ന്യൂഡൽഹി: രാമൻ ഒരിക്കലും അനീതിക്കൊപ്പമുണ്ടാകില്ലെന്നും ക്രൂരത കാണിക്കുകയില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാലെയാണ് രാഹുൽഗാന്ധി തന്റെ അഭിപ്രായം രേഖപ്പെടുത്തി ട്വിറ്ററിൽ എത്തിയത്.
'രാമൻ സ്‌നേഹമാണ്, ഒരിക്കലും വിദ്വേഷം തോന്നില്ല. രാമൻ കാരുണ്യമാണ്, ഒരിക്കലും ക്രൂരത കാണിക്കാൻ കഴിയില്ല. രാമൻ നീതിയാണ്, ഒരിക്കലും അനീതിയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല' എന്നായിരുന്നു രാഹുൽഗാന്ധിയുടെ ട്വീറ്റ്. ഇന്നലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്കഗാന്ധി രംഗത്തെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
കമൽനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചത് കോൺഗ്രസിനകത്ത് തന്നെ വലിയ ആഭ്യന്തര കലഹങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പാർട്ടി സ്വീകരിച്ച നിലപാടിനോട് കോൺഗ്രസിനകത്ത് പല നേതാക്കൾക്കും അമർഷമുണ്ട്. പ്രീയങ്കയെ ന്യായീകരിച്ച് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല കൂടി രംഗത്തെത്തിയതിന് ശേഷമാണ് ശ്രീരാമ സ്‌തുതിയുമായി രാഹുൽഗാന്ധിയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |