തിരുവനന്തപുരം: ലക്ഷണം കാട്ടാത്ത കൊവിഡ് രോഗികളെ വീടുകളിൽ തന്നെ ക്വാറന്റൈനിൽ പാർപ്പിക്കാനെടുത്ത തീരുമാനം വിവിധ മേഖലകളുമായി നടത്തിയ ചർച്ചയിലുയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നമ്മുടെ നാട് എങ്ങനെ വിമർശിക്കാൻ പറ്റുമെന്ന് നോക്കി നടക്കുകയാണല്ലോ. ഇങ്ങനെയൊരു കാര്യം വരുമെന്ന് മനസിലാക്കി തന്നെയാണ് നേരത്തേ തീരുമാനമെടുക്കാതിരുന്നത്. വീടുകളിൽ ചികിത്സിക്കാൻ സൗകര്യമൊരുക്കണമെന്ന അഭിപ്രായമാണ് ചർച്ചകളിലെല്ലാമുയർന്നത്. സർക്കാർ കണ്ടത്, വീടുകളിൽ ആവശ്യമായ സൗകര്യം വേണം, അത് പാലിക്കാൻ രോഗികൾ തയാറാവുകയും വേണമെന്നാണ്.
രോഗികൾ സ്വയം മോണിറ്റർ ചെയ്യണം. വീട്ടിൽ അതിന് പറ്റിയ റൂം സൗകര്യം വേണം. അവിടെ മാത്രമേ രോഗി കഴിയൂവെന്ന് ഉറപ്പാക്കണം. വീട്ടിൽ ഒരാൾ മാത്രമേ ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാവൂ. നേരത്തേ തന്നെ ഈ ക്വാറന്റൈൻരീതി നമ്മൾ നടപ്പാക്കുന്നതാണ്. അതിപ്പോൾ രോഗികളുടെ കാര്യത്തിലും നടത്തുന്നുവെന്നേയുള്ളൂ.
കൊവിഡിനെ നേരിടുന്നതിനായി ആരോഗ്യവകുപ്പിൽ കൂടുതൽ നഴ്സുമാരെയടക്കം നിയമിക്കേണ്ടി വന്നപ്പോൾ മാന്യമായ വേതനം നൽകി എടുക്കാൻ സർക്കാർ നിശ്ചയിച്ചു. നേരത്തേ നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിതരായവർക്ക് അപ്പോൾ കുറഞ്ഞ വേതനം എന്ന വിവേചനം വരാതിരിക്കാൻ അവർക്കും വേതനവർദ്ധനവിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |