തിരുവനന്തപുരം: അനിൽബാബു സംവിധാനം ചെയ്ത 'വാൽക്കണ്ണാടി' റിലീസ് ചെയ്തത് 2002 ഡിസംബറിൽ. ആദ്യ ദിവസം തന്നെ അത് വിജയമാകുമെന്ന് തിയേറ്ററുകളിൽ നിന്നു സൂചന ലഭിച്ചപ്പോൾ ഏറെ തുള്ളിച്ചാടിയത് ചിത്രത്തിന്റെ സംവിധായകനോ നായകൻ കലാഭവൻ മണിയോ നായിക ഗീതു മോഹൻദാസോ ആയിരുന്നില്ല. വില്ലനായി തകർത്തഭിനയിച്ച അനിൽ മുരളിയായിരുന്നു. സിനിമയിൽ ഒപ്പം പ്രവർത്തിച്ച എല്ലാവരെയും അന്ന് അനിൽ വിളിച്ചു. മണിയും ഗീതുവും പ്രതീക്ഷിച്ചതുപോലെ തന്നെ കഥാപാത്രങ്ങളെ മനോഹരമാക്കിയപ്പോൾ അനിലായിരുന്നു ഷൂട്ടിംഗ് വേളയിൽ എല്ലാവരെയും ഞെട്ടിച്ചത്. ശരിക്കും അന്നാണ് ഒരു പുതിയ വില്ലൻ മലയാള സിനിമയിൽ ഉദയം ചെയ്തത്.
നോട്ടത്തിൽ, നടപ്പിൽ, ഡയലോഗ് പറയുന്നതിൽ പുതിയൊരു വില്ലൻ ടച്ച് കൊണ്ടുവരാൻ അനിലിനു കഴിഞ്ഞു. വാൽക്കണ്ണാടിയിലെ ഒരു ഡയലോഗ് ഇങ്ങനെയാണ്: ''പറഞ്ഞല്ലോ, ഇടയ്ക്ക് ഞാനൊരു ചെകുത്താനായെന്ന്. ആ ചെകുത്താനെ ചൊറിഞ്ഞുണർത്തരുത്. ഒരിക്കൽ ഉണർത്തി, ഒരു അപ്പുണ്ണിയും ദേവുവും. അവൾ പിന്നെ ജീവിച്ചിരുന്നിട്ടില്ല, അവൻ കൊലക്കയറിൽ നിന്നും രക്ഷപ്പെടാനും പോകുന്നില്ല''. വില്ലന്റെ ക്രൂരത മുഴുവൻ മുഖത്തേക്ക് ആവാഹിക്കാൻ അനിലിനു കഴിഞ്ഞിരുന്നു ആ ഡയലോഗിൽ.
പകരം വയ്ക്കാനില്ലാത്ത നടനായിരുന്നു. അതുകൊണ്ടാണ് അനിലിന്റെ വേർപാട് അറിഞ്ഞപ്പോൾ 'നിങ്ങൾക്കായി കാത്തുവച്ച വേഷം ഇനി ആർക്കു നൽകാൻ?' എന്ന് അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. കഥാപാത്രങ്ങൾ പരുക്കനായിരുന്നെങ്കിലും ജീവിതത്തിൽ സൗമ്യനായിരുന്നു. സൗഹൃദങ്ങളിൽ ആനന്ദം കണ്ടെത്തിയിരുന്ന നടൻ വേർപിരിഞ്ഞത് സൗഹൃദദിനത്തിലായിരുന്നുവെന്നത് വിധി കാത്തുവച്ച മറ്റൊരു നാടകീയതയാകാം.
സീരിയലുകളിൽ സജീവമായിരുന്ന അനിൽ മുരളി ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് 1993ൽ വിനയന്റെ 'കന്യാകുമാരിയിൽ ഒരു കവിത' എന്ന സിനിമയിലൂടെയാണ്. കാഴ്ചയിലെ പരുക്കൻ ഭാവമായിരുന്നു വിനയൻ ചിത്രത്തിലെ വില്ലൻ വേഷത്തിലേക്ക് എത്തിച്ചത്. വില്ലൻ വേഷങ്ങൾക്കു പുറമെ സ്വഭാവനടനായും തിളങ്ങി. ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
എം.പദ്മകുമാറിന്റെ ഹിറ്റ് ചിത്രം 'ജോസഫി'ന്റെ തമിഴ് റീമേക്കിലായിരുന്നു ഒടുവിൽ അഭിനയിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ എസ്.പി. വേണുഗോപാൽ എന്ന കഥാപാത്രത്തെ പൂർത്തിയാക്കുംമുമ്പേ മരണമെത്തി. കൊച്ചിയിൽ തന്റെ അയൽവാസി കൂടിയായ അനിലുമായി എം.പദ്മകുമാറിന് പതിറ്റാണ്ടുകളുടെ പഴക്കമുള്ള സൗഹൃദമായിരുന്നു. ആദ്യചിത്രമായ 'അമ്മക്കിളിക്കൂട്' മുതൽക്കുള്ള സൗഹൃദം.
''അനിൽ ഹാസ്യം നന്നായി കൈകാര്യം ചെയ്യുമായിരുന്നു. ആ കഴിവ് പലരും തിരിച്ചറിയാതെ പോയി. എന്റെ പുതിയ ചിത്രമായ '19-ാംനൂറ്റാണ്ടിലേക്ക് കാസ്റ്റ് ചെയ്തിരുന്നു. കുറച്ചുനാൾ മുമ്പ് അനിൽ എന്നെ വിളിച്ച് ഏറെനേരം ആ സിനിമയെക്കുറിച്ച് സംസാരിച്ചു. അതിലെ കഥാപാത്രമാകാൻ ജിമ്മിൽ വർക്ക്ഔട്ട് ചെയ്തു തുടങ്ങി എന്നും പറഞ്ഞിരുന്നു''
- വിനയൻ, സംവിധായകൻ
''പല വിഷമ ഘട്ടങ്ങളിലും ഒന്ന് റിലാക്സ്ഡ് ആകാൻ ഓടിയെത്തിയിരുന്നത് അനിലന്റെയടുത്തേക്കായിരുന്നു. ഒരു ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്''
-സിന്ധുരാജ്, തിരക്കഥാകൃത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |