ഇന്ത്യ ഇന്ന് സമകാലീന ചരിത്രത്തിൽ അവിസ്മരണീയമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. അയോദ്ധ്യയിൽ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കുകയാണ്. അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന്റെ പ്രക്രിയയിൽ ഏറ്രവും വലിയ നാഴികക്കല്ലാണിത്. വർഷങ്ങളായി അയോദ്ധ്യ ഒരു തർക്കബിന്ദുവായിരുന്നു. രാഷ്ട്രീയവും നിയമപരവുമായ ഒട്ടേറെ തർക്കങ്ങൾ നടന്നു. ഒടുവിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഇതിന് ശാശ്വത പരിഹാരം കണ്ടെത്തി.
ശ്രീരാമൻ മതപരമായ അർത്ഥത്തിൽ ഹിന്ദുക്കളുടെ പ്രതീകങ്ങളിലൊന്നായിരിക്കാം. എന്നാൽ അതിലുപരി നൂറ്രാണ്ടുകളായി നാം പിന്തുടരുന്ന സംസ്കാരത്തിന്റെ മാനബിന്ദുക്കളിലൊന്നാണ് രാമൻ. പലപ്പോഴും ദേശീയ മുഖ്യധാരയോട് വിട്ടുനിൽക്കാറുള്ള കേരളത്തിനും രാമനെ ഒഴിച്ചു നിറുത്താനാവില്ല. കേരളത്തിൽ പലയിടത്തും രാമന്റെ ജീവിതയാത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കാണാം. രാമന്റെ പാദസ്പർശമേറ്റ പാറകൾകാണാം. ഇന്ത്യയിൽ എല്ലായിടത്തും രാമന്റെ പാദസ്പർശമേറ്ര, രാമന്റെ യാത്രയെ ഓർമ്മിപ്പിക്കുന്ന, രാമനാമം ധ്വനിപ്പിക്കുന്ന സ്ഥലങ്ങൾ കാണാം. ജടായുപ്പാറയും സീതത്തോടും ഒക്കെ ചില ഉദാഹരണങ്ങൾ മാത്രം. രാമായണം ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ളതുപോലെ മലയാളിക്കുമുണ്ട്. അദ്ധ്യാത്മ രാമായണം.
രാമജന്മഭൂമിയെക്കുറിച്ചുള്ള തർക്കങ്ങളിലേക്കിനി കടക്കുന്നതിൽ അർത്ഥമില്ല.
സംഘടിത മതവോട്ടിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന സങ്കുചിത വീക്ഷണത്തോടെയുള്ള നടപടികളാണ് ഇവിടെ മതേതരത്വത്തിന്റെ തകർച്ചയ്ക്ക് കാരണമായത്. ഷാബാനു കേസിൽ കോടതി വിധി മറികടന്ന് മതമൗലിക വാദികൾക്ക് കീഴടങ്ങാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തയ്യാറാവരുതായിരുന്നു. അത് വോട്ടുബാങ്കിനെ ഭയന്നായിരുന്നു. അതിനെ തുലനാവസ്ഥയിൽ എത്തിക്കാൻ മാത്രമായിരുന്നു രാമക്ഷേത്രത്തിന് അനുകൂലമായി നിലപാട് എടുത്തത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പാർട്ടി ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. കമ്മ്യൂണിസ്റ്ര് പാർട്ടികളും ഇക്കാര്യത്തിൽ അന്തരീക്ഷം പരമാവധി വഷളാക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. മതേരത്വത്തെക്കുറിച്ച് വിശദമായ ചർച്ച നടത്താനും നാം ഈ അവസരത്തിൽ തയ്യാറാവേണ്ടിയിരിക്കുന്നു. മതേതരത്വമെന്നാൽ എല്ലാ മതങ്ങളെയും നിഷേധിക്കലോ വോട്ടിന് വേണ്ടി ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കലോ ആവരുത്.
(ലേഖകൻ ഡൽഹി കേന്ദ്രീകരിച്ച മാർക്കറ്രിംഗ് വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |