കെ.എസ്.ആർ.ടി.സിയുടെ കഷ്ടകാലം പണ്ടേ തുടങ്ങിയതാണ്. അതിനൊപ്പമാണ് ഇപ്പോൾ കൊവിഡ് കൂടി എത്തിയത്. കൊവിഡ് കോർപ്പറേഷനെ വല്ലാതെ ഉലച്ചു തുടങ്ങിയപ്പോഴാണ് തലപ്പത്ത് ബിജു പ്രഭാകറിനെ സർക്കാർ നിയോഗിക്കുന്നത്. നിലവിൽ സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി കൂടിയായ ബിജു പ്രഭാകറിന് അധിക ചുമതലയായാണ് എം.ഡി സ്ഥാനം നൽകിയത്. കെ.എസ്.ആർ.ടി.സി സാരഥിയായി ഒന്നരമാസം പിന്നിട്ട ബിജു പ്രഭാകറിന്റെ മനസിൽ കോർപ്പറേഷന്റെ ഉന്നതിക്കായുള്ള നിരവധി പദ്ധതികളുണ്ട്. ടീം വർക്കിലൂടെയാണ് കോർപ്പറേഷനെ മുന്നോട്ടു കൊണ്ടു പോവുകയെന്ന് അദ്ദേഹം 'കേരളകൗമുദി"ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
''ഞാൻ ഏതു വകുപ്പിൽ ചെന്നാലും ഒരു ടീമിനെ കിട്ടും. ആ സ്ഥാപനം നന്നാകണമെന്ന് ആഗ്രഹിക്കുന്ന അതിനു വേണ്ടി കഠിനപ്രയത്നം നടത്തുന്നവർ സമീപിക്കും. ലോട്ടറി വകുപ്പിലും മെഡിക്കൽ സർവീസ് കോർപ്പറേഷനിലും ഫുട് സേഫ്ടിയിലും എൻ.ആർ.എച്ച്.എമ്മിലും കൃഷിവകുപ്പിലും നല്ല ടീമിനെ കിട്ടി. ഇവിടേയും 45 ദിവസം കൊണ്ട് നല്ല ടീമിനെ കിട്ടി. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ എന്റെ കൈയിൽ മരുന്നുണ്ട്. ഒരു പാക്കേജ് തയ്യാറാക്കി വരികയാണ് . വിശദാംശങ്ങൾ പിന്നീട് അറിയിക്കാം. രാജമാണിക്യവും ഹേമചന്ദ്രൻ സാറും തച്ചങ്കരി സാറുമൊക്കെ നിരവധി നല്ല കാര്യങ്ങൾ തുടങ്ങിവച്ചിട്ടുണ്ട്. അത് പൂർത്തിയാക്കണം. ചില കാര്യങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതെല്ലാം പരിഹരിക്കേണ്ടതുണ്ട്.
പൊതുവേ കെ.എസ്.ആർ.ടി.സിക്ക് എന്നും കഷ്ടകാലമാണ്. അതിനൊപ്പം ഇപ്പോൾ കൊവിഡും. ഈ പ്രതിസന്ധിയിൽ നിന്നൊരു മോചനം സാദ്ധ്യമാണോ?
കൊവിഡ് കാരണം 24 ഡിപ്പോകൾ പൂട്ടിയിട്ടിരിക്കുകയാണ്. സർക്കാർ സഹായമില്ലാതെ മുന്നോട്ടു പോകാൻ സാദ്ധ്യമല്ല. വണ്ടികളെല്ലാം ഓടിക്കൊണ്ടിരുന്നപ്പോൾ മാസം 190 കോടി രൂപയാണ് കിട്ടിയിരുന്നത്. അതിൽ 125 കോടി രൂപ ഡീസലിനു പോകും, 28 കോടി രൂപ ബാങ്ക് കൺസോർഷ്യത്തിനു പോകും. ഏഴ് കോടി രൂപയുടെ സ്പെയർപാർട്സും മൂന്നു കോടി രൂപയുടെ ഇൻഷ്വറൻസും വേണ്ടി വരും. 75 കോടി രൂപ വേണം സ്ഥിരം ജീവനക്കാർക്ക് ശമ്പളം നൽകാൻ. ഇതു കൂടാതെ ആറ് കോടി രൂപ താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകണം. 986 വണ്ടി കട്ടപ്പുറത്തിരിക്കുകയാണ്. ഇതാണ് അവസ്ഥ.
കുറച്ചുനാളായി ജീവനക്കാർക്ക് 64 കോടി രൂപ മാത്രമേ ശമ്പളമായി നൽകി വന്നിരുന്നുള്ളൂ. ബാക്കിയുള്ള റിക്കവറി ഒന്നും അടച്ചിരുന്നില്ല. നിരവധി പേരുടെ വീട് ജപ്തി ചെയ്യുന്ന സാഹചര്യം വന്നുചേർന്നു. അടയ്ക്കേണ്ടവയിൽ കുറച്ചു തുക അടച്ച് ആ പ്രശ്നം താത്കാലികമായി പരിഹരിച്ചു.
ഇപ്പോൾ സർവീസ് കുറവാണ്. 200 താഴെ ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. ശമ്പളത്തിനു മാത്രമേ സർക്കാർ സഹായം ലഭിക്കുന്നുള്ളൂ. സർക്കാർ സഹായം കൊണ്ട് ശമ്പളം വിതരണം ചെയ്ത് എത്രകാലം മുന്നോട്ടു പോകാൻ കഴിയും എന്നതാണ് മുന്നിലുള്ള ചോദ്യം. സുശീൽഖന്ന റിപ്പോർട്ട് ഉണ്ട്. ആ റിപ്പോർട്ട് ലഭിച്ചത് 2019ലാണ്. അത് നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു. പോസിറ്റീവായിട്ടുള്ള പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇത് നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് എല്ലാവർക്കും ബോദ്ധ്യമായിട്ടുണ്ട്. ഡീസലിന്റെ വില കൂടുന്നത് പ്രശ്നമാണ്. സർക്കാർ ഇക്കൊല്ലം നൂറു കോടി രൂപ കൂടി തരും. അതിൽ 17 കോടി രൂപ കമ്പ്യൂട്ടർവത്കരണത്തിനാണ്.
ഇലക്ട്രിക്കൽ ബസുകൾ നിരത്തിലിറക്കാൻ പദ്ധതിയുണ്ടോ?
കിഫ്ബിയിൽ നിന്നും പണം ലഭ്യമാക്കിക്കൊണ്ട് കൂടുതൽ ഇലക്ട്രിക്കൽ ബസുകൾ വാങ്ങുന്നതിന് സർക്കാരിന്റെ അനുവാദം കിട്ടിയിട്ടുണ്ട്. പക്ഷേ ഇതുവരെ തീരുമാനമായിട്ടില്ല. സി.എൻ.ജി ബസുകളും ഇലക്ട്രിക് ബസുകളും വേണ്ടി വരും. ഡീസൽ ബസിനെ അപേക്ഷിച്ച് ലാഭമാണ്. മറിച്ചുള്ള കണക്കുകൾ പൊള്ളയാണ്. കാലത്തിന് അനുസരിച്ച് മാറേണ്ടി വരും.
ചാർജ് വർദ്ധനവ് കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് നേട്ടമുണ്ടാകുമോ?
വരുമാന വർദ്ധനവ് ഉണ്ടാകും. പക്ഷേ, ഡീസൽ വില കൂടുമ്പോൾ ചെലവ് വീണ്ടും കൂടും. ബസ് ചാർജിൽ ഓരോ തവണ വർദ്ധനവ് ഉണ്ടാകുമ്പോഴും ബസിനെക്കാൾ ലാഭം ബൈക്കിൽ പോകുന്നതാണെന്നു കരുതി ബൈക്കിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടും. ഇപ്പോൾ കൊവിഡ് കാലത്തും അത് സംഭവിക്കുന്നു. ചാർജ് വർദ്ധനവ് പ്രതിസന്ധിക്ക് പരിഹാരമാർഗമല്ല. മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിലെ ഗതാഗതത്തെ താരതമ്യം ചെയ്യാനാകില്ല.
ഇരുചക്രവാഹനങ്ങളിലേക്കു പോയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരാനാണ് ബസ് ഓൺ ഡിമാൻഡ് എന്ന പദ്ധതി കൊണ്ടു വന്നത്. തിരുവനന്തപുരത്ത് തുടങ്ങിയപ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ആയത്. പാലക്കാട് നടപ്പിലാക്കിയപ്പോൾ വിജയമായിരുന്നു.
താത്കാലിക ജീവനക്കാരെ അവഗണിക്കുന്നതായും അവർക്ക് വേതനം നൽകുന്നില്ലെന്നും ആക്ഷേപം ഉണ്ടല്ലോ?
ലോക്ക് ഡൗണിനു ശേഷം മൂന്നു മാസം താത്കാലികക്കാർക്കും വേതനം നൽകാനാണ് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നത്. അതനുസരിച്ച് അവർക്ക് വേതനം കൊടുത്തു. താത്കാലികക്കാരെ കൊണ്ടു ജോലി ചെയ്യിച്ചിട്ട് സ്ഥിരം ജീവനക്കാർ വീട്ടിലിരിക്കുന്നത് ശരിയല്ല. 42 കോടി രൂപ പ്രതിമാസം നഷ്ടം സഹിച്ചാണ് കോർപ്പറേഷൻ പോകുന്നതെന്ന് അറിയേണ്ടതുണ്ട്.
പഴയ ബസുകൾ ഷോപ്പുകളാക്കുന്ന പദ്ധതി വിജയിക്കുമോ?
അതിപ്പോൾ ക്ലിക്കായി കഴിഞ്ഞു. മിൽമയുമായി എഗ്രിമെന്റായി. തമ്പാനൂരിലും കിഴക്കേകോട്ടയിലും ഓരോന്നു വീതം. രണ്ടുലക്ഷം വീതം ഡെപ്പോസിറ്റ്, 20,000 വാടക. അഞ്ച് കൊല്ലം ഒരു ബസ് ഇങ്ങനെ വാടകയ്ക്ക് കൊടുത്താൽ 12 ലക്ഷം കിട്ടും. ആക്രിവിലയ്ക്ക് ബസ് വിറ്റാൽ ഒന്നര ലക്ഷമാണ് കിട്ടുന്നത്. എല്ലാ ജില്ലകളിലും ആരംഭിക്കും. മത്സ്യഫെഡ്, കുടുംബശ്രീ എന്നിവരും വാടകയ്ക്ക് എടുക്കാൻ കരാറായി.
എല്ലാ പരിഷ്കാരങ്ങളും ഇടിച്ചു നിൽക്കുന്നത് യൂണിയൻകാരുടെ എതിർപ്പിലാണ് എന്നൊരു പേരുദോഷം നേരത്തെയുണ്ട്. ഈ കുറച്ചുനാളുകൊണ്ട് എന്താണ് ഇക്കാര്യത്തിൽ മനസിലാക്കിയത്?
അവരെ കുറ്റം പറയാൻ കഴിയില്ല. 2012 മുതൽ അവർക്ക് ശമ്പള വർദ്ധനവ് ഇല്ല. 2016 മുതൽ അവരുടെ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് കൊടുത്തിട്ടില്ല. അവർ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലോൺ അടച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ട് അതു ചെയ്തിട്ടില്ല. അവർക്ക് കിടന്നുറങ്ങാൻ ശരിയായ സ്ഥലമില്ല. അവർക്ക് നാലുകൊല്ലമായിട്ട് യൂണിഫോം കൊടുത്തിട്ടില്ല. ഇങ്ങനെ നിരവധി പ്രശ്നങ്ങളുണ്ട്. അവർക്കു കൂടി അനുകൂലമായ പരിഷ്കാരങ്ങളാകും കൊണ്ടു വരിക. ബസ് വാങ്ങുന്നതിന് കിഫ്ബിയിൽ നിന്നും പണം ലഭിക്കും. പക്ഷേ ഇതു സംബന്ധിച്ച കരാർ പരിഷ്കരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംഘടനകളുടെ അഭിപ്രായവും തേടും. അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |