മാർക്സിസ്റ്റ് പാർട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധത്തെക്കുറിച്ച് ഒരു പുറത്തിൽ കവിയാത്ത ഒരു ഉപന്യാസമെഴുതുക എന്ന ഒരു ചോദ്യം പി.എസ്.സി പരീക്ഷയ്ക്ക് വന്നാൽ ഉദ്യോഗാർത്ഥി എന്തെഴുതും?
എന്തായാലും പി.എസ്.സി അങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പോകുന്നില്ല എന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലാത്തവർ പറയും. പക്ഷേ ഒരു ഉദ്യോഗാർത്ഥിക്ക് അത് മുഖവിലയ്ക്കെടുക്കാനാവില്ല. അയാളുടെ ജീവന്മരണ പ്രശ്നമാണ് പരീക്ഷ. അതിനാൽ ഇങ്ങനെ ഒരു ചോദ്യം അഥവാ കോൺഗ്രസ് അംഗങ്ങൾക്ക് ഭൂരിപക്ഷം വരുന്ന സന്ദർഭത്തിൽ പി.എസ്.സി ചോദിക്കാമെന്ന് കരുതി ഇതിനും ഉത്തരം എഴുതി പഠിച്ചേ പറ്റൂ.
പല അബദ്ധങ്ങളും പാർട്ടിക്ക് പറ്റിയിട്ടുണ്ട്. പക്ഷേ ഏതാണ് ഏറ്റവും വലിയ അബദ്ധം? ശരിയായ ഉത്തരം എഴുതിയില്ലെങ്കിൽ വിലപ്പെട്ട അഞ്ച് മാർക്കാവും നഷ്ടപ്പെടുന്നത്. അതുവഴി എൻ.ജി.ഒ യൂണിയനിൽ അംഗമാകാനുള്ള വിലപ്പെട്ട അവസരവും.
ആർക്കും ഇനിയും മനസിലായിട്ടില്ലാത്ത അമേരിക്കയുടെ ആണവ കരാറിൽ ഇന്ത്യ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് യു.പി.എ സർക്കാരിന്റെ പിന്തുണ പിൻവലിച്ച പ്രകാശ് കാരാട്ടിന്റെ തീരുമാനം ചരിത്രപരം എന്ന് പാർട്ടി വിശേഷിപ്പിക്കുന്നതിനാൽ മണ്ടത്തരം എന്ന് നമ്മൾ എങ്ങനെ എഴുതും.
പാർട്ടിക്ക് പറ്റിയ ഏറ്റവും വലിയ ഹിമാലയൻ ബ്ളണ്ടർ ഒരിക്കൽ ജ്യോതിബാസുവിന് കിട്ടുമായിരുന്ന പ്രധാനമന്ത്രി പദവി വേണ്ടെന്ന് വച്ചതാണെന്ന് അഭിമുഖത്തിൽ സമ്മതിച്ചില്ലെങ്കിലും രഹസ്യ സംഭാഷണത്തിൽ കോടിയേരി വരെ സമ്മതിക്കാൻ സാദ്ധ്യതയുള്ളതാണ്. ഇ.എം.എസാണ് ആ അവസരം വെട്ടിയതെന്ന് ബംഗാളിലെ ചില പുരാതന പാർട്ടി കടുവകൾ വിശക്കുന്ന സന്ദർഭങ്ങളിൽ മാത്രം മുറുമുറുക്കാറുണ്ട്.
ലോകത്ത് പല നാടുകളിലും വിപ്ളവങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിട്ടുണ്ട്. പക്ഷേ ബാലറ്റ് പെട്ടി എന്ന മധുര മനോഹര മനോജ്ഞമായ പെട്ടിയിലൂടെ പാർട്ടി അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ നാട് കേരളമാണ്. അതിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം. എസും. ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ജ്യോതിബാസുവിന്റെ റെക്കാഡാവും ഓർമ്മിക്കപ്പെടുക. അത് ഇ.എം.എസിന് ഇഷ്ടപ്പെടാത്തതുകൊണ്ട് വെട്ടിയെന്നാണ് അസൂയാലുക്കളായ കോൺഗ്രസുകാർ അന്ന് പ്രചരിപ്പിച്ചത്. ഗൗരിഅമ്മയെ ഉൾപ്പെടെ പലരെയും വെട്ടിയിട്ടുള്ള ആളാണ് ഇ.എം.എസ് എന്ന് അരിയാഹാരം കഴിക്കുന്ന നമ്മൾ മലയാളികൾക്ക് അറിവുള്ളതാണല്ലോ.
പക്ഷേ യോഗക്ഷേമ സഭയുടെ സെക്രട്ടറിയായിരുന്ന ആളാണ് പിന്നീട് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത് എന്ന പേരിൽ ഇ.എം.എസിനെ വിമർശിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. അന്ന് തന്റെ മുന്നിൽ കണ്ടിരുന്ന അനാചാരങ്ങളെ എതിർക്കാൻ അതേ ഉണ്ടായിരുന്നുള്ളൂ വഴി. അത് സ്വീകരിച്ചു. അത്രേ ഉള്ളൂ.
അതുപോലെയല്ല എസ്.ആർ.പി എന്ന എസ്. രാമചന്ദ്രൻപിള്ളയുടെ കാര്യം. സംഘിയായി തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം പാർട്ടിയിലേക്ക് വന്നത് എന്ന കാര്യം ആർ.എസ്.എസിലെ തലമുതിർന്ന ചില നേതാക്കൾക്കല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടായിരുന്നു. ദേശീയത്വത്തിൽ നിന്ന് സാർവ്വദേശീയതയിലേക്കുള്ള പരിണാമമാണ് അത് എന്നൊക്കെ എസ്. ആർ.പി വിശദീകരിക്കുന്നുണ്ടെങ്കിലും തീവ്രമുതലാളിത്വത്തിനെതിരെ ധീരപോരാട്ടം തുടരുന്ന എം.എ. ബേബിമാർ പോലും അത് വിശ്വസിച്ച മട്ടില്ല.
ഹൈദരാബാദിൽ വച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാകാൻ ഒന്ന് ശ്രമിക്കാതിരുന്നില്ല എസ്.ആർ.പി. ബംഗാൾ കടുവകൾ മുറുമുറുത്തതുകൊണ്ടാണോ എന്നറിയില്ല എന്തായാലും അത് നടന്നില്ല. ഇനി വൈകിയ വേളയിൽ ഒരു മുഖ്യമന്ത്രി ആകാനുള്ള എന്തെങ്കിലും ആഗ്രഹം അദ്ദേഹത്തിൽ പൊട്ടിമുളച്ചിട്ടുണ്ടോ? എങ്കിൽ അത് മുളയിലേ നുള്ളാനാവില്ലേ കോടിയേരി ചെന്നിത്തലയുടെ അച്ഛന്റെ റൂട്ട് മാപ്പ് പുറത്തെടുത്തത്. ചെന്നിത്തലയുടെ സ്ഥലമായ മാവേലിക്കരയും എസ്.ആർ.പിയുടെ സ്ഥലമായ കായംകുളവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ചെന്നിത്തലയ്ക്ക് വയ്ക്കുന്ന വെടിയുടെ കട്ടപ്പുക ഉയരുന്നത് കായംകുളത്തു നിന്നാകും എന്ന് അറിഞ്ഞുകൊണ്ടാണോ ആ വെടി വച്ചത്.
എന്തായാലും ഏറ്റ ആപ്പായിപ്പോയി. ഉചിതമായ സമയത്ത് ഇത്രയും അനുചിതമായ ഒരു നടപടി പാർട്ടി സെക്രട്ടറിയിൽ നിന്നുണ്ടാകുമെന്ന് എസ്.ആർ.പി 'സ്വപ്ന'ത്തിൽ പോലും വിചാരിച്ചുകാണില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |