കൊവിഡിനോട് പൊരുതുമ്പോഴും മറുവശത്ത് തിരഞ്ഞെടുപ്പാണ് അമേരിക്കയിലെ മുഖ്യസംസാരവിഷയം. സ്ഥാനാർത്ഥികളുടെ പ്രായവും നിലപാടുകളും അപ്രതീക്ഷിതമായി വന്ന കൊവിഡും അതിന്റെ പ്രതിരോധവും മുതൽ നാക്കുളുക്കി വീഴുന്ന പദപ്രയോഗങ്ങൾ വരെ ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്...
അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കുള്ള അങ്കത്തിന് ഇനി 100ൽ താഴെമാത്രം ദിവസങ്ങളേയുള്ളൂ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മത്സരിക്കും എന്ന് ഉറപ്പായതോടെ മത്സരചിത്രം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഇനി പോരിനുള്ള സമയമാണ്. നാക്കിന് ഒരുതരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാത്ത ട്രംപ് ഒരുവശത്തുള്ളതുകൊണ്ട് വാർത്താതലക്കെട്ടുകൾക്ക് പഞ്ഞമുണ്ടാകില്ലെന്നാണ് സംസാരം. തുടർച്ചയായി ലോകപൊലീസിന്റെ നായകത്വം വഹിച്ച് വൈറ്ര് ഹൗസിലിരിക്കാമെന്ന ട്രംപിന്റെ മോഹങ്ങൾക്ക് പൂട്ടുവീഴുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
എതിരാളികളുടെ വ്യക്തിപരമോ ആരോഗ്യപരമോ ആയ ചില കാര്യങ്ങൾ ഉയർത്തിക്കാട്ടി അവരെ ആക്ഷേപിക്കുന്നത് ട്രംപിന്റെ ശൈലിയാണ്. 2016ലെ തിരഞ്ഞെടുപ്പ് വേളയിൽ തനിക്കെതിരെ മത്സരിച്ച ഹിലരി ക്ലിന്റണിനെ ട്രംപ് ആക്ഷേപിച്ചത് ക്രൂക്കഡ് ഹിലരി അഥവാ കുതന്ത്രക്കാരി, വഞ്ചകി എന്നൊക്കെ വിളിച്ചാണ്. പിന്നെ വംശീയതയും വിദ്വേഷവും സമാസമം കൂട്ടിക്കലർത്തുമ്പോൾ ഭൂരിപക്ഷം വരുന്ന വെളുത്തവംശജർ കൂടെ നിൽക്കുമെന്ന ആത്മവിശ്വാസവും ട്രംപിനുണ്ട്. ഇത്തവണയും അത്തരത്തിൽ എതിരാളിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങളുമായി ട്രംപ് ഇറങ്ങിത്തിരിച്ചിട്ടുണ്ട്. മാത്രമല്ല, എച്ച് വൺ ബി വിസയിലുൾപ്പടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി രാജ്യത്തെ പൗരന്മാരെ കൈയിലെടുക്കാനുള്ള ശ്രമവും നടത്തുന്നു.
എതിർസ്ഥാനാർത്ഥി ജോ ബൈഡനെ ഡൊണാൾഡ് ട്രംപ് വിളിക്കുന്നതു 'സ്ലീപി ജോ' എന്നാണ്. അതായത് ഉറക്കംതൂങ്ങി ജോ. എവിടെയെങ്കിലുമിരുന്ന് ഉറക്കം തൂങ്ങിയതു കൊണ്ടൊന്നുമല്ല ട്രംപ് ബൈഡനെ അങ്ങനെ വിളിക്കുന്നത്. എട്ടുവർഷം വൈസ് പ്രസിഡന്റും അതിനുമുമ്പ് 36 വർഷം യു.എസ് സെനറ്ററുമായിരുന്ന ബൈഡനെ ട്രംപ് ഉറക്കം തൂങ്ങിയെന്നു വിളിക്കുന്നതു വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. യു.എസ് നായകപദവി പോലുള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം ശാരീരികവും മാനസികവുമായി അയോഗ്യനാണെന്നു വരുത്തിത്തീർക്കുകയാണ് ലക്ഷ്യം. ബൈഡന്റെ പ്രായമാണ് ഇതിന് ട്രംപ് ആയുധമാക്കുന്നത്. 77 വയസാണ് ബൈഡനിപ്പോൾ. നവംബറിലെ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ 78 ആകുകയും ചെയ്യും. ജയം ബൈഡനാണെങ്കിൽ, ഇത്രയും ഉയർന്ന പ്രായത്തിൽ ആദ്യതവണ അമേരിക്കയുടെ പ്രസിഡന്റാകുന്ന റെക്കാഡ് അദ്ദേഹത്തിന്റെ പേരിൽത്തന്നെയാകും. എന്നാലിവിടെ ട്രംപിന് തിരിച്ചടിയാവുക സ്വന്തം പ്രായംതന്നെയാകും. 74 വയസാണ് ട്രംപിന്. ബൈഡനേക്കാൾ വെറും നാലുവയസ് വ്യത്യാസം. വീണ്ടും ജയിക്കുകയാണെങ്കിൽ രണ്ടാംതവണ പ്രസിഡന്റാകുന്ന ഏറ്റവും പ്രായംചെന്ന വ്യക്തിയാവുകയും ചെയ്യും. അതുകൊണ്ട് പ്രായവും കാര്യശേഷിയും കോർത്തിണക്കിക്കൊണ്ടുള്ള ആക്ഷേപരീതി ട്രംപ് തുടർന്നേക്കില്ല. മാത്രമല്ല, രാജ്യത്തെ വൃദ്ധരുടെ വോട്ടുകൾ ചോരാനും അതുമതി. പ്രസിഡന്റ് കുപ്പായം കീറലുകൾ തുന്നി പാകംവരുത്തി വച്ചിരിക്കുന്ന ഒരാൾ സ്വന്തം കുഴി തോണ്ടില്ലല്ലോ!
റിപ്പബ്ളിക്കൻ പാർട്ടിയുടെ കോട്ടകളായി അറിയപ്പെടുന്ന ചില സംസ്ഥാനങ്ങളിൽപോലും ട്രംപ് ഏറെ പിന്നിലാണെന്നാണ് സർവേ റിപ്പോർട്ടുകൾ. വാഷിംഗ്ടൺ പോസ്റ്റ് പത്രവും എബിസി ന്യൂസ് ടിവി ചാനലുംകൂടി നടത്തിയ അഭിപ്രായ സർവേയിൽ കണ്ടത് ബൈഡൻ 15 പോയിന്റ് വരെ മുന്നിലെത്തിയതാണ്. ഇംപീച്ച്മെന്റ് നീക്കമുൾപ്പടെ ട്രംപിന് തിരിച്ചടിയായിരുന്നെങ്കിലും രാജ്യത്തെ സാമ്പത്തികഭദ്രതയും തൊഴിലില്ലായ്മയുടെ ഗണ്യമായ കുറവും ട്രംപിനെ സേഫ് സോണിലാക്കിയിരുന്നു. അത് കുറച്ചുമാസങ്ങൾക്കുമ്പായിരുന്നു. എന്നാലിപ്പോൾ അതല്ല സ്ഥിതി. ചൈനയിൽ നിന്നെത്തിയ കൊവിഡ് മഹാമാരിയും അതുണ്ടാക്കിയ നാശനഷ്ടങ്ങളും അതിനെ നേരിടുന്നതിൽ ട്രംപിനുണ്ടായ പാളിച്ചകളുമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. രാജ്യത്തെ കൊവിഡ് രോഗികൾ ഏതാണ്ട് 50 ലക്ഷമായി. മരണസംഖ്യയും കയറുപൊട്ടിച്ചോടുകയാണ്. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും നിയന്ത്രണാതീതമായിക്കഴിഞ്ഞു. അപ്പോഴും മാസ്ക് വേണ്ടെന്ന് പറയുന്ന, ഗോൾഫ് കളിച്ചുല്ലസിക്കുന്ന, നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്ന, വ്യാജ, വിദ്വേഷ പരാമർശങ്ങൾ തുടർച്ചയായി നടത്തുന്ന പ്രസിഡന്റ് വൻവിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. അപ്പോഴും ട്രംപ് പറയുന്നത് തനിക്കെതിരെയുള്ള വാർത്തകളെല്ലാം വ്യാജമാണെന്നാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥികൾക്കെതിരെ അഴിമതി മുതൽ ലൈംഗികാരോപണങ്ങൾ വരെ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ, ട്രംപിന്റെ ബലഹീനതകളെക്കുറിച്ച്, കുടുംബത്തകർച്ചകളെക്കുറിച്ച് അടുത്തിടെ രണ്ടുപേർ എഴുതിയ പുസ്തകങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു. അതിലൊരാൾ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടനും മറ്റൊരാൾ ട്രംപിന്റെ സഹോദരപുത്രി മേരി ട്രംപുമായിരുന്നു. 'ലോകത്തിൽ വച്ചേറ്റവും അപകടകാരിയായ മനുഷ്യനെ എന്റെ കുടുംബം സൃഷ്ടിച്ചത് എങ്ങനെ?' എന്നാണ് മേരിയുടെ പുസ്തകത്തിന്റെ ഉപശീർഷകം തന്നെ. നിയമപരമായും അല്ലാതെയും ഈ പുസ്തകങ്ങൾ പുറത്തിറങ്ങാതിരിക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചെങ്കിലും, പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ മേരിയുടെ പുസ്തകം വിറ്റുപോയത് ലക്ഷക്കണക്കിന് കോപ്പികളാണ്.
ബൈഡനെ കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്നുവെന്നാണ് സർവേ ഫലങ്ങളെങ്കിലും തിരഞ്ഞെടുപ്പിനൊടുവിൽ അത് എത്രകണ്ട് ഫലംചെയ്യുമെന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴിൽ എട്ടുവർഷം വൈസ് പ്രസിഡന്റും അതിനുമുമ്പ് 36 വർഷം സെനറ്റ് അംഗവുമായിരുന്ന ബൈഡൻ പൊതുവെ സ്ത്രീപക്ഷവാദിയെന്നാണ് അറിയപ്പെടുന്നത്. നിരവധി വനിതാക്ഷേമ നിയമനിർമാണത്തിൽ അദ്ദേഹം ഭാഗമായിട്ടുമുണ്ട്. എന്നാൽ, അദ്ദേഹം തങ്ങളെ ലൈംഗികമായി ശല്യപ്പെടുത്തുകയോ ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന വിധത്തിൽ പെരുമാറുകയോ ചെയ്തിരുന്നുവെന്ന കുറ്റപ്പെടുത്തലുമായി അരഡസനോളം സ്ത്രീകൾ ഇതിനോടകം മുന്നോട്ടുവന്നിട്ടുണ്ട്.
അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതു പ്രധാനമായും താര റീഡ് എന്ന 56കാരിയാണ്. 27 വർഷംമുമ്പ് ബൈഡൻ, ഡെലാവർ സംസ്ഥാനത്തു നിന്നുള്ള സെനറ്റർ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു താര. 1993 ൽ സെനറ്റ് ഹാളിന്റെ ബേസ്മെന്റിലൂടെ ഇരുവരും നടന്നുപോകുമ്പോൾ ബൈഡൻ പെട്ടെന്നുനിന്നു തനിക്ക് അനിഷ്ടകരമായ വിധത്തിൽ തന്റെ ശരീരത്തിൽ സ്പർശിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ, ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുക മാത്രമല്ല, അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുമുണ്ട് ബൈഡൻ.
താൻ പ്രസിഡന്റായാൽ, തന്റെ റണ്ണിംഗ് മേറ്റ് അഥവാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ കൊണ്ടുവരിക ഒരു സ്ത്രീയെ ആയിരിക്കുമെന്നാണ് വിവരം. ഒരുഡസനോളം വനിതകൾ അദ്ദേഹത്തിന്റെ പരിഗണനാ പട്ടികയിലുണ്ട്. ഇന്ത്യൻ വംശജയായ കമലാ ഹാരിസ് മുതൽ കറുത്ത വർഗക്കാരിയായ സൂസൻ റൈസ് വരെ അക്കൂട്ടത്തിലുണ്ട്. ഇതുവരെ അമേരിക്കയിൽ ഒരു സ്ത്രീ പ്രസിഡന്റ് പദവിയിലെത്തിയിട്ടില്ല. കഴിഞ്ഞതവണ ഹിലരി ക്ലിന്റൺ സ്ഥാനാർത്ഥിയായെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല. എന്നാലിത്തവണ ബൈഡനാണ് പ്രസിഡന്റെങ്കിൽ വൈസ് പ്രസിഡന്റായി എത്തുക ഒരു സ്ത്രീയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |