കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികൾ 20 തവണയായി 200 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തി. 2019 നവംബറിനും 2020 ജനുവരിക്കുമിടയിലാണ് 100 കോടിയിലധികം മൂല്യമുള്ള സ്വർണക്കടത്തു നടത്തിയത്.
യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങാനുള്ള തുക ഹവാല ഇടപാടുകളിലൂടെയാണ് കൈമാറിയത്. സ്വർണക്കടത്തിനു പിന്നിൽ വലിയൊരു ശൃംഖലയുണ്ട്. 14 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. കള്ളക്കടത്തിലൂടെ ലഭിച്ച പണം പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾക്കു ഫണ്ടു ചെയ്തതായി സംശയമുണ്ട്. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കാനുള്ള നീക്കമാണ് ഇവർ നടത്തിയത്. വൻതോതിലുള്ള സ്വർണക്കടത്തിലൂടെ പ്രതികൾ സമാന്തര സാമ്പത്തികസംവിധാനം ഉണ്ടാക്കാനാണ് ശ്രമിച്ചത്. മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യംചെയ്യണമെന്ന് എൻ.ഐ.എ സ്വപ്നയുടെ ജാമ്യഹർജിയിൽ കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ പറയുന്നു.
സ്വപ്ന സുരേഷ്
ബംഗളൂരുവിൽനിന്ന് പിടിയിലാകുമ്പോൾ സന്ദീപ് നായരുടെ ബാഗിൽനിന്ന് സ്വപ്നയുടെ പേരിൽ തിരുവനന്തപുരത്തെ വിവിധ ബാങ്കുകളിലുള്ള അരക്കോടിയിലേറെ രൂപയുടെ നിക്ഷേപരേഖകൾ കണ്ടെത്തി. നേരത്തെ സ്വപ്നയുടെ ലോക്കറുകളിൽ നിന്നായി ഒരുകോടി രൂപയും ഒരുകിലോ സ്വർണവും കണ്ടെത്തിയിരുന്നു. കള്ളക്കടത്തിൽ നിന്നുള്ള വരുമാനം സരിത്തിലൂടെയാണ് സ്വപ്ന കൈപ്പറ്റിയിരുന്നത്. നയതന്ത്ര ബാഗിൽ സ്വർണമുണ്ടായിരുന്നെന്ന് സ്വപ്നയ്ക്ക് അറിയാമായിരുന്നു. ബാഗ് പിടികൂടുമെന്നായപ്പോൾ യു.എ.ഇയിലേക്ക് തിരിച്ചയയ്ക്കാൻ വ്യാജരേഖചമച്ചു. 2019 ജൂൺമുതൽ നടത്തിവന്ന സ്വർണക്കടത്തിനെക്കുറിച്ചും സ്വപ്നയ്ക്ക് അറിയാമായിരുന്നു. വൻ വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചിട്ടില്ല.
സന്ദീപ് നായർ
റമീസിന്റെ പങ്ക് വെളിപ്പെടുത്തിയത് സന്ദീപാണ്. തിരുവനന്തപുരത്തെത്തിക്കുന്ന സ്വർണം സരിത്തിൽനിന്ന് ഏറ്റുവാങ്ങി റമീസിന് നൽകിയിരുന്നത് സന്ദീപാണ്. സ്വപ്ന, സരിത്ത് എന്നിവരുമായി അടുത്തബന്ധമുണ്ട്. സ്വപ്നയുടെ വസതിയിലെ സ്ഥിരം സന്ദർശകനായിരുന്നു. റമീസ് നിർദേശിക്കുന്ന ആളുകൾക്ക് സ്വർണമെത്തിച്ചു നൽകിയിട്ടുണ്ട്. സ്വർണക്കടത്തിൽ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ട്.
കെ.ടി. റമീസ്
ജൂൺ 30ന് സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് പിടികൂടുമ്പോൾ റമീസ് തിരുവനന്തപുരത്ത് സ്വപ്നയുടെ ഫ്ളാറ്റിലുണ്ടായിരുന്നു. എയർകാർഗോയിൽനിന്ന് വിട്ടുകിട്ടുന്ന ബാഗ് ഏറ്റുവാങ്ങാനാണ് അവിടെയെത്തിയിരുന്നത്. മുമ്പ് സ്വർണക്കടത്തു കേസുകളിലും വന്യമൃഗവേട്ടക്കേസിലും പ്രതിയാണ്. സന്ദീപിനൊപ്പം തിരുവനന്തപുരത്ത് മൂന്നരക്കിലോ സ്വർണംകടത്തിയ കേസിൽ ശിക്ഷിച്ചിരുന്നു. കോഴിക്കോട് എയർപോർട്ടുവഴി 17 കിലോ സ്വർണം കടത്തിയ കേസിലും പ്രതിയാണ്. മുഖ്യസൂത്രധാരൻ.
സന്ദീപിന്റെ ബാഗിൽനിന്ന് കണ്ടെടുത്തത്
സിംകാർഡുകൾ, ലാപ്ടോപ്പ്
8034 യു.എസ് ഡോളറുകൾ
711.5 ഒമാൻ റിയാൽ
12.5 ലക്ഷംരൂപ ഫെഡറൽബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകൾ
പൂവാർ സഹകരണബാങ്കിലെ 25.5 ലക്ഷം രൂപയുടെ നിക്ഷേപരേഖ
മുട്ടത്ര സഹകരണബാങ്കിലെ 10 ലക്ഷത്തിന്റെ നിക്ഷേപരേഖ
തിരുവനന്തപുരം ആക്സിസ് ബാങ്കിലെ എട്ടുലക്ഷത്തിന്റെ നിക്ഷേപം
രണ്ട് ബാങ്ക് ലോക്കർകീകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |