രാജ്യത്തെ അഭിമാന സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ ഡോ.ആശാ കിഷോറിന്റെ കാലാവധി നീട്ടി നൽകിയ തീരുമാനം അട്ടിമറിക്കാൻ ചിലർ നടത്തുന്ന നീക്കങ്ങൾക്ക് അധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ള ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ പിൻബലം ലഭിച്ചത് അത്യന്തം ദൗർഭാഗ്യകരമെന്നേ പറയാനാവൂ.
ശ്രീചിത്രയെ വലിയ വളർച്ചയിലേക്ക് മുന്നോട്ടു നയിക്കുന്ന ഡയറക്ടറെ തികഞ്ഞ സ്ഥാപിത താത്പര്യവും വ്യക്തിവിരോധവും മൂലം നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി ഒഴിവാക്കാൻ നടത്തുന്ന നീക്കം ഈ സ്ഥാപനത്തെ തകർക്കുമെന്നും നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികൾക്ക് ആത്യന്തികമായി അത് ദോഷം ചെയ്യുമെന്നും പ്രത്യേകിച്ച് പറയേണ്ടതില്ല.
ദേശീയപ്രാധാന്യമുള്ള സ്വയംഭരണാവകാശ സ്ഥാപനമായ ശ്രീചിത്രയുടെ നിയമനാധികാരം പാർലമെന്റ് ആക്ട് പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിലെ ബഹുഭൂരിപക്ഷ തീരുമാനപ്രകാരമാണ് ഡോ. ആശാകിഷോറിന് അടുത്ത അഞ്ചു വർഷത്തേക്ക് കൂടി ഡയറക്ടർ പദവിയിൽ കാലാവധി നീട്ടിനൽകിയത്. കഴിഞ്ഞ മാസം 15 ന് അവർ വീണ്ടും ചുമതലയേൽക്കുകയും ചെയ്തിരുന്നു.
എന്നാൽ പദവിയും അധികാരവും മറ്റു ചില താത്പര്യങ്ങളും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഒരു വിഭാഗം ആൾക്കാർ ഡയറക്ടറെ പുറത്താക്കാൻ പല കുതന്ത്രങ്ങളും മെനഞ്ഞുവരികയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ബോഡി കാലാവധി നീട്ടി നൽകിയ ഉത്തരവിന് , കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടെ അനുമതി നേടിയിട്ടില്ലെന്നും അതിനാൽ സാധുതയില്ലെന്നുമുള്ള വാദമാണ് ഇക്കൂട്ടർ ഉയർത്തിയത്. ശാസ്ത്ര സാങ്കേതിക വകുപ്പിലെ ചില ഉന്നതരുടെ പിന്തുണ കൂടിയായതോടെ ആ നീക്കങ്ങൾക്ക് വേഗം കൂടി. എന്നാൽ പ്രമുഖ ശാസ്ത്രജ്ഞനും നീതി ആയോഗ് അംഗവും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ പ്രസിഡന്റുമായ വി.കെ.സാരസ്വത് ഈ വാദങ്ങളുടെയെല്ലാം മുന ഒടിക്കുന്ന മറുപടി നൽകിയെങ്കിലും കുത്തിത്തിരുപ്പുകാർ വെറുതെയിരുന്നില്ല.
ഡയറക്ടർ പദവിയെ സംബന്ധിച്ച ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നിരിക്കെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് എല്ലാം തങ്ങളുടെ വരുതിയിൽ വരുത്താനാണ് കുത്സിത പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നവരുടെ നീക്കം. കേരള ഹൈക്കോടതി തന്നെ ഇത്തരം പരാതികളിലൊന്നിൽ 2013 ൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിക്ക് ഇൻസ്റ്റിറ്റൂട്ട് ബോഡിക്കുമേൽ അധികാരമില്ലെന്ന് നിസ്സംശയം വ്യക്തമാക്കിയിരുന്നു.
ആശാ കിഷോർ ഡയറക്ടർ സ്ഥാനത്തു നിന്നു മാറിയാൽ എല്ലാമായി എന്നു കരുതുന്നവർ അന്താരാഷ്ട്ര മെഡിക്കൽ ഉപകരണലോബിയുടെ കൈകളിലെ വെറും ചരടുകൾ മാത്രമാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. ശ്രീചിത്ര കൈവരിച്ച അഭൂതപൂർവമായ നേട്ടങ്ങൾ തങ്ങളുടെ കച്ചവട താത്പര്യങ്ങളെയാണ് ബാധിക്കുന്നതെന്ന് നന്നായിട്ടറിയാവുന്ന ആ ലോബി ശക്തമായി തന്നെ ഇതിനു പിന്നിൽ നിലയുറപ്പിച്ചിട്ടുമുണ്ട്.
സ്ഥാപക ഡയറക്ടർ ഡോ. എം.എസ്. വല്യത്താനുശേഷം ശ്രീചിത്ര ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത് കഴിഞ്ഞ അഞ്ചുവർഷക്കാലയളവിലാണെന്ന് തിരിച്ചറിയാൻ പാഴൂർപടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല. കണക്കുകൾ തന്നെ അതിനുള്ള തെളിവ് നൽകുന്നുണ്ട്. ലോകത്തെയാകെ ഗ്രസിച്ച കൊവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ശ്രീചിത്ര നടത്തിയ കണ്ടുപിടിത്തങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രശംസനേടിയിരുന്നു. കൊവിഡ് -ആർ.എൻ.എ എക്സ്ട്രാക്ഷൻ കിറ്റ് , കൊവിഡ് എക്സാമിനേഷൻ ബൂത്ത്, സ്വാബ് കളക്ഷൻ ബൂത്ത് എന്നിവ ഇവയിൽ ചിലതുമാത്രം. ഡോ.ആശാ കിഷോറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് 37 പുതിയ ഗവേഷണ പദ്ധതികളാണ് ശ്രീചിത്രയിൽ ആരംഭിച്ചത്.
മൂന്ന് വർഷത്തിനിടെ 18 പുതിയ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ പേറ്റന്റിനായി 84 ഉം വിദേശ പേറ്റന്റിനായി എട്ടും അപേക്ഷകൾ സമർപ്പിച്ചു. 24 ഡിസൈനുകളും രജിസ്റ്റർ ചെയ്തു.12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യു.എസ് പേറ്റന്റുകളും ശ്രീചിത്രയ്ക്ക് ലഭിച്ചു.
പ്രതിഭയും യോഗ്യതയും മാനദണ്ഡമായിട്ടെടുത്താണ് ഡയറക്ടർ ആശാ കിഷോറിന്റെ കാലാവധി നീട്ടിക്കൊടുത്തത്. അദ്ധ്യാപനം,ഗവേഷണം, ചികിത്സ എന്നീ മൂന്ന് രംഗങ്ങളിലും ആശാകിഷോറിനെപ്പോലെ മികവ് പ്രകടമാക്കുന്നവർ അത്യപൂർവമാണ്. ഇന്ത്യയ്ക്ക് അന്തർദ്ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാവുന്ന ഒരു ശാസ്ത്രജ്ഞ കൂടിയാണവർ. ഇങ്ങനെയൊരാളെയാണ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഘോരഘോരം വാദിക്കുന്ന ഈ കാലത്ത് പടിയിറക്കിവിടാൻ ചിലർ മത്സരിക്കുന്നത്.
ശ്രീചിത്രയുടെ പ്രഥമ വനിതാ ഡയറക്ടർക്കു നേരിടേണ്ടി വരുന്ന ഈ ദുരനുഭവങ്ങൾ പുതിയ തലമുറയിലെ മിടുക്കികളായ പെൺകുട്ടികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര സർക്കാർ ആലോചിക്കേണ്ടിയിരിക്കുന്നു.ആത്മാർത്ഥതയും അർപ്പണബോധവും കഠിനാദ്ധ്വാനവും കഴിവും യോഗ്യതയാക്കി പിന്നാക്ക സമുദായത്തിൽ നിന്ന് വളർന്നുവന്ന ഒരു സ്തീയെയാണ് അപമാനിച്ചിറക്കി വിടാൻ നോക്കുന്നത്. ഇത് ഗൗരവമായി കാണാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരനും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും ഉടൻ തയ്യാറാകേണ്ടിയിരിക്കുന്നു. അതിന് വൈകുന്ന ഓരോ നിമിഷവും സത്യത്തിന്റെയും നീതിയുടെയും പരാജയത്തിനാകും വഴിയൊരുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |