കവി ഭാവനയിൽ കറുത്ത പെണ്ണിന് ഏഴഴകാണ്. പാട്ടുകളിലും കവിതകളിലും എത്രയോ കറുത്ത പെണ്ണ് കൂടു കൂട്ടിയിട്ടുണ്ട്. പക്ഷേ, ജീവിതത്തിൽ പലപ്പോഴും അതല്ല സ്ഥിതി. ഇരുണ്ട നിറത്തിന്റെ പേരിൽ ജീവിതം ഇരുട്ടിലായിപ്പോയ ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും. ക്രൂരമായ ഇത്തരം തമാശകളും പെരുമാറ്റവും ഗുരുതരമായ കുറ്റമാണെന്ന് കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ജൂണിലെ ഒരു വിധിയിലൂടെ വ്യക്തമാക്കിയിരുന്നു. കറുത്ത നിറത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ മാനസികമായി പീഡിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെയും വീട്ടുകാർക്കെതിരെയും വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവച്ചാണ് ജസ്റ്റിസ് സഹിദുള്ള മുൻഷി, ജസ്റ്റിസ് സുഭാസിസ് ദാസ് ഗുപ്ത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കറുത്ത നിറത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുന്നതും അവഹേളിക്കുന്നതും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498 എ (ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരത) യുടെ പരിധിയിൽ വരുമെന്ന് കൊൽക്കത്ത ഹൈക്കോടതി നിസംശയം വ്യക്തമാക്കി.
കറുത്ത പെണ്ണിനൊരു
കൊലക്കയർ
1997 സെപ്തംബർ 16 നാണ് കൊല്ലപ്പെട്ട യുവതിയും മസിദുൾ മിയ്യ എന്ന പ്രതിയും വിവാഹിതരായത്. 11,000 രൂപയും വെള്ളിയാഭരണങ്ങളും ഒരു ഹീറോ സൈക്കിളുമായിരുന്നു സ്ത്രീധനം. കറുത്ത നിറമുള്ള പെണ്ണിനെ കല്യാണം കഴിഞ്ഞെത്തിയ നാൾ മുതൽ ഭർതൃവീട്ടുകാർ പരിഹസിച്ചിരുന്നു. ഒപ്പം മസിദുൾ മിയ്യയും കൂടി ചേർന്നതോടെ യുവതി മാനസികമായി ആകെ തളർന്നു. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഇവർ യുവതിയെ വീടിനോടു ചേർന്നുള്ള തൊഴുത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീർന്നില്ല, കറുത്ത നിറത്തിന്റെ പേരിൽ കിട്ടുന്ന അവസരങ്ങളിലൊക്കെ അപമാനിക്കാനും തുടങ്ങി. ഭർത്താവ് ഇവരെ സൈക്കിൾ ചെയിൻ കൊണ്ടു മർദ്ദിക്കുന്ന സ്ഥിതിയുണ്ടായി. സ്വന്തം വീട്ടിലെത്തിയപ്പോഴെല്ലാം യുവതി താൻ നേരിടുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. എന്നാൽ നിർദ്ധനരായ ഇൗ കുടുംബം ഒക്കെ ശരിയാവുമെന്ന് സമാധാനിപ്പിച്ച് ഒാരോ തവണയും ഭർതൃ വീട്ടിലേക്ക് തിരിച്ചയച്ചു. 1998 ജൂൺ 11 ന് ഇതേപോലെ തിരിച്ചയച്ച മകളുടെ മരണവാർത്തയാണ് ഒമ്പതു ദിവസത്തിനുശേഷം ആ കുടുംബം കേട്ടത്. ഒരു മുഴം കയറിൽ യുവതി ജീവനൊടുക്കിയെന്നായിരുന്നു വാർത്ത. പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിറത്തിന്റെ പേരിൽ യുവതി നേരിട്ട പീഡന കഥകൾ പുറത്തു വന്നത്. കറുത്ത നിറമുള്ള ഭാര്യയെ ഒഴിവാക്കി പുതിയ വിവാഹം കഴിക്കുമെന്ന് മസിദുൾ മിയ്യ ഭീഷണിപ്പെടുത്തിയിരുന്നു. മസിദുൾ മിയ്യയെയും പിതാവിനെയും മാതാവിനെയും കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൗ കുറ്റങ്ങൾ ശരിവച്ച് വിചാരണക്കോടതി മൂവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ വന്നപ്പോൾ പ്രതികൾ കഥമാറ്റിയെഴുതി. യുവതിക്ക് ഒരു കാമുകനുണ്ടായിരുന്നു. അയാളുമൊത്ത് ജീവിക്കാൻ വിടാതെ വീട്ടുകാർ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചു. ഒടുവിൽ ആഗ്രഹിച്ച ജീവിതം കിട്ടാത്ത യുവതി ആത്മഹത്യ ചെയ്തു. അതിന്റെ പേരിൽ തങ്ങളെ ക്രൂശിക്കരുത്. ഇതായിരുന്നു പ്രതികളുടെ വാദം. എന്നാൽ ഡിവിഷൻ ബെഞ്ച് ആരോപണങ്ങൾക്ക് ചെവി കൊടുത്തില്ല. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കുകയോ കൂടുതൽ പണം നൽകാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയടക്കമുള്ള കുറ്റങ്ങൾ ഇതിനാൽ നിലനിൽക്കില്ലെന്നും പ്രതികൾ വാദിച്ചു. ഇതിനിടെ മസിദുൾ മിയ്യയുടെ പിതാവ് മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിട്ടില്ലെങ്കിലും കറുത്ത നിറത്തിന്റെ പേരിൽ പീഡനം നേരിടേണ്ടി വന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498 എ പ്രകാരം കുറ്റകരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇൗ വകുപ്പനുസരിച്ച് മിയ്യയ്ക്കും അമ്മയ്ക്കും വിധിച്ച ശിക്ഷ ശരിവച്ചു.
നിറമാണ് പ്രശ്നം
നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ലോകമെങ്ങും ഹാഷ്ടാഗ് പ്രതിഷേധങ്ങളും കലാപങ്ങളും കനക്കുന്ന കാലമാണ്. 1998 ൽ നടന്ന സംഭവത്തിനു കാരണം കറുത്ത നിറമാണെന്ന് തിരിച്ചറിയാൻ നമുക്ക് 22 വർഷം വേണ്ടി വന്നു. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി വന്നത് കഴിഞ്ഞ ജൂൺ 25 നാണ്. ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി തങ്ങളുടെ ജനപ്രിയ ഉത്പന്നത്തിന്റെ ഫെയർ ആൻഡ് ലൗലി എന്ന ബ്രാൻഡ് നെയിമിൽ നിന്ന് ഫെയർ എന്ന വാക്ക് ഉപേക്ഷിക്കാൻ തീരുമാനമെടുത്തതും ജൂൺ 25 നാണ്. എന്തൊരു യാദൃശ്ചികതയാണെന്ന് നോക്കൂ. നിറങ്ങളോടുള്ള ഇഷ്ടം വ്യത്യസ്തമാണ്. കറുപ്പായാലും വെളുപ്പായാലും ജീവിക്കാനുള്ള അവകാശം ഒരുപോലെയാണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങളുടെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ പോരാട്ടങ്ങൾക്ക് ഉൗർജ്ജം പകരുന്നതായിരുന്നു രണ്ടു തീരുമാനങ്ങളും. ആരാണ് ഫെയർ ? ആരാണ് ലൗലി എന്നത് കാഴ്ചപ്പാടുകളുടെ പ്രശ്നമാണ്. ഇതിന്റെ പേരിലുള്ള പീഡനങ്ങൾ മാനസിക രോഗമാണ്. കഴിഞ്ഞയാഴ്ച അന്തരിച്ച കവി ലൂയിസ് പീറ്റർ എഴുതിയ രണ്ടു വരി ഇതോടൊപ്പം ചേർത്തു വയ്ക്കുന്നു :
കൊക്ക് കുളിക്കാതിരുന്നാൽ കാക്കയാവില്ല
കറുപ്പ് കഴുകിക്കളയേണ്ട ഒരു നിറവുമല്ല...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |