തിരുവനന്തപുരം: നിരാലംബർക്ക് സഹായാശ്വാസമെത്തിക്കാൻ പിണറായി സർക്കാർ നാല് വർഷത്തോളം മുമ്പ് രൂപം നൽകിയ ജനസാന്ത്വന ഫണ്ട് പദ്ധതി വഴിപാടായി മാറി.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ട് നടത്തിയ ജനസമ്പർക്ക പരിപാടിക്ക് ബദലായി , പരമാവധി പേർക്ക് സഹായാശ്വാസമെത്തിക്കാൻ 2016 ഒക്ടോബർ 31നാണ് ജനസാന്ത്വന ഫണ്ട് പദ്ധതിക്ക് ഈ സർക്കാർ രൂപം നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി ആറ് വരെ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകൾ 3,48,650. സഹായം ലഭിച്ചവരുടെ എണ്ണം വട്ടപ്പൂജ്യം.
പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവും വിധം പുനക്രമീകരിക്കുന്നതിന്റെ പേരിൽ ഫയൽ ധനകാര്യ വകുപ്പിൽ കുരുക്കിയിട്ടതാണ് പദ്ധതി സ്തംഭിപ്പിച്ചത്. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ ഓഫീസുകളിലും ജില്ലാ കളക്ടറേറ്റുകളിലും.സ്വീകരിച്ച അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടത് ധനകാര്യ വകുപ്പിലെ ഫണ്ടിംഗ് വിഭാഗമാണ് . അർഹതാ മാനദണ്ഡങ്ങൾ പുനക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്നാണ് 2018ലും 2019ലും നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി.
വൃദ്ധർ, മാറാരോഗികൾ, സാമ്പത്തികപ്രശ്നങ്ങളാൽ വഴിമുട്ടിയവർ, പീഡനങ്ങളേൽക്കേണ്ടി വന്നവർ, പുറമ്പോക്കിൽ താമസിക്കുന്നവർ എന്നിവരുടെ സമാശ്വാസ പുനരധിവാസം, അങ്കണവാടികൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയുടെ പുനർനിർമ്മാണം മുതലായ ആവശ്യങ്ങൾക്ക് ധനസഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിക്ക് സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷണൽ ട്രസ്റ്റിൽ നിന്ന് 2016 ൽ പതിനായിരം രൂപ സംഭാവനയും ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മറ്റൊരു സ്വപ്നപദ്ധതിയാണ് ധനവകുപ്പിന്റെ അലംഭാവം മൂലം ആലസ്യത്തിലായത്.
"ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മുഖ്യമന്ത്രി ഇപ്പോൾ ഫയൽ അദാലത്ത് നടത്തുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ജനസാന്ത്വന ഫണ്ട് പദ്ധതിയുടെ അവസ്ഥ പരിശോധിച്ചാൽ ഇത് വ്യക്തമാകും. "
- രമേശ് ചെന്നിത്തല,
പ്രതിപക്ഷനേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |