സ്കൂൾകാലം തൊട്ടുള്ള പരിഷ്കരണത്തിലൂടെ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയൂ എന്ന തിരിച്ചറിവാണ് ഡോ. കസ്തൂരി രംഗൻ അദ്ധ്യക്ഷനായ റിപ്പോർട്ട് മുന്നോട്ടുവച്ചത്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം റിപ്പോർട്ടിൽ വ്യക്തമാണ്.
ഭാഷയ്ക്ക് പ്രത്യേകിച്ച് മാതൃഭാഷയ്ക്ക് ഊന്നൽ നൽകുമ്പോൾ സംസ്കൃതത്തിനും ഓപ്ഷണൽ അടിസ്ഥാനത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ആറാം ക്ലാസു മുതൽ തൊഴിൽ നൈപുണ്യത്തിന് ഊന്നൽ നൽകുന്നതോടൊപ്പം മൂല്യവർദ്ധിത വിദ്യാഭ്യാസത്തിനും, പാഠ്യേതര കഴിവുകൾ മെച്ചപ്പെടുത്തുവാനും നയത്തിൽ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്.പുത്തൻ തൊഴിൽ മേഖലയ്ക്കിണങ്ങുന്ന രീതിയിൽ അദ്ധ്യാപകരെ പ്രാപ്തരാക്കാൻ അദ്ധ്യാപക പരിശീലനത്തിന് വർദ്ധിച്ച പരിഗണന നൽകിയിട്ടുണ്ട്.
കുട്ടികളിൽ 90ശതമാനം പേരിലും അഞ്ച് വയസുവരെയുള്ള പ്രായത്തിലാണ് തലച്ചോറിന്റെ പൂർണ്ണമായ വികസനം നടക്കുന്നതെന്ന ആഗോള ഗവേഷണ ഫലങ്ങൾ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ വർദ്ധിച്ച ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള നീക്കിയിരിപ്പ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ആറ് ശതമാനമായി ഉയർത്താനുള്ള നിർദ്ദേശം ഏറെ സ്വാഗതാർഹമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുതകുന്ന നിരവധി നിർദ്ദേശങ്ങൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള ഗുണനിലവാരത്തിലെത്തിക്കാൻ ഉപകരിക്കും. ബിരുദ കോഴ്സുകളുടെ കാലയളവ് നാല് വർഷമാക്കുന്നത് വിദേശപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് വിദേശ സർവ്വകലാശാലകളിൽ ഗ്രാഡ്വേറ്റ് പ്രോഗ്രാമിന് അഡ്മിഷൻ നേടാനുപകരിക്കും. ബിരുദത്തോടൊപ്പം ബി.എഡ്. ചേർത്തുള്ള ഇന്റഗ്രേറ്റഡ് ബി.എഡ്. നടപ്പിലാക്കാനുള്ള ശുപാർശകളും നയത്തിലുണ്ട്. സംസ്ഥാന ഗവൺമെന്റ് അടുത്തയിടെ ചില ബിരുദ പ്രോഗ്രാമുകൾ 4 വർഷമാക്കാനുള്ള തീരുമാനമെടുത്തിരുന്നു.
മൾട്ടി ഡിസിപ്ലിനറി ഗവേഷണം, പടിപടിയായുള്ള സ്വയംഭരണാവകാശം എന്നിവ കോളേജുകൾക്ക് ഏറെ നല്ലതാണ്. ശാസ്ത്രവിഷയങ്ങളോടൊപ്പം മാനവിക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നതും ബിരുദ പ്രോഗ്രാമിൽ മേജർ, മൈനർ വിഷയങ്ങൾ ഏർപ്പെടുത്തുന്നതും വിദ്യാർത്ഥികൾക്ക് ഗുണപ്രദമാകും. ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനത്തിന് നിരവധി ഏജൻസികൾ പരീക്ഷ നടത്തുന്നതിന് പകരം നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കായിരിക്കും ചുമതല. അടുത്തകാലത്തായി വിദേശ വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നു. ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്നത്. ദേശീയ വിദ്യാഭ്യസ നയത്തിൽ മികച്ച റാങ്കിംഗിലുള്ള 100 വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസ് ഇന്ത്യയിൽ തുടങ്ങാനുള്ള നിർദ്ദേശങ്ങളുണ്ട്. വിദേശത്തെ അനുകരിക്കുന്ന രീതിയിൽ ഒരു വർഷ പ്രൊഫഷണൽ ബിരുദാനന്തര പഠനം, രണ്ടുവർഷ ഗവേഷണ ബിരുദാനന്തര പഠനം എന്നിവയും പുത്തൻ നയത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്.
വിവരസാങ്കേതിക യുഗത്തിൽ ഡിജിറ്റൽ ടെക്നോളജിയുടെ പ്രാധാന്യം കണക്കി ലെടുത്ത് പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ടെക്നോളജിക്ക് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസം, പുത്തൻ കോഴ്സുകൾ, സ്കിൽ വികസനം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിഭാവനം ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയിൽ സുസ്ഥിര ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യതാ മികവ്, ഗവേഷണ മികവ് എന്നിവ ഉയർത്താൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |