തിരുവനന്തപുരം: കേരള സർവകലാശാലയിൽ 2016 മുതൽ 2019 വരെ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‌സി പരീക്ഷകളിൽ അനധികൃത മോഡറേഷനിലൂടെ വിജയിച്ച 23 പേരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സെനറ്റ് യോഗം തീരുമാനിച്ചു.
മോഡറേഷൻ നൽകിയപ്പോൾ ജയിച്ചവർ തോൽക്കുകയും, തോറ്റവർ ജയിക്കുകയുമായിരുന്നു. ബി.ടെക് പുനർ മൂല്യനിർണയത്തിൽ മാർക്ക് കൂടിയ നാല് പേർ തോറ്റതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി. മാർക്ക് കൂടിയതായി ചെയ്ഞ്ച് മെമ്മോ ലഭിച്ചവർ സർവകലാശാലയിൽ എത്തിയപ്പോഴാണിത് കണ്ടെത്തിയത്. ഇതോടെ സോഫ്‌റ്റ്‌വെയറിൽ ഗുരുതര പിശകുണ്ടായെന്ന് സർവകലാശാല നിഗമനത്തിലെത്തി. കേരളയിലെ ചട്ടപ്രകാരം സെനറ്റിനേ ബിരുദം റദ്ദാക്കാനാവൂ. ഗവർണറുടെ അംഗീകാരത്തോടെയാവും തുടർനടപടികൾ.
ഈ ബിരുദവുമായി പലരും ഉപരിപഠനത്തിന് ചേർന്നിട്ടുണ്ട്. ചിലർ വിദേശത്ത് ജോലി നേടി. സോഫ്‌റ്റ്‌വെയറിലെ പിശക് നേരത്തേ കണ്ടെത്തിയെങ്കിലും കണ്ണടച്ചിരിക്കുകയായിരുന്നു അധികൃതർ. ബി.ടെക് പുനർ മൂല്യനിർണയത്തിലെ പിശക് പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിലെത്തിയെങ്കിലും നടപടിയുണ്ടായില്ല. മാർക്ക് കൂടിയ മെമ്മോയുമായി വരുമ്പോൾ ഒത്തുനോക്കിയ ശേഷം തുടർനടപടി മതിയെന്ന് അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ പേഴ്സണൽ സ്റ്റാഫിനൊപ്പമെത്തിയ കുട്ടിക്ക് എൽ.എൽ.ബി പരീക്ഷയ്ക്ക് മോഡറേഷനിലൂടെ മാർക്ക് കൂടിയെങ്കിലും മാർക്ക് ലിസ്റ്റിൽ പരാജയപ്പെട്ടെന്നാണ് ഉണ്ടായിരുന്നത്. സമാനമായ നാല് പിശകുകൾ പിന്നീട് കണ്ടെത്തിയെങ്കിലും മൂടിവച്ചു. സർവകലാശാലാ കമ്പ്യൂട്ടർ സെന്റർ ഇൻസ്റ്റാൾ ചെയ്ത പഴഞ്ചൻ സോഫ്‌റ്റ്‌വെയറിൽ 2016ൽ കരിയർ റിലേറ്റഡ് കോഴ്സുകളിലെ മോഡറേഷൻ അപ്‌ലോഡ് ചെയ്തപ്പോൾ മുതൽ പിശകുകൾ കാണപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
പേരു മാറ്റി
കാര്യവട്ടം കാമ്പസിലെ സൊഫോസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കമ്പ്യൂട്ടേഷൻ സെന്ററിന്റെ പേര് 'സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ' എന്നാക്കാൻ സെനറ്റ് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |