വനസഞ്ചാര സാഹിത്യകാരനും പരിസ്ഥിതി സാമൂഹ്യപ്രവർത്തകനുമായ കെ.സി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എൻ. പരമേശ്വരന്റെ 125-ാം ജന്മദിന വർഷമാണിത്. വനത്തിനുള്ളിലെ സംഭവബഹുലമായ കാഴ്ചകളും അനുഭവങ്ങളുമാണ് 'വനസ്മരണകൾ", 'വനയക്ഷിയുടെ ബലിമൃഗങ്ങൾ" എന്നീ കൃതികളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്. ഈ കൃതികളിൽ പരാമർശിച്ചിട്ടുള്ള 'സരോജനിയുടെ പ്രസവം" എന്ന തലക്കെട്ടിൽ എഴുതിയിട്ടുള്ളത് സരോജനിയെന്ന ആനയുടെ പ്രസവത്തെക്കുറിച്ചാണ്.
രസകരമായ ഒരു സംഭവമാണ് ഇനി വിവരിക്കുന്നത്. ഒരു ദിവസം ഉച്ചകഴിഞ്ഞു. ഈറ്റപടപ്പ് ഫോറസ്റ്റ് ബംഗ്ളാവിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് ഏകനായി വരികയായിരുന്നു കെ.സി. ഈറ്റപ്പടപ്പിൽ നിന്ന് റോഡ് മാർഗം നെടുവത്തൂർ കടവിൽ വന്നിട്ടാണ് കുളത്തൂപ്പുഴയ്ക്ക് പോകുന്നത്. അവിടമെങ്ങും മനുഷ്യവാസമുള്ള സ്ഥലമല്ല. ഒൻപതു മൈലോളം നീളമുള്ള ഈറ്റപ്പടപ്പ് റോഡ് ഒരു ഫർലോംഗ് നീളമെങ്കിലും നെട്ടായമായി, കാണുവാൻ നിവൃത്തിയില്ലാത്തവിധം 'അടി കൊണ്ട ചേരയെ"പ്പോലെ വളഞ്ഞു പുളഞ്ഞാണ് പോകുന്നത്. കെ.സി.യുടെ വിവരണം ഇങ്ങനെ:
''സഞ്ചാര മാർഗത്തിൽ തുടരെ കണ്ടുകൊണ്ടിരുന്ന ആന, കടുവ, കരടി, ചെന്നായ് മുതലായ ദുഷ്ടജന്തുക്കളുടെ പുതിയ പുതിയ കാഷ്ഠങ്ങൾ എന്നെ, ഭയാക്രാന്തനാക്കുകതന്നെ ചെയ്തു. ഏതുവിധമെങ്കിലും സന്ധ്യയ്ക്ക് മുൻപ് നെടുവത്തൂർ കടവിൽ എത്തണമെന്നുള്ള ഉത്കണ്ഠയോടെ ഞാൻ പല്ലും കടിച്ച് പിടിച്ച് കണ്ണും തുറന്ന് ചെവി വട്ടം പിടിച്ച് മുൻപോട്ട് ഗമിച്ചു.
ഓരോ കൊടും വളവുകളും കഴിഞ്ഞാലുടൻ അല്പനേരം നിവർന്ന് നിന്ന് ശ്വാസം ശരിക്കു വിട്ടതിനുശേഷം വീണ്ടും നടക്കും. ഇങ്ങനെ സഞ്ചരിച്ച് നെടുവത്തൂർ കടവിൽ നിന്നുള്ള നാലാം മൈൽ കുറ്റിയിൽ എത്തുന്നതിനു മുൻപ് ഒരു ഊക്കൻ ഞാറവൃക്ഷത്തിന്റെ ബലിഷ്ഠമായ ശിഖരങ്ങളിൽ പിടിച്ചിരുന്ന് പൃഷ്ഠമിളക്കി കുതിച്ചുകൊണ്ട് അനവധി വാനരന്മാർ ചെറുശാഖകൾ ഒന്നൊന്നായി പിടിച്ചുലയ്ക്കുകയും, ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ലക്ഷ്യം തെറ്റാതെ ചാടി വീഴുകയും അവിടിരുന്നുകൊണ്ട് പല്ലുകിരിച്ച് അപകടസൂചകമായ ഒരുതരം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഏതോ ഒരു സംഭവവിശേഷം അവിടെ എവിടെയോ നടക്കുന്നുണ്ടായിരിക്കണമെന്ന് ഞാൻ ഊഹിച്ചു. എന്റെ ശ്രദ്ധ മുഴുവനും കുരങ്ങന്മാരിലേക്ക് പതിഞ്ഞു. അപ്പോൾ അവരിൽ പ്രമാണിയായ ഒരുവൻ മരത്തിൽ നിന്നും താഴോട്ടു പകുതി ദൂരം ഇറങ്ങുകയും വീണ്ടും കയറി പോകുകയും ചെയ്യുന്നതായി കണ്ടു. ഇങ്ങനെ പല പ്രാവശ്യത്തെ ആരോഹണാവരോഹണങ്ങൾക്ക് ശേഷം അവൻ റോഡിന്റെ മറുവശത്തേക്കു നടന്നു. എന്റെ കണ്ണുകളും ആ വഴിക്ക് പാഞ്ഞു. അവൻ അല്പദൂരം നടക്കും. വീണ്ടും മടങ്ങും. പിന്നീട് വീണ്ടും കുറച്ചുദൂരം കൂടി റോഡിൽ നടക്കും. ഇങ്ങനെ കുറച്ചധികം സമയംകൊണ്ട് നിശ്ചലനായി വായും പിളർന്ന് മലർന്നു കിടന്നിരുന്ന ഉഗ്രനായ ഒരു വ്യാഘ്രത്തിന്റെ സമീപം വരെ കരുതലോടുകൂടി അവൻ ചെന്ന് നിൽക്കുന്നതായി കണ്ടു. മലമ്പനി പിടിച്ച് വിറയ്ക്കുന്നതുപോലെ ഭയം കൊണ്ട് ഞാൻ തുള്ളുവാൻ തുടങ്ങി.
എങ്കിലും അനന്തര സംഭവങ്ങൾ അറിയാനുള്ള ജിജ്ഞാസ എന്നെ ഉന്മേഷവാനാക്കിത്തീർത്തു. അല്പം കഴിഞ്ഞപ്പോൾ കടുവ മലർന്ന് വായും പൊളിച്ചു കിടക്കുന്നതും വാനരത്താൻ അടുത്തുചെന്ന് നിൽക്കുന്നതും പരമാർത്ഥം തന്നെയെന്ന് ബോദ്ധ്യമായി. വീണ്ടും അക്ഷമയോടുകൂടി നോക്കി. കുരങ്ങൻ സാവധാനത്തിൽ കടുവയുടെ വായിൽ തൊടുന്നതായി കണ്ടു. വാലിന് ചലനമില്ലെന്ന് കണ്ടപ്പോൾ പതുക്കെ ശരീരത്തിൽ തടവി നോക്കി. അവിടെ കഴിഞ്ഞ് ചെവിക്കുപിടിച്ച് കുലുക്കിനോക്കി. എന്നിട്ടും വ്യാഘ്രവീരൻ നിശ്ചലനായി കിടന്നതേയുള്ളൂ. ഇത്രയുമായപ്പോൾ ഒന്നിന് പിറകെ ഒന്നായി ഏകദേശം ഒരു ഡസനോളം കുരങ്ങന്മാർ തറയിൽ ഇറങ്ങിവന്ന് വാനര പ്രമാണി ചെയ്തതുപോലെയൊക്കെ പ്രവർത്തിച്ചുതുടങ്ങി. മൂന്നാമത് ഒരുസംഘം കുരങ്ങന്മാർ കൂടി കടുവയെ സമീപിച്ചു. അങ്ങനെ വന്നവരെല്ലാംകൂടി പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ കാണാം നിർജീവനായി കിടന്നിരുന്ന വ്യാഘ്രവീരൻ 'ഒരടിയും ഒരു പിടിയും ഒരു ചാട്ടവും." അവിടെ അപ്പോഴുണ്ടായ ബഹളം ആയിരം നാവുള്ള അനന്തനുപോലും വർണിക്കാൻ പ്രയാസം! കണ്ണടച്ചുതുറന്ന സമയം കൊണ്ട് അവിടെ വ്യാഘ്രത്തിനെയാകട്ടെ വാനരങ്ങളെയാകട്ടെ കാൺമാനില്ല. കുരങ്ങന്മാരെല്ലാം ഞാറവൃക്ഷത്തിൽ ഒരു ലങ്കാമർദ്ദനം നടത്തുന്നതായി കണ്ടു. വല്ലാതെ ഭയപ്പെട്ടു. കടുവയുടെ കൈയിൽ അവരിൽ അല്പായുസുകാരായ എത്രപേർ അകപ്പെട്ടു എന്ന് തീർത്തും പറയുവാൻ നിവൃത്തയില്ല. എങ്കിലും അരഡസനിൽ കുറയുകയില്ല.
അല്പനേരം അവിടെ വിശ്രമിച്ചതിനുശേഷം വീണ്ടും യാത്ര ആരംഭിച്ചു. ഒരുവിധം മനഃസമാധാനത്തോടുകൂടി അടുത്ത വളവിലേക്ക് തിരിഞ്ഞപ്പോൾ കുരങ്ങന്മാർ ഇരുന്ന മറ്റൊരു വൃക്ഷച്ചുവട്ടിൽ മേൽപോട്ട് നോക്കി വായും പൊളിച്ചിരുന്നതായ വേറൊരു വ്യാഘ്ര തലവന്റെ സമീപത്തിൽ അകപ്പെട്ടതും ഒന്നായി കഴിഞ്ഞു. ഞാനും കടുവയുമായി റോഡിന്റെ വീതിയുടെ മുക്കാൽ ഭാഗം മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. ആ രംഗം ഇപ്പോഴും വിറയലോടു മാത്രം ഓർക്കുവാനേ കഴിയൂ. ഉടലിന് ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്ന ഉഗ്രനായ ആ വ്യാഘ്രം തീക്കനൽ പോലെ ജ്വലിച്ചുകൊണ്ടിരുന്ന കണ്ണുകൾ എന്നിൽ നിന്നും എടുക്കാതെ ചീറ്റിക്കൊണ്ട് ഒന്നുരണ്ട് ചുവടുകൾ പിറകോട്ട് വച്ച് താഴെ കൊക്കയിലേക്ക് ചാടി മറയുകയാണ് ചെയ്തത്. ചപലനായ വാനരത്താനെ പിടിക്കാൻ ബുദ്ധിപ്രയോഗം നടത്തിയ വ്യാഘ്രത്തിന് ഈ കെ.സി.യെ കൈകാര്യം ചെയ്യാൻ ബുദ്ധിമോശം വരാനുള്ള ഹേതു എന്തെന്ന് മനസിലായില്ല. മൃഗങ്ങളിൽ ഊളന്റെ കൗശലത്തെ കുറിച്ച് മാത്രമേ കേട്ടിട്ടുള്ളൂ. പക്ഷേ അന്നത്തെ സംഭവത്തിന് ശേഷം മനസിലായി ബുദ്ധിപ്രയോഗത്തിൽ കടുവയും ഒട്ടും പിന്നോക്കമല്ലെന്ന്." ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ വനസഞ്ചാരങ്ങളിൽ വിവരിച്ച കെ.സി. നമ്മിൽ നിന്നും പിരിഞ്ഞിട്ട് 51 വർഷമാകുന്നു.
(ലേഖകന്റെ ഫോൺ : 9846041267)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |