തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യപ്രതി ബിജുലാലിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. യൂസർ ഐ.ഡിയും പാസ്‌വേഡും തനിക്ക് നൽകിയത് മുൻ ട്രഷറി ഓഫീസറാണെന്നാണ് ബിജു ലാലിന്റെ മൊഴി. കമ്പ്യൂട്ടർ ഓഫാക്കാനാണ് ഇവ രണ്ടും നൽകിയത്. ഒരു ദിവസം ട്രഷറി ഓഫീസർ നേരത്തെ വീട്ടിൽ പോയപ്പോഴാണ് കമ്പ്യൂട്ടർ ഓഫാക്കാനായി തനിക്ക് യൂസർ നെയിമും പാസവേഡും നൽകിയതെന്നാണ് ബിജുലാൽ പറയുന്നത്. മാർച്ച് മാസത്തിലായിരുന്നു സംഭവമെന്നാണ് മൊഴി.
ട്രഷറി ഓഫീസർ അവധിയിൽ പോയശേഷം ഏപ്രിലിൽ പണം പിൻവലിച്ചു. ആദ്യം 75 ലക്ഷവും പിന്നീട് രണ്ട് കോടി രൂപയുമാണ് പിൻവലിച്ചത്. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാൻ സഹോദരിക്ക് അഡ്വാൻസ് നൽകിയെന്നും പിന്നെ ഭാര്യയ്ക്ക് സ്വർണവും വാങ്ങിയെന്നും ബിജുലാൽ പൊലീസിനോട് പറഞ്ഞു. അതിനുശേഷം ബാക്കി പണം ചീട്ടുകളിക്കാൻ ഉപയോഗിച്ചെന്നാണ് ബിജുലാലിന്റെ മൊഴി.
അതേസമയം പാസ്‌വേഡ് താനാണ് നൽകിയതെന്ന മൊഴി ട്രഷറി ഓഫീസർ ഭാസ്‌ക്കരൻ നിഷേധിച്ചു. പാസ്‍വേഡ് താൻ ബിജുവിന് നൽകിയിട്ടില്ലെന്ന് പറഞ്ഞ മുൻ ട്രഷറി ഓഫീസർ കമ്പ്യൂട്ടർ ഓഫാക്കണമെങ്കിൽ ചുമതലപ്പെടുത്തുക അഡ്മിനിസ്ട്രേറ്ററെയാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ മാസം മുതൽ താൻ ട്രഷറിയിൽ നിന്ന് പണം മോഷ്ടിച്ചിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു.
നാലു ദിവസം മുങ്ങിനടന്ന ബിജുലാൽ ഇന്ന് രാവിലെയാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫിസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് ബിജുലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ പാസ്‍വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പു നടത്തിയാതാകാമെന്നുമാണ് ബിജു ലാൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |