ, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് പിന്നിൽ അഴിമതിയുണ്ട്''.
-ആർ.എസ്. ശശികുമാർ
ചെയർമാൻ
ഗ്രന്ഥശാല സംരക്ഷണസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |