വയറ്റിൽ നാണയം കുടുങ്ങിയാൽ മാത്രം മരണമുണ്ടാകില്ലെന്ന് പൊലീസ് സർജൻ
ആലുവ: മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച മൂന്നുവയസുകാരൻ പൃഥ്വിരാജിന്റെ ഉള്ളിൽ നിന്ന് കണ്ടെത്തിയത് രണ്ട് നാണയങ്ങൾ. എന്നാൽ വയറ്റിൽ നാണയം കുടുങ്ങിയാൽ മാത്രം ആരും മരിക്കാൻ സാദ്ധ്യതയില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. ടോമി പൊലീസിനോട് പറഞ്ഞു. നാണയങ്ങൾ കടന്നുപോയ ആമാശയത്തിനോ കുടലുകൾക്കോ മുറിവുകളുണ്ടായിട്ടില്ല. നാണയങ്ങൾ രണ്ടും ചേർന്നാണിരുന്നത്. ഇവയെ വൻകുടലിന്റെ അറ്റത്താണ് കണ്ടെത്തിയത്.
വിദഗ്ദ്ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ കാക്കനാട് ലാബിന് കൈമാറി. അത് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. വേഗത്തിൽ റിപ്പോർട്ട് കിട്ടുന്നതിനായി ചീഫ് കെമിക്കൽ എക്സാമിനർക്ക് കത്ത് നൽകിയെന്ന് ബിനാനിപുരം സി.ഐ വി.ആർ. സുനിൽകുമാർ 'കേരളകൗമുദി"യോട് പറഞ്ഞു.
പോസ്റ്റുമോർട്ടത്തിൽ വയറ്റിൽ നിന്ന് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളാണ് കണ്ടെത്തിയത്. ഒരു രൂപ തുട്ട് വിഴുങ്ങിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. ആലുവ ജില്ലാ ആശുപത്രിയിലെ എക്സറേയിലും ഒരു നാണയമാണ് വ്യക്തമായത്. വീടിന്റെ ജനലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന നാണയമാണ് വിഴുങ്ങിയത്.
ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനിയുടെ മകനാണ് പൃഥ്വിരാജ്. നന്ദിനിയിൽ നിന്ന് പൊലീസ് പ്രാഥമിക മൊഴിയെടുത്തു. ആലുവ ജില്ലാ ആശുപത്രിയിലെത്തി പത്തുമിനിറ്റിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് നന്ദിനി മാദ്ധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയത്. എന്നാൽ കുഞ്ഞിനെ വീണ്ടും രാവിലെ കൊണ്ടുവരുമ്പോൾ മരിച്ചിരുന്നെന്നാണ് ആലുവ ജില്ലാ ആശുപത്രി അധികൃതരുടെ വാദം. ഇന്നലെ രാവിലെ 10 നാണ് പോസ്റ്റുമോർട്ടം ആരംഭിച്ചത്. 11.45ഓടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊല്ലം പരവൂരിൽ മുത്തശ്ശിയുടെ വീട്ടു വളപ്പിൽ വൈകിട്ട് സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |